ഇതിൻറെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെക്കുള്ള വീതി 130 കോടി പ്രകാശവർഷം
![]() |
| ക്വിപു ഉൾപ്പെടെയുള്ള ഗ്യാലക്സി സൂപ്പർ ക്ലസ്റ്ററുകളുടെ ചിത്രം |
ഇതുവരെ മനുഷ്യൻ തിരിച്ചറിഞ്ഞവയിൽ ഏറ്റവും വലിയ പ്രാപഞ്ചിക ഘടനയെ കണ്ടെത്തി. ഈ ഗ്യാലക്സി സൂപ്പർ ക്ലസ്റ്ററിനെ ജർമ്മനിയിലെ മ്യൂണിക്കിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്സിലെ ഹാൻസ് ബോ ഹ്രിംഗറും സഹപ്രവർത്തകരും ഈ പ്രപഞ്ച ഘടനയ്ക്ക് ക്വിപു എന്ന പേരാണ് നൽകിയിരിക്കുന്നത്. ക്വിപു (Quipu) എന്ന ഈ പേര് നൽകാൻ കാരണം പുരാതന തെക്കേ അമേരിക്കൻ സംസ്കാരമായ ഇൻകകളുടെ വിവര സൂക്ഷിപ്പ് സമ്പ്രദായത്തിൽ നിന്നാണ്.
ഇൻകകൾ വിവരങ്ങളും, കണക്കുകളും സൂക്ഷിക്കാൻ നീണ്ട നൂലുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഘടനയായിരുന്നു ക്വിപു.ക്വിപു വിൽ ചെറിയ ചെറിയ കുടുക്കുകൾ ഉണ്ടാക്കി ആണ് അവർ വിവരങ്ങൾ സൂക്ഷിച്ചിരുന്നത് ഇതിന് കാരണം അവർക്ക് ലിഖിത ഭാഷയോ സംഖ്യകളോ ഇല്ലായിരുന്നു അതുകൊണ്ടുതന്നെ ഈ സമ്പ്രദായം ഒരു കുരുക്ക് പിടിച്ച പരിപാടി തന്നെയായിരുന്നു എന്ന് മാത്രമല്ല കൃത്യവും ആയിരുന്നു, അതിൽ നിന്നാണ് പുതിയതായി കണ്ടെത്തിയ സങ്കീർണമായ ഈ പ്രാപഞ്ചിക ഘടനയ്ക്ക് ഗവേഷകർ ഈ പേര് നൽകാൻ കാരണം.
കണ്ടെത്തിയ സൂപ്പർ ഗാലക്സി ക്ലസ്റ്ററിന് നാം അധിവസിക്കുന്ന ഭൂമി ഉൾപ്പെടുന്ന ആകാശഗംഗയുടെ 13000 മടങ്ങ് വലിപ്പം ഉണ്ട്. ഇതിൻറെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെക്കുള്ള വീതി 130 കോടി പ്രകാശവർഷം. അതായത് ഒരു പ്രകാശവർഷം എന്ന് പറയുന്നത് പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം എന്ന അർത്ഥം. ക്വിപു വിൻ്റെ ഉപരി ഘടനയ്ക്ക് 200 ക്വാഡ്രില്യൺ സൗരപിണ്ഡം (1 ക്വാഡ്രില്യൺ = 1000 ട്രില്യൺ) ഭാരമുണ്ട്.
ചൈനീസ് വൻമതിൽ പോലെ 1000 കോടി പ്രകാശവർഷം പടർന്നു കിടക്കുന്ന ഹെർകുലീസ് കൊറോണ ബൊറിയലിസ് ഗ്രേറ്റ് വാൾ ( Hercules-Corona Borealis Great Wall ) എന്ന ഗ്യാലക്സി ക്ലസ്റ്ററായിരുന്നു ഇതിനുമുമ്പ് മനുഷ്യൻറെ അറിവിൽ ഉണ്ടായിരുന്ന സൂപ്പർ ഗാലക്സി ക്ലസ്റ്റർ ഇത് ഭൂമിയിൽ നിന്ന് 1000 കോടി പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രാപഞ്ചികനേക്കാളും വലുപ്പം കൊണ്ട് വലുതാണ് ഇപ്പോൾ കണ്ടെത്തിയ ക്വിപു. ഇത് സംബന്ധിച്ച വിവരങ്ങൾ ലൈവ് സയൻസ് എന്ന പ്രസിദ്ധീകരണത്തിൽ നൽകിയിട്ടുണ്ട്.
ക്വിപു വിനെ കൂടാതെ മറ്റ് നാല് സൂപ്പർ ഗാലക്സി ക്ലസ്റ്ററുകൾ അഥവാ പ്രാപഞ്ചിക ഘടനകളെ കൂടി ഗവേഷകർ കണ്ടെത്തി.തിരിച്ചറിഞ്ഞിട്ടുള്ള പ്രപഞ്ചത്തിലെ ആകെ ഗ്യാലക്സികളുടെ 30 ശതമാനവും ക്വിപു ഉൾപ്പെടെയുള്ള അഞ്ച് സൂപ്പർ ഗ്യാലക്സി ക്ലസ്റ്ററുകളുളിലാണുള്ളത്. ഇതുകൂടാതെ പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ 25 ശതമാനവും ഈ 5 സൂപ്പർ ക്ലസ്റ്ററുകളിൽ ആണെന്ന് ഗവേഷകർ പറയുന്നു.
ഗ്യാലക്സികൾ എന്നുപറയുന്നത് കോടിക്കണക്കിന് നക്ഷത്രങ്ങളും അവയുടെ ഗ്രഹങ്ങളും അവയെ ചുറ്റുന്ന ഉപഗ്രഹങ്ങളും ഈ കൂട്ടത്തിൽ ഒന്നും പെടാത്ത വാൽനക്ഷത്രങ്ങളും ഉൾക്കൊള്ളുന്ന ഘടനയാണ്, അതേപോലെ ഒരു ഗ്യാലക്സിയാണ് അഥവാ ആകാശഗംഗയിലാണ് നാം താമസിക്കുന്ന ഭൂമിയും, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും നമ്മുടെ മാതൃ നക്ഷത്രമായ സൂര്യനും ഉൾപ്പെടുന്നത്. സൂര്യനെപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങൾ ആകാശഗംഗയിൽ ഉണ്ട്. ഗാലക്സികൾ ഒറ്റയ്ക്കായോ കൂട്ടമായോ കാണപ്പെടാം, അങ്ങനെ ഗുരുത്വാകർഷണബലത്തിന്റെ ഫലമായി കൂട്ടമായി ഗാലക്സികൾ കാണപ്പെടുന്ന ഘടനയാണ് ക്ലസ്റ്ററുകൾ എന്നു കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരത്തിൽ കാണപ്പെടുന്ന ഗ്യാലക്സി ക്ലസ്റ്ററുകൾ കൂടുതലായി കൂട്ടിച്ചേർന്ന വലിയ ഘടനയാണ് സൂപ്പർ ഗാലക്സി ക്ലസ്റ്റർ അഥവാ വലിയ പ്രാപഞ്ചിക ഘടന എന്നുപറയുന്നത്.ക്വിപു അത്തരത്തിൽ ഒന്നാണ്.
ബഹിരാകാശ ഗവേഷകരുടെ പ്രത്യേകമായ ശ്രദ്ധ നേടുന്നവയാണ് സൂപ്പർ ഗാലക്സി ക്ലസ്റ്ററുകൾ അതിന് കാരണം ഇവയുടെ വലിപ്പം എന്നത് മനുഷ്യന് ഒരിക്കലും മനക്കണ്ണിൽ പോലും കാണാൻ പറ്റുന്നതിലും അപ്പുറമാണ്. സങ്കൽപ്പത്തിന് അപ്പുറമായ ഈ വലിപ്പം സമീപ ഭാവിയിൽ (എന്ന് പറഞ്ഞാൽ കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷം) തകർന്ന് സ്വതന്ത്രമായ അസ്തിത്വമുള്ള ഗ്യാലക്സികളോ ഗ്യാലക്സി ക്ലസ്റ്ററുകളോ ആയി മാറിയേക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്യാലക്സികൾ എങ്ങനെ രൂപംകൊള്ളുന്നുവെന്നതിനേപ്പറ്റിയുള്ള വിവരങ്ങൾ ഇത്തരം സൂപ്പർ ക്ലസ്റ്ററുകളിൽ നിന്ന് ലഭിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.
ക്ലാസിക് ക്ലസ്റ്റർ സർവ്വേ ഉപയോഗിച്ചാണ് ക്വിപു വിന് ഗവേഷകർ കണ്ടെത്തിയത്. ഗ്യാലക്സി ക്ലസ്റ്ററുകളിൽ ആയിരക്കണക്കിന് ഗ്യാലക്സികൾ ഉൾപ്പെടുന്നത് കൊണ്ട് അവയിലെ ചൂടുള്ള വാതകം എക്സ-റേ കൾ പുറപ്പെടുവിക്കുന്നു, ഈ എക്സ-റേ കളെ അളക്കുന്നതിലൂടെയാണ് സാന്ദ്രതയുള്ള പ്രദേശങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞത്. ഈ സാങ്കേതികവിദ്യയിലൂടെ ക്വിപു ഒരു നീണ്ട ഫിലമെന്റാണെന്നും അതിൽ കൂടുതൽ ഫിലമെന്റുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും ഗവേഷകർ തിരിച്ചറിഞ്ഞു.
