പൊറോട്ട അല്ലെങ്കിൽ പറോട്ട മലയാളികളുടെ ദേശീയ ഭക്ഷണം എന്ന് പറയാം, അതിൻറെ കൂടെ നല്ല കന്നുകാലി ഇറച്ചിയും കൂടി ഉണ്ടെങ്കിൽ പിന്നെ...... പൊറോട്ട അല്ലെങ്കിൽ പറോട്ട മലയാളിയുടെ രുചിമുകുളങ്ങളെ ഇത്രയധികം സ്വാധീനിച്ച ഭക്ഷണം തന്നെയാണ് കറി ഒന്നുമില്ലെങ്കിലും വെറുതെയും കഴിക്കാൻ പറ്റുന്ന ഭക്ഷണം ഏത് സമയത്തും അതായത് ചൂട് ഉണ്ടെങ്കിലും ഇല്ലെങ്കിലും. പൊറോട്ട അധികം കഴിക്കരുത് എന്ന് പറയുന്നുണ്ടെങ്കിലും എല്ലാ ഭക്ഷണവും എന്തെങ്കിലുമൊക്കെ തരത്തിൽ അധികം കഴിച്ചു കഴിഞ്ഞാൽ ശരീരത്തിന് നല്ലതാവാതിരിക്കാൻ സാധ്യതയുണ്ട്.
ശരിക്കും പറഞ്ഞാൽ പൊറോട്ട ശ്രീലങ്കക്കാരൻ ആണ്, അവിടെനിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് എത്തിയതാണ് കക്ഷി. പൊറോട്ടയ്ക്ക് പല രൂപഭേദങ്ങളും നമ്മുടെ നാട്ടിലുണ്ട് കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും.
ഇനി കാര്യത്തിലേക്ക് , പൊറോട്ടയിലെ വേറിട്ട രുചി. തനി പൊറോട്ട ഫ്രൈ എന്ന ഇരട്ട പേരും. മധുര ടെമ്പിൾ സിറ്റിയുടെ ബൺ പറോട്ട. ആൾ ചില്ലറക്കാരനല്ല, 35ൻ്റെ ചെറുപ്പത്തിലാണ് പുള്ളിയിപ്പോൾ. മൂന്നര പതിറ്റാണ്ട് കൊണ്ട് ഇന്ത്യയിലാകെ ബൺ പറോട്ട നേടിയത് മിനിമം 2000 കോടി രൂപയുടെ വിറ്റ് വരവാണ്.
1991 ൽ കറുപ്പണ്ണ വിജയ ദമ്പതികളുടെ സൃഷ്ടി, അവരതിന് ബൺ പറോട്ട എന്ന് മൂന്ന് വട്ടം പേര് ചൊല്ലി വിളിച്ചു. അതോടെ ഉറങ്ങാത്ത നഗരമായ മധുര ഏറ്റെടുത്തു.നാട്ടുകാർ അർദ്ധരാത്രി തെരുവിലിറങ്ങി ബൺ പറോട്ട കഴിക്കാൻ തുടങ്ങി ദ്രാവിഡ ഭക്ഷണം അങ്ങനെ വേൾഡ് ഫെയ്മസായി.ഏഷ്യൻ രാജ്യങളാകെ ബൺ പറോട്ട മെനുവിൽ കാസിനോവയെ പോലെ തിളങ്ങി. അതേ സമയം മധുര സ്വദേശികളും വിനോദ സഞ്ചാരികളും ബൺ പറോട്ടയെ അവരുടെ ദേശീയ ഭക്ഷണമായി അംഗീകരിച്ചു. മധുരയിലെ ഹോട്ടലുകളിൽ ഏകദേശം ലക്ഷ കണക്കിന് ബൺ പറോട്ട ഒരു ദിവസം പിറക്കുന്നത്.
പൊറോട്ടകൾ തന്നെ പലവിധമുണ്ട്. കൊത്തുപൊറോട്ട, പൊരിച്ച പൊറോട്ട, ബൺ പൊറോട്ട എന്നിവ. ഇതിൽ ബൺ പൊറോട്ടയുടെ ടേസ്റ്റ് വ്യത്യസ്തമാണ്.
മധുരയിൽ നിന്നെത്തിയ കൊച്ചു പൊറോട്ട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം :
ചേരുവകൾ :
മൈദ - 2 കപ്പ്
ഉപ്പ് - പാകത്തിന്
പഞ്ചസാര - 1 ടീസ്പൂൺ
നെയ്യ് ഉരുകിയത് / ഓയിൽ - 1 ടീസ്പൂൺ
മുട്ട - ഒന്ന്( Optional)
പാൽ ചെറു ചൂടിൽ - ചപ്പാത്തി പരുവത്തിൽ കുഴക്കാൻ
തയ്യാറാക്കുന്ന വിധം:
മൈദമാവിൽ ഉപ്പ് , പഞ്ചസാര, നെയ്യ് , മുട്ട എന്നിവ ചേർത്ത് ചെറു ചൂടുള്ള പാൽ ഒഴിച്ച് മാവ് നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കുക. ചപ്പാത്തി പരുവത്തിൽ കുഴച്ച് മയത്തിൽ നല്ല പോലെ ഉരുട്ടിയെടുക്കുക. ഉരുട്ടിയ മാവ് എണ്ണ കൊണ്ട് തടവി ആ മാവ് രണ്ടു മണിക്കൂർ മൂടി വെക്കുക. നല്ല മയം ലഭിക്കാനാണ് അടച്ചു സൂക്ഷിക്കേണ്ടത്. രണ്ടു മണിക്കൂറിന് ശേഷമെടുത്ത് ചപ്പാത്തിക്കുള്ള ഉരുളകളേക്കാൾ അൽപ്പം വലിപ്പത്തിലെടുത്ത് നന്നായി ചപ്പാത്തിക്കോലിനാൽ പരത്തി സോഫ്റ്റ് ലെയർ ആക്കുക. ഇടയ്ക്ക് എണ്ണ തടവി കൊടുക്കാവുന്നതാണ്. സാധാരണ ചപ്പാത്തിപോലെ വീശിയടിക്കേണ്ട കാര്യമില്ല. ഉരുളയെടുത്ത് പരമാവധി കനം കുറച്ച് നീളത്തിൽ പരത്തിയെടുക്കുക. സാധാരണ പൊറോട്ട റോൾ ചെയ്യുന്ന പോലെ റോൾ ചെയ്തെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി മീഡിയം ഫ്ലെയിമിൽ ബൺ പൊറോട്ട ചുട്ടെടാക്കാം. ഉൾഭാഗം നന്നായി വെന്തു കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. തിരിച്ചു മറിച്ചും ഇട്ട് ക്രിസ്പി്യായി ചുട്ടെടുക്കാം