എപ്പോള്‍ മരണപ്പെടുമെന്ന് ലൈഫ് എക്സപെക്ടന്‍സി കാല്കുലേറ്റര് എഐ കൃത്യമായി പ്രവചിക്കുമെന്നാണ് വെബ്സൈറ്റിന്റെ അവകാശവാദം.
![]() |
പ്രതീകാത്മക ചിത്രം |
പലരും ചിന്തിക്കുന്ന ഒരു കാര്യമാണ താൻ എപ്പോൾ മരിക്കുമെന്ന്, അഥവാ അതിന്റെ സമയം അറിയാൻ പറ്റിയിരുന്നെങ്കിൽ എന്ന്. പല പ്രവചനങ്ങളും നടത്തുന്ന ആൾക്കാരുണ്ട് അവരുടെ അടുക്കൽ ചെന്ന് ചോദിച്ചു കഴിഞ്ഞാൽ കാര്യം പറയും, പണവും പോവും പക്ഷേ മരിക്കും എന്ന് പറയുന്ന ദിവസം മരിച്ചില്ലെങ്കിലോ?.
Al (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) അധിഷ്ഠിതമായി ഒരാൾ എത്രനാൾ ജീവിച്ചിരിക്കുമെന്ന് ചില വിവരങ്ങൾ നൽകിയാൽ പ്രവചിക്കും എന്ന് അവകാശപ്പെടുന്ന വെബ്സൈറ്റിനെ കുറിച്ചാണ് ഇപ്പോൾ ചർച്ച, അത് അങ്ങനെയാണല്ലോ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും പുതിയതായി എന്തെങ്കിലും ഒരു വിഷയം യുക്തി രഹിതമായ സംഭവം ആണെങ്കിൽ പോലും സമൂഹമാധ്യമങ്ങളുടെ ഇക്കാലത്ത് വ്യാപകമായി പ്രചരിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വിഷയമായി മാറിയിരിക്കുകയാണ് ഈ സംഭവം.
'ഡെത്ത് ക്ലോക്ക്' എന്ന മനുഷ്യൻറെ ആയുസ്സ് പ്രവചിക്കുന്ന വെബ്സൈറ്റിലേക്ക് വിവരങ്ങൾ നൽകിയാൽ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ ആ വ്യക്തി എത്രനാൾ ജീവിച്ചിരിക്കുമെന്ന് സൗജന്യമായി അറിയാൻ കഴിയും, ഇതാണ് സംഭവം. സ്വാഭാവികമായും ഒരു കൗതുകത്തിന് ആണെങ്കിൽ പോലും മനുഷ്യന്മാർ അല്ലേ? അതിലെ ഇടിച്ചു കയറി തങ്ങളുടെ ആയുസ്സ് എത്ര നാൾ കൂടി ബാക്കിയുണ്ടെന്ന് അറിയാൻ നോക്കും.
എപ്പോൾ കാലൻ കൊണ്ടുപോകുമെന്ന് അറിയേണ്ട വ്യക്തി പ്രായം, ജനനത്തീയതി, ബോഡി മാസ് ഇന്‍ഡക്സ്, ഡയറ്റ്, പുകവലി ശീലം,വ്യായാമരീതികള്‍, എവിടെയാണ് താമസിക്കുന്നത്, ലിംഗമേതാണ് തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകി കഴിയുമ്പോൾ അവ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ഡെത്ത് ക്ലോക്ക് ആയുസ്സ് പ്രവചിക്കുന്നത്. നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി എപ്പോള്‍ മരണപ്പെടുമെന്ന് ലൈഫ് എക്സപെക്ടന്‍സി കാല്കുലേറ്റര് എഐ കൃത്യമായി പ്രവചിക്കുമെന്നാണ് വെബ്സൈറ്റിന്റെ അവകാശവാദം.
തന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആ മനുഷ്യന് ഭൂമിയിൽ അവശേഷിച്ചിരിക്കുന്ന വർഷങ്ങളും, മാസങ്ങളും, ദിവസങ്ങളും, മണിക്കൂറുകൾ മുതൽ മിനിറ്റുകളും സെക്കന്റുകളും വരെ കണക്ക് കൂട്ടും അനന്തരം മരണ തീയതി ആലേഖനം ചെയ്തിട്ടുള്ള ശവക്കല്ലറയുടെ ചിത്രം വെബ്സൈറ്റിൽ തെളിയും!
ഇനിയാണ് മുൻകൂർ ഓർമ്മപ്പെടുത്തൽ വരുന്നത്. സംഗതി ഉള്ളതാണ് എന്ന് കരുതി വെബ്സൈറ്റിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി എന്ന് വിചാരിക്കുക, പക്ഷേ അത് ആരും കാര്യമായി എടുക്കരുത് ഒരു തമാശയായി കരുതിയാൽ മതിയെന്ന് പറഞ്ഞുകൊണ്ടാണ് വെബ്സൈറ്റ് ആയുസ്സ് പ്രവചിക്കുന്നത്.
ഡെത്ത് ക്ലോക്ക് തീർത്തും സൗജന്യമായി എല്ലാവർക്കും ഉപയോഗിക്കാൻ കഴിയും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാലൻ എപ്പോൾ വരുമെന്ന് പ്രവചിക്കുന്നത് ഒരു രസമായിട്ട് കരുതിയാൽ മതിയെന്നും വെറുതെ ഒരു തമാശയ്ക്ക് വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് വെബ്സൈറ്റിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
അത്ര പെട്ടെന്ന് മരിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് വേണ്ടി വെബ്സൈറ്റ് തന്നെ ചില ഉപദേശങ്ങളും നൽകുന്നുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്തുക, ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുക, നല്ല ഉറക്കം, പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക, മികച്ച ഭക്ഷണ ക്രമീകരണം, അമിതമായ ഉത്കണ്ഠ നിയന്ത്രിക്കുക, ആരോഗ്യ പരിശോധനകൾ നടത്തുക , ആരോഗ്യകരമായ സാമൂഹ്യ ഇടപെടലുകൾ തുടങ്ങിയവയാണ് ആയുസ്സ് നിലനിർത്താൻ വെബ്സൈറ്റ് നിർദ്ദേശിക്കുന്ന മാർഗങ്ങൾ.