![]() |
Courtesy |
ഒരു പൂച്ചയുടെ വികൃതി വിളയാട്ടം കാരണം വിമാന സർവീസ് മുടങ്ങിയത് രണ്ട് ദിവസം.റോമില്‍നിന്ന് ജര്‍മനിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാത്രാതടസ്സം നേരിട്ടത്. റോമില്‍നിന്ന് പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിനകത്ത് പൂച്ചയെ കണ്ടെത്തുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐറിഷ് വ്യോമയാന കമ്പനിയായ റൈന്‍എയറിന്റെ വിമാനമാണ് ഒരു പൂച്ചകാരണം സര്‍വീസ് നിര്‍ത്തിവെയ്ക്കേണ്ടി വന്നത്.
വയറുകള്ക്കിടയിലടക്കം പൂച്ച കയറിക്കിടന്നിരുന്നു. ഇതോടെ മെയിന്റനന്‍സ് ജീവനക്കാരെത്തി നിരവധി പാനലുകള്‍ നീക്കം ചെയ്താണ് വിമാനം യാത്രായോഗ്യമാക്കിയത്. കറുപ്പും വെളുപ്പും നിറമുള്ള പൂച്ചയാണ് വിമാനത്തില്‍ പ്രവേശിച്ചത്. പൂച്ചയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പൂച്ചയെ വളരെ ശ്രമകരമായാണ് പുറത്തിറക്കിയത്. ക്രൂ അംഗങ്ങള്‍ അടുത്തെത്തുമ്പോഴേക്കും പൂച്ച ഓരോ സ്ഥലത്തുനിന്നും മറ്റിടങ്ങളിലേക്ക് എന്ന വിധത്തില്‍ ഒളിച്ചുകൊണ്ടിരുന്നു. പിന്നീട് നീണ്ട പോരാട്ടത്തിനൊടുവില്‍ പൂച്ച സ്വയംതന്നെ പുറത്തിറങ്ങിപ്പോവുകയായിരുന്നു. രണ്ടുദിവസം വിമാനം സമഗ്രമായി പരിശോധിച്ച് വേണ്ട നടപടികള്‍ ചെയ്ത ശേഷമാണ് വീണ്ടും പറന്നു തുടങ്ങിയത്.