പ്രയത്നങ്ങൾ വിഫലം. മസ്തകത്തിൽ മുറിവേറ്റ അതിരപ്പിള്ളിയിലെ കൊമ്പൻ ചരിഞ്ഞു. മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുകയായിരുന്നു.കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവിന് ഒരു അടിയിലധികം ആഴം ഉണ്ടായിരുന്നു.
മസ്തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്ചയാണ് മയക്കുവെടിവച്ച് പിടികൂടിയത്. കോടനാട്ട് എത്തിച്ച ശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു.
മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതോടെ ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച നടത്തിയ പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ പുറത്തെടുത്തിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി ബാധിച്ചതോടെ ശ്വാസം എടുക്കാനും ആന ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണമായത്. മുറിവിലൂടെ ആനയുടെ തലയിലെ എല്ലുകൾ പോലും പുറത്തേക്ക് കാണുന്ന സ്ഥിതിയിലായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആന ചരിഞ്ഞത്.ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ.