തന്റെ ഭരണകാലത്തുടനീളം പാശ്ചാത്യ രാജ്യങ്ങളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി കടുത്ത ശത്രുതയിലായിരുന്നു ഖമനേയി.
Image: Wikimedia Commons
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു(Ayatollah Ali Khamenei). ഫെബ്രുവരി 28 ശനിയാഴ്ച രാവിലെയായിരുന്നു ഈ ആക്രമണം നടന്നത്. ഖമനേയിയുടെ മരണവാർത്ത അന്നേദിവസം രാത്രിയോടെ പുറത്തുവന്നെങ്കിലും തുടക്കത്തിൽ ഇറാൻ ഇത് നിഷേധിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ഇറാൻ തന്നെ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചു. മൂന്നര പതിറ്റാണ്ടിലേറെയായി ഇറാന്റെ അവസാന വാക്കായിരുന്ന നേതാവിനെയാണ് യുഎസും ഇസ്രായേലും ചേർന്ന് ഇല്ലാതാക്കിയത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം (Iran US Israel conflict) രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകം ഏറെ ഉറ്റുനോക്കുന്ന പേരായിരുന്നു ആയത്തുള്ള അലി ഖമനേയിയുടേത്.
86 വയസ്സുകാരനായ ഈ ഇസ്ലാമിക പണ്ഡിതൻ 1989 മുതലാണ് ഇറാന്റെ പരമോന്നത നേതാവായി (Supreme Leader) ചുമതലയേറ്റത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ (Islamic revolution) നായകനായിരുന്ന ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ മരണശേഷമാണ് ഖമനേയി പരമോന്നത നേതാവിന്റെ പദവിയിലെത്തിയത്. ഇറാന്റെ സൈന്യം, നീതിന്യായ വ്യവസ്ഥ, ഗവൺമെന്റ് എന്നിവയിലൊക്കെ അന്തിമ തീരുമാനമെടുക്കാനുള്ള പരമാധികാരം അദ്ദേഹത്തിനായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ തലവൻ എന്നതിലുപരി ഒരു ആത്മീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം. തന്റെ ഭരണകാലത്തുടനീളം പാശ്ചാത്യ രാജ്യങ്ങളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി കടുത്ത ശത്രുതയിലായിരുന്നു ഖമനേയി. യുഎസിനെ ഇറാന്റെ “ഒന്നാം നമ്പർ ശത്രു” എന്നും ഇസ്രായേലിനെ തൊട്ടുപിന്നാലെയുള്ള ഭീഷണിയുമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), ബസിജ് (Basij) അർദ്ധസൈനിക വിഭാഗം എന്നിവയുടെ വിശ്വസ്തതയായിരുന്നു അദ്ദേഹത്തിന്റെ അധികാരത്തിന്റെ പ്രധാന കരുത്ത്. ഇറാന്റെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നും രാജ്യം ആണവായുധങ്ങൾ നിർമ്മിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കാറുണ്ടായിരുന്നു.
അടുത്തിടെ നടന്ന ആക്രമണങ്ങളെത്തുടർന്ന് ഖമനേയിയെ ടെഹ്റാനിൽ നിന്ന് സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കങ്ങളാണ് അമേരിക്കയും ഇസ്രായേലും നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നത് പോലെ തന്നെയാണ് ഇപ്പോൾ സംഭവിച്ചത്. ഖമനേയിയെ ഒരു “എളുപ്പത്തിലുള്ള ലക്ഷ്യം” (easy target) എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. അമേരിക്കക്കെതിരായ ശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ നേതാവായിരുന്നു ഖമനേയി. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ നിരന്തരം ശബ്ദമുയർത്താനും രൂക്ഷമായ ഭാഷയിൽ വിമർശിക്കാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. ഇറാനെ ആക്രമിച്ചാൽ മേഖലയാകെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വിളിച്ചുപറഞ്ഞ ഖമനേയി അമേരിക്കയ്ക്ക് വലിയ തലവേദനയായിരുന്നു. 47 വർഷമായി അമേരിക്കയ്ക്ക് ഇറാനെ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിങ്ങൾക്ക് ഇനി ഒരിക്കലും അത് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ പശ്ചിമേഷ്യൻ ഇടപെടലുകളും ഇറാനെതിരായ ഉപരോധങ്ങളുമാണ് ഈ കടുത്ത നിലപാടിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ആണവ വിഷയം ഉയർത്തിക്കാണിച്ച് ഖമനേയിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്നത് അമേരിക്കയുടെ ഏറെക്കാലമായുള്ള ലക്ഷ്യമായിരുന്നു. പലസ്തീൻ പോലുള്ള രാജ്യങ്ങളിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിയിൽ ഗൾഫ് രാജ്യങ്ങൾ മൗനം പാലിച്ചപ്പോഴും ഖമനേയി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. 1953-ൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുസദിഖിനെ അമേരിക്കയും ബ്രിട്ടനും ചേർന്ന് അട്ടിമറിച്ചതിന് ശേഷം മുഹമ്മദ് റെസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ അനുകൂല ഭരണകൂടമാണ് ഇറാനിലുണ്ടായത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തോടെ ഇതിന് അന്ത്യമാവുകയും റൂഹുള്ള ഖൊമേനി അധികാരത്തിൽ വരികയും ചെയ്തു. ‘ദി ഗ്രേറ്റ് സാത്താൻ’എന്നാണ് അമേരിക്കയെ ഖൊമേനി അന്ന് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം 1989-ലാണ് അലി ഖമനേയി പരമോന്നത നേതാവാകുന്നത്. പഹ്ലവി ഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന് പിന്നിലെ പ്രത്യയശാസ്ത്ര കരുത്ത് ഖൊമേനിയായിരുന്നെങ്കിൽ, ശത്രുക്കൾക്കെതിരെയുള്ള ഇറാന്റെ പ്രതിരോധമായും സൈനിക-അർദ്ധസൈനിക സംവിധാനങ്ങളെ രൂപപ്പെടുത്തിയത് ഖമനേയിയായിരുന്നു.
രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നതിനു മുമ്പ് 1980-കളിൽ ഇറാഖുമായുള്ള യുദ്ധസമയത്ത് ഖമനേയി ഇറാന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. 36 വർഷം നീണ്ട ഭരണത്തിൻ കീഴിലാണ് ഇറാൻ ശക്തമായ അമേരിക്കൻ വിരുദ്ധ ശക്തിയായി വളർന്നത്. മിഡിൽ ഈസ്റ്റിലുടനീളം സൈനിക സ്വാധീനം വ്യാപിപ്പിക്കുന്നതോടൊപ്പം ആഭ്യന്തര സംഘർഷങ്ങളെ നേരിടുന്നതിലും അദ്ദേഹം വിജയിച്ചു. ടെഹ്റാനിലെ ഔദ്യോഗിക ഓഫീസിൽ വെച്ചാണ് ഖമനേയി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. 1939 ജൂലൈ 15-ന് ഇറാനിലെ മശ്ഹദിലാണ് അലി ജവാദ് ഹുസൈനി ഖമനേയി ജനിച്ചത്. തുർക്കി വംശജനായ പണ്ഡിതൻ സയ്യിദ് ജവാദ് ഖമനേയിയാണ് പിതാവ്. മാതാവ് ഖദീജ മിർദമാദി. നാലാം വയസ്സിൽ മതപഠനം ആരംഭിച്ച അദ്ദേഹം, 18-ാം വയസ്സിൽ ഇറാഖിലെ നജാഫിലുള്ള ഷിയാ സെമിനാരിയിൽ ചേർന്നു. പിന്നീട് പിതാവിന്റെ നിർബന്ധപ്രകാരം ഇറാനിലേക്ക് മടങ്ങുകയും ഖൂമിൽ പഠനം തുടരുകയും ചെയ്തു.
ഖൂമിൽ വെച്ചാണ് ഖമനേയി ആയത്തുള്ള റൂഹുള്ള ഖൊമേനിയെ കണ്ടുമുട്ടുന്നതും ഷാ ഭരണകൂടത്തിനെതിരായ വിപ്ലവത്തിന്റെ ഭാഗമാകുന്നതും. 1960-കളിലും 70-കളിലും പലതവണ ജയിലിലായ അദ്ദേഹം സവാക്കിന്റെ കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. 1979-ൽ ഷാ പുറത്താക്കപ്പെട്ടതോടെ ഖൊമേനിയുമായുള്ള ബന്ധം ശക്തമായി. 1981- 1989 കാലയളവിൽ അദ്ദേഹം ഇറാന്റെ പ്രസിഡന്റായി. 1981-ൽ പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ നടന്ന വധശ്രമത്തിൽ അദ്ദേഹത്തിന്റെ വലതു കൈ തകർന്നുപോയി. ടേപ്പ് റിക്കോർഡർ സ്ഫോടനമാണ് നടന്നത്. 1989-ൽ ഖൊമേനിയുടെ മരണശേഷം അക്ബർ ഹാഷിമി റഫ്സഞ്ചാനിയാണ് ഖമനേയിയുടെ പേര് നിർദ്ദേശിച്ചത്. അധികാരം ഏറ്റെടുത്ത് പത്ത് വർഷത്തിനുള്ളിൽ ഐ.ആർ.ജി.സി-യെ രാജ്യത്തെ ഏറ്റവും വലിയ സൈനിക-സാമ്പത്തിക ശക്തിയായി അദ്ദേഹം വളർത്തിയെടുത്തു. ലബനൻ, ഗാസ, ഇറാഖ്, യമൻ തുടങ്ങിയ മേഖലകളിലേക്ക് വിപ്ലവ പ്രത്യയശാസ്ത്രം വ്യാപിപ്പിക്കാൻ അവർ അദ്ദേഹത്തെ സഹായിച്ചു.
പരമോന്നത നേതാവെന്ന നിലയിൽ 1997-ൽ പരിഷ്കരണവാദിയായ മുഹമ്മദ് ഖാതമി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ അധികാരത്തിന് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളി. സ്വാതന്ത്ര്യത്തിനും മാറ്റത്തിനും വേണ്ടിയുള്ള നീക്കങ്ങൾ തെരുവുകളിലെ പ്രതിഷേധങ്ങളായി മാറിയപ്പോഴെല്ലാം 1999, 2009, 2019, 2022 വർഷങ്ങളിലും കഴിഞ്ഞ രണ്ട് മാസങ്ങളിലും കടുത്ത അടിച്ചമർത്തലുകളിലൂടെയാണ് ഖമനേയി പ്രതികരിച്ചത്. 2003-ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശ സമയത്ത് ഷിയാ മിലിഷ്യകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഖുദ്സ് ഫോഴ്സിനെ അദ്ദേഹം ചുമതലപ്പെടുത്തി. 2015-ൽ ആണവ കരാറിൽ (JCPOA) ഒപ്പിട്ടതിലൂടെ പ്രായോഗിക വശവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ 2018-ൽ ട്രംപ് കരാറിൽ നിന്ന് പിന്മാറിയതോടെ അമേരിക്ക വിരുദ്ധ നിലപാട് അദ്ദേഹം കടുപ്പിച്ചു. 2025 ഡിസംബറിലുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് അവസാനമായി അദ്ദേഹം നേരിട്ട വലിയ വെല്ലുവിളി. ഇറാന്റെ ഭരണഘടന പ്രകാരം പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. 35 വർഷം ഇറാന്റെ നിർണ്ണായക ശക്തിയായിരുന്ന ഖമനേയിയുടെ അന്ത്യം മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴി തുറക്കുന്നത്.
