അമ്മയാകുക എന്ന അതിതീവ്ര മോഹത്തോടെ ഐ.വി.എഫ്. ക്ലിനിക്കിനെ സമീപിക്കുക, ഒടുവിൽ പ്രസവിച്ചത് അജ്ഞാതരായ ദമ്പതിമാരുടെ കുഞ്ഞിനെയെന്ന് ഞെട്ടലോടെ തിരിച്ചറിയുക, കുഞ്ഞിനെ അവന്റെ യഥാർഥ മാതാപിതാക്കൾക്ക് കൈമാറേണ്ടിവരിക. ഇത് സിനിമയല്ല യാഥാർത്ഥ്യമായ സംഭവം.ഈ സംഭവങ്ങൾ നടന്നത് അമേരിക്കക്കാരിയും വെഡ്ഡിങ് ഫോട്ടോഗ്രാഫറുമായ ക്രിസ്റ്റിന മുറേയുടെ ജീവിതത്തിലാണ്.
ക്രിസ്റ്റിന ഗർഭം ധരിക്കാനായി ഐ.വി.എഫ്. മാർഗം സ്വീകരിക്കുന്നത് 2023 ഡിസംബറിലാണ്.ഇതിനായി കോസ്റ്റൽ ഫെർട്ടിലിറ്റി സ്പെഷലിസ്റ്റ്സ് എന്ന ഐ.വി.എഫ്. ക്ലിനിക്കിനെ സമീപിച്ചു. വെളുത്തവർഗക്കാരിയായ അവർ, വെളുത്തവർഗക്കാരനായ ഒരു വ്യക്തിയുടെ ബീജമാണ് ഐ.വി.എഫിനായി സ്വീകരിച്ചത്. എന്നാൽ ക്രിസ്റ്റിന ജന്മം നൽകിയ കുഞ്ഞ് ആഫ്രിക്കൻ-അമേരിക്കനായിരുന്നു. ഇതോടെ ക്രിസ്റ്റിന ഡി.എൻ.എ. പരിശോധന നടത്താൻ തീരുമാനിച്ചു. പരിശോധനയിൽ ജന്മം നൽകിയെന്നതൊഴിച്ച് കുഞ്ഞിന് ക്രിസ്റ്റിനയുമായി ബന്ധമൊന്നുമില്ലെന്നും അവന്റെ മാതാപിതാക്കൾ വേറെ ആളുകളാണെന്നും ബോധ്യപ്പെട്ടു. ഇതോടെ കുഞ്ഞിനെ അവന്റെ യഥാർഥ മാതാപിതാക്കൾക്ക് കൈമാറാൻ ക്രിസ്റ്റിന തയ്യാറായി. കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ കുഞ്ഞിനെ സ്വീകരിക്കുകയും ചെയ്തു.
ഐ.വി.എഫ്. ക്ലിനിക്കിനുണ്ടായ പിഴവായിരുന്നു ഇങ്ങനെ സംഭവിക്കാൻ കാരണം. തന്റെതല്ലാത്ത ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിച്ചതിന് ക്ലിനിക്കിനെതിരേ പരാതി നൽകിയിരിക്കുകയാണ് ക്രിസ്റ്റിന. ഞാൻ സന്തോഷവതിയായിരുന്നു. ഞാൻ ഒരു അമ്മയായിരുന്നു. അവൻ (കുഞ്ഞ്) സുന്ദരനും മിടുക്കനുമായിരുന്നു. പക്ഷേ എന്തോ ഒന്ന് ശരിയല്ലെന്ന് വ്യക്തമായിരുന്നു- ക്രിസ്റ്റിന എൻ.ബി.സി. ന്യൂസിനോടു പ്രതികരിച്ചു.
എന്റെ കുഞ്ഞ് ജനിതകപരമായി എന്റേതായിരുന്നില്ല. അവൻ എന്റെ ചോരയായിരുന്നില്ല. അവന് എന്റെ കണ്ണുകളല്ലായിരുന്നു. പക്ഷേ അവൻ എന്റെ മകനാണ്, എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കുകയുംചെയ്യും. എന്റെ വേദന ഒരിക്കലും പൂർണമായി ശമിക്കുകയോ അതിൽനിന്ന് പൂർണമുക്തി നേടുകയോ ചെയ്യില്ല. എന്നിലൊരുഭാഗം എല്ലായ്പ്പോഴും എന്റെ മകനെ തേടിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. അവൻ എങ്ങനെയുള്ള ആളായിത്തീരുമെന്ന് അദ്ഭുതത്തോടെ നോക്കിക്കാണും, ക്രിസ്റ്റിന കൂട്ടിച്ചേർത്തു.
കുഞ്ഞിനെ ആദ്യമായി കണ്ടപ്പോളുണ്ടായ ഞെട്ടൽ ക്രിസ്റ്റിനയ്ക്ക് ഇപ്പോഴും ഓർമയുണ്ടെന്ന് അവരുടെ അഭിഭാഷകൻ ആദം വുൾഫ് പറഞ്ഞു. കോക്കേഷ്യൻ വനിതയായ ക്രിസ്റ്റിന സമാന ആകാരമുള്ള വ്യക്തിയെയാണ് ബീജദാതാവായി തിരഞ്ഞെടുത്തത്. എന്നാൽ, അവർ പ്രസവിച്ച കുഞ്ഞ് ആഫ്രിക്കൻ-അമേരിക്കൻ ആയിരുന്നു. ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഒരിക്കലും സംഭവിച്ചു കൂടാത്ത പിഴവാണിത്. ഇതൊരു കൊടിയപാപമാണ്, ആദം കൂട്ടിച്ചേർത്തു.
കാര്യം ഇതൊക്കെയാണെങ്കിലും ക്രിസ്റ്റിനയുടേത് ഒറ്റപ്പെട്ട സംഭവമാണെന്നും മറ്റാരെയും സംബന്ധിച്ച് ഇത്തരമൊരു പിഴവ് ഉണ്ടായിട്ടില്ലെന്നും ഫെർട്ടിലിറ്റി ക്ലിനിക് അധികൃതർ പറയുന്നത്.