ആലപ്പുഴയില്‍ ട്രെയിന്‍ മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി സിവില്‍ പോലീസ് ഉദ്യോഗസ്ഥന് നിഷാദ്. സ്വന്തം ജീവന് പോലും നോക്കാതെയാണ് നിഷാദ് രക്ഷകനായി മാറിയത്. 20കാരന് ബിലാവലിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹരിപ്പാട് സ്റ്റേഷനിലെ സിപിഒ ആണ് നിഷാദ്.ഹരിപ്പാട് അനാരിയിൽ ഇന്ന് രാവിലെ എട്ട് മണിയോട് കൂടിയാണ് സംഭവം.
യുവാവിനെ കാണാനില്ലെന്ന് പരാതിയെ തുടര്‍ന്നായിരുന്നു മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദ് റെയില്‍വേ ട്രാക്കില്‍ എത്തിയത്. 200 മീറ്റര്‍ അകലെ യുവാവ് ഉണ്ടെന്ന് മനസ്സിലായെങ്കിലും ഹരിപ്പാട് നിന്ന് ജനശതാബ്ദി എക്സ്പ്രസ് പുറപ്പെട്ടിരുന്നു.സമീപത്തെ ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോഴാണ് ഒരാൾ ട്രാക്കിൽ നിൽക്കുന്നുണ്ടെന്നും എറണാകുളം ഭാഗത്തേക്കുള്ള ജനശതാബ്ദി ഉടൻ എത്തുമെന്നും അറിയിച്ചത്.എങ്കിലും വെല്ലുവിളി ഏറ്റെടുത്ത് നിഷാദ് മുന്നോട്ട് കുതിച്ചു. യുവാവിന്റെ തൊട്ടടുത്തെത്തുമ്പോഴേക്കും തൊട്ട് പുറകില്‍ ട്രെയിനും കുതിച്ചു വരുകയായിരുന്നു. ഇതോടെ ചാടരുതെന്ന് വിളിച്ചുപറഞ്ഞു യുവാവിനെ പിന്തിരിപ്പിക്കുകയായിരുന്നു.
ട്രെയിൻ ഹരിപ്പാട് പിന്നിട്ടതിനാൽ പിടിച്ചിടാനും കഴിയില്ലായിരുന്നു. ഏതാണ്ട് 200 മീറ്റർ അപ്പുറത്തുള്ളയാളെ ലക്ഷ്യമാക്കി നിഷാദ് ഓടുകയായിരുന്നു. എന്നാൽ പകുതി ദൂരമായപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയിരുന്നു. ഓടിയെത്തുക പ്രയാസമായതിനെ തുടർന്ന് 'ഡാ ചാടെല്ലടാ പ്ലീസ്' എന്ന് അലറി വിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.ഓട്ടത്തിനിടയിൽ ചെരിപ്പ് ഊരിപ്പോയി പൊലീസുകാരൻ ട്രാക്കിൽ വീണെങ്കിലും ട്രെയിൻ കടന്ന് പോകുംമുൻപ് ചാടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാരന്റെ അലർച്ച കേട്ട് യുവാവും ട്രാക്കിൽ നിന്ന് മാറി നിന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ സിപിഒ നിഷാദിന് കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചില കുടുംബ പ്രശ്നങ്ങളാണ് ബിലാവലിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ട്രെയിനിനു മുന്നില്‍ ചാടി മരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം അതിന് തൊട്ടുമുന്പായിട്ട് നിഷാദിന്റെ ഇടപെടലാണ് ആത്മഹത്യയില്‍ നിന്നും ഈ യുവാവിനെ രക്ഷപ്പെടുത്തിയത്