ട്രെന്‍ഡുകള്‍ മാറിക്കൊണ്ടിരിക്കുമ്പോളും ജനപ്രിയമായി തുടരുന്ന ഒരേയൊരു വസ്ത്രം മാത്രമേയുള്ളൂ ' ജീന്‍സ്'. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇഷ്ടപ്പെടുന്ന വസ്ത്രമാണ് ജീന്‍സ്. ഇറുകിയ ജീന്‍സ് ധരിക്കുന്നത് പുരുഷന്മാരില് വൃഷണ ക്യാന്‍സറിന് കാരണമാകുമോ എന്ന ചോദ്യം നാളുകളായി ഉയര്‍ന്ന് കേള്‍ക്കുന്നതാണ്.
ചെന്നൈയിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആന്‍ഡ് യൂറോളജിയിലെ കണ്‍സള്‍ട്ടന്റ് മൈക്രോസര്‍ജിക്കല്‍ ആന്‍ഡ്രോളജിസ്റ്റും യൂറോളജിസ്റ്റുമായ ഡോ. സഞ്ജയ് പ്രകാശ് ജെ ടൈംസ് നൗവിന് നല്കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
വൃഷണ ക്യാന്‍സര്‍ താരതമ്യേനെ അപൂര്‍വ്വമായി കാണപ്പെടുന്ന ഒന്നാണ്. പാരമ്പര്യം, ചില ജനിതക അവസ്ഥകള്‍ എന്നിവയൊക്കെ രോഗം വരുന്നതില്‍ നിർണായകമാണ്. എങ്കിലും ശാസ്ത്രീയമായ തെളിവുകളൊന്നും ഇറുകിയ ജീന്‍സുകളെ വൃഷണക്യാന്സറുമായി നേരിട്ട് ബന്ധിപ്പിക്കുന്നില്ല. ഇറുകിയ ജീന്‍സ് ക്യാന്‍സറിന് കാരണമാകുമോ എന്ന തോന്നല്‍ വ്യഷണ ആരോഗ്യത്തെക്കുറിച്ചുളള ആശങ്കകളില്‍നിന്ന് ഉണ്ടാകുന്നതാണെന്നും ഡോക്ടർ പറയുന്നു.
ഇറുകിയ ജീന്‍സ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ :
ക്യാന്‍സര്‍ സാധ്യത കുറവാണെങ്കിലും ഇറുകിയ ജീന്‍സ് സ്ക്രോട്ടല്‍ താപനില ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ താല്‍ക്കാലികമായി ബാധിക്കും. ഇത്തരത്തിലുള്ള ജീന്‍സ് ധരിക്കുന്ന 2,000 പുരുഷന്മാരെ ഉള്‍പ്പെടുത്തി യുകെയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ പല പുരുഷന്മാര്ക്കും ഞരമ്പിലെ അസ്വസ്ഥത, മൂത്രാശയ പ്രശ്നങ്ങള്‍ എന്നിവ അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇറുകിയ ജീന്‍സ് ദീര്‍ഘനേരം ധരിക്കുന്നത് മൂത്രനാളിയിലെ അണുബാധ, ഫംഗല്‍ ഗ്രോയിന്‍ അണുബാധ, ബീജത്തിന്റെ ഗുണങ്ങള്‍ കുറയല്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
അതേസമയം ഇറുകിയ ജീൻസ്, ലങ്കിൻസ് എന്നല്ല ഇറുകിയ വസ്ത്രം ധരിക്കുന്നവരിൽ സ്ത്രീകൾ മുൻപന്തിയിൽ തന്നെയുണ്ട്.. ധരിച്ചാൽ നല്ല ലുക്കും സുഖപ്രദവും കൂടാതെ എല്ലാ കാലാവസ്ഥയിലും ധരിക്കാന്‍ പോന്നവയുമാണ് ജീൻസ്. അതുകൊണ്ട് തന്നെ ജീൻസ് ഉപയോഗിക്കുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം കൂടി വരുകയാണ്. എന്നാല്‍ സ്ത്രീകള്‍ പതിവായി ഇറുകിയ ജീന്‍സ് ധരിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ജീന്‍സ് പോലുള്ള തുണിത്തരങ്ങള്‍ കൂടുതല്‍ ചൂട് ചര്‍മ്മത്തിലേക്ക് നല്കുന്നവയാണ്. അതിനാൽ ത്വക്കിലേക്ക് ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തതിനാൽ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ചര്‍മ്മത്തിൽ പല അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു. സ്കിന്നി പാന്റ് സിന്‍ഡ്രോം അഥവാ മെറാല്ജിയ പാരസ്തെറ്റിക്ക എന്നത്, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് മൂലം തുടയിലെ നാഡിക്കുണ്ടാകുന്ന കേടുപാടുകളാണ്. ഇറുകിയ ജീന്‍സുകള്‍ അല്ലെങ്കിൽ പാന്റുകൾ ധരിക്കുമ്പോള്‍ തുടയുടെ ഭാഗം കൂടുതല്‍ ഇറുകുന്നു. ഇത് തുടയുടെ ലാറ്ററല്‍ ഫെമറല്‍ നാഡികള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നു. തുടകളില്‍ മരവിപ്പും പുകച്ചിലുമാണ് ഇതിന്റെ പ്രാരംഭ ലക്ഷണം.
ഇറുകിയ വസ്ത്രങ്ങള്‍ പതിവായി ധരിക്കുമ്പോള്‍ ഗുരുതരമായ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇറുകിയ ജീന്‍സ്, ലഗീന്സ് വസ്ത്രങ്ങള്‍ കാലുകളിലേക്കും പാദത്തിലേക്കുമുള്ള രക്തയോട്ടം കുറയ്ക്കുന്നു, വയറിന്റെ ഭാഗത്തായി കൂടുതല്‍ ഇറുകിയിരിക്കുന്നതിനാൽ ഇറുകിയ വസ്ത്രങ്ങള്‍ ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നു, കാലിലെ ഞരമ്പുകളെയും ഹാനികരമായി ബാധിക്കുന്നു, സ്കിന്നി പാൻ്റ്സ് ധരിക്കുന്നത് യോനിയിൽ ആവർത്തിച്ചുള്ള അണുബാധ, ചര്‍മ്മം ചുവന്നു തടിക്കുക, ചൊറിച്ചില്‍ തുടങ്ങി പല കാരണങ്ങളും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് മൂലം ഉണ്ടാകുന്നു.ജീൻസ് എല്ലാവർക്കും ഒരു പോലെ സുഖപ്രദമായ വസ്ത്രമാണെങ്കിലും സ്ഥിരമായി ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് അത്ര സുഖകരമല്ല.