സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പ്രതിനിധി സമ്മേളന പതാക ഉയർത്തി. ജനറൽ സെക്രട്ടറിയുടെ ആഭാവത്തിൽ പൊളിറ്റ്ബ്യൂറോ അംഗവും പാർട്ടി കോ ഓർഡിനേറ്ററുമായ പ്രകാശ് കാരട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണെന്നും രാജ്യത്തെ ഏക ഇടതുഭരണമായ പിണറായി സർക്കാർ മാതൃകാപരമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തിൽ നിന്നാണെന്നും ബദൽ നയരൂപീകരണത്തിൽ പിണറായിയും കേരളത്തിലെ ഇടത് സർക്കാരും പ്രശംസ അർഹിക്കുന്നെന്നും കാരാട്ട് കൂട്ടിച്ചേർത്തു.
3842 ബ്രാഞ്ച് സമ്മേളനങ്ങളും, 2444 ലോക്കൽ സമ്മേളനങ്ങളും, 210 ഏരിയാ സമ്മേളനങ്ങളും, 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് മൂന്ന് പതിറ്റാണ്ടിനുശേഷം കൊല്ലത്ത് സിപിഐഎം കേരള ഘടകത്തിൻ്റെ സംസ്ഥാന സമ്മേളനത്തിന് കൊടിയേറിയത്.സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, തുടങ്ങി മുതിർന്ന നേതാക്കൾ ഉൾപ്പടെ 486 സമ്മേളന പ്രതിനിധികളും 44 അതിഥികളും നിരീക്ഷകരും അടക്കം ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗതപ്രസംഗത്തിൽ വിപ്ലവത്തിന്റെ രക്ത നനവാർന്ന ചരിത്രത്തെ ഓർമിപ്പിച്ച കെ എൻ ബാലഗോപാൽ, ഈ സമ്മേളനകാലത്ത് നഷ്ടമായ കോടിയേരി ബാലകൃഷ്ണനും, സീതാറാം യെച്ചൂരിക്കും കൊല്ലവുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെയും അനുസ്മരിച്ചു.
ചെങ്കൊടിയുടെ പ്രസ്ഥാനം തിരിച്ചറിവോട് കൂടി ശക്തിപ്പെടുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടി. അത് താഴ്ത്തിക്കെട്ടാൻ ആരെയും അനുവദിക്കില്ലെന്നും അത്രയ്ക്കും മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തിയെന്നും ബാലൻ കൂട്ടിച്ചേർത്തു. സിപിഎം പ്രതിനിധി സമ്മേളന പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബാലൻ.
'ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ സ്ഥിതി എന്താകുമായിരുന്നു. ഇന്ത്യയുടെ സ്ഥിതി, കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോദ്ധ്യമാകുന്നത്. അതുകൊണ്ട് ആത്മവിശ്വാസത്തോട് കൂടി നമ്മുടെ പ്രത്യയ ശാസ്ത്രത്തെ, രാഷ്ട്രീയത്തെ, സംഘടന തത്വങ്ങളെ മുറുകെപിടിച്ച് കൊണ്ട് മാത്രമേ മുന്നോട്ടുപോകാനാവൂ.
ഈ ചെങ്കൊടി താഴ്ത്തിക്കെട്ടാൻ ആരെയും അനുവദിച്ചുകൂടാ. അത്രയ്ക്കും മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തി. അന്നും ഇന്നും എന്നും ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ ചെങ്കൊടിയാണ് ഇവിടെ ഉയർത്തിയത്. വർഗസമൂഹം ഉടലെടുത്ത നാൾമുതൽ ചൂഷണത്തിനെതിരെ സമരം ചെയ്ത ചൂഷിതരുടെ ചോരയിൽ കുതിർന്നാണ് ചെങ്കൊടിയുടെ നിറം ചുവപ്പായത്'- എകെ ബാലൻ പറഞ്ഞു.
ഇന്ത്യയിൽ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ നവ ഫാഷിസത്തിൻ്റെ രൂപമായാണ് പാർട്ടി കാണുന്നതെന്നും, പ്രതിരോധിച്ചില്ലെങ്കിൽ അത് പൂർണമായും ഫാഷിസമായി മാറുമെന്നും പ്രകാശ് കാരാട്ട്. ഫാഷിസ്റ്റ് സ്വഭാവമുള്ള പ്രവണതകൾ പ്രകടിപ്പിക്കുന്ന ഹിന്ദുത്വ എന്നായിരുന്നു ഹൈദരാബാദ് പാർട്ടി കോൺഗ്രസിൻ്റെ വിലയിരുത്തൽ.
ഏഴ് വർഷം കൊണ്ട് അത് നവ ഫാഷിസ്റ്റ് സവിശേഷതകൾ കാട്ടിത്തുടങ്ങുന്ന രൂപത്തിലേക്ക് മാറിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ബി ജെ പി ക്കെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ്സിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കാരാട്ട് പറഞ്ഞു. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖ പാർട്ടിയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനായുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ വ്യക്തമാക്കി.