ഈജിപ്ത് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓർമ്മയിൽ വരുന്നത് കണ്ടിട്ടില്ലെങ്കിൽ പോലും പിരമിഡുകളെയാണ്, പിന്നീട് അതിൽ അടക്കം ചെയ്യപ്പെട്ട മമ്മികളെ കുറിച്ചും. അന്നത്തെ കാലത്ത് അതായത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈജിപ്റ്റ് ഭരിച്ചിരുന്ന രാജാക്കന്മാരായ അല്ലെങ്കിൽ അവർ സ്വയം ദൈവങ്ങൾ എന്ന് കല്പിക്കപ്പെട്ടിരുന്ന ഫറവോന്മാരുടെ ശവശരീരങ്ങളെയാണ് മമ്മികൾ എന്ന് പറയുന്നത്. ഇന്നത്തെപ്പോലെ എമ്പാം ചെയ്തു വയ്ക്കാവുന്ന സംവിധാനങ്ങൾ അന്ന് ഉണ്ടായിരുന്നില്ല പകരം പ്രത്യേക രീതിയിലൂടെ, ശരീരത്തിനകത്ത് അവയവങ്ങൾ സൂക്ഷ്മമായി പുറത്തെടുത്തതിനുശേഷം, ശരീരത്തെ ചില സുഗന്ധ ലേപനങ്ങൾ പൂശിയതിനുശേഷം ലിനൻ തുണിയിൽ പൊതിഞ്ഞുകെട്ടി വയ്ക്കുന്നതാണ് ഈ മമ്മികൾ, അവ യുഗങ്ങളോളം കേടുകൂടാതെ ഇരിക്കും. രാജാവിനെ അല്ലെങ്കിൽ ഫറോവയെ ദൈവത്തിന് തുല്യമായി കൽപ്പിക്കപ്പെട്ടിരുന്ന അന്നത്തെ ജനത, ഈ ഫർവോമാർക്ക് പരലോകത്തും രാജകീയമായ സുഖഭോഗങ്ങളോടെ ജീവിക്കാൻ വേണ്ടി അമൂല്യങ്ങളായ ആഭരണങ്ങളും രത്നങ്ങളും ഭക്ഷ്യവസ്തുക്കളും എന്ന് വേണ്ട അകമ്പടിക്കാരായി ജീവനുള്ള മനുഷ്യരെ വരെ ആ ശവകുടീരങ്ങളിൽ അടക്കം ചെയ്യപ്പെട്ടിരുന്നു എന്നത് ഒരു വിവരക്കേടായിരുന്നു.
പുരാതന ഈജിപ്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ, ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന ഫറവോ ആയിരുന്ന തൂത്തൻഖാമന്റെ ശവകുടീരം കണ്ടെത്തിയതിനുശേഷം ഒരു നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും ഒരു രാജകീയ കല്ലറ കണ്ടെത്തുന്നത്. 1922 നവംബർ 4 ആണ് തൂത്തൻഖാമന്റെ ശവകുടീരം കണ്ടെത്തുന്നത് അതിനുശേഷം വീണ്ടും അതേ രാജവംശത്തിൽപ്പെട്ട മറ്റൊരാളുടെ ശവക്കല്ലറ കണ്ടെത്തുന്നത് 2025 ഫെബ്രുവരി അവസാനത്തോട്. അന്ന് 1924 തൂത്തൻഖാമന്റെ കല്ലറ നവംബർ 26ന് ആണ് തുറന്നു പരിശോധിച്ചത്. അന്നത് തുറന്നു പരിശോധിച്ച ഗവേഷണ സംഘത്തെ അമ്പരപ്പിക്കും വിധം അമ്പരപ്പിക്കും വിധം സ്വർണവും രത്നവും അടക്കം അമൂല്യ വസ്തുക്കളാൽ നിറഞ്ഞതായിരുന്നു ആ കുഴിമാടം, അതിനുശേഷം അതേപോലെ ഒരു രാജകീയ കല്ലറ കണ്ടെത്തുന്നത് പിന്നീട് ഇപ്പോൾ.
തൂത്തൻഖാമന്റെ പൂർവികനായിരുന്ന തൂത്മോസ് രണ്ടാമന്റെ കുടീരമാണ് കണ്ടെത്തിയത്. ഏകദേശം 3500 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന 18 ആം രാജവംശത്തിലെ ഫറോമാരിൽ കണ്ടെത്താൻ ഉണ്ടായിരുന്ന ഒരേ ഒരു ശവമാടമായിരുന്നു തൂത്മോസ് രണ്ടാമന്റെ , അതാണ് ഡോ.പിയേഴ്സ് ലിതർലാൻഡ് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരിക്കുന്നത്. ഈജിപ്തിന്റെ തെക്കുഭാഗത്ത്, നൈൽ നദിയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന, രാജാക്കന്മാരുടെ താഴ്വര എന്ന് അറിയപ്പെടുന്ന പ്രദേശത്ത് തന്നെയായിരുന്നു ഈ ശവകുടീരവും. ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ മരിച്ചവരുടെ നഗരം എന്നാണ്.
ഈജിപ്തിലെ ടൂറിസം, പുരാവസ്തു മന്ത്രാലയം, ബ്രിട്ടീഷ്, ഈജിപ്ഷ്യൻ പുരാവസ്തു സംഘം എന്നിവരുടെ സംയുക്ത സംഘമാണ് തുത്മോസ് രണ്ടാമന്റെ കല്ലറ കണ്ടെത്തിയത്. തുത്മോസിൻ്റെ മമ്മി നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കണ്ടെത്തിയിരുന്നെങ്കിലും ശവകുടീരം കണ്ടെത്തിയിരുന്നില്ല. ഫറവോമാരിൽ ഭൂരിഭാഗം പേരുടെയും മമ്മികൾ ശവകുടീരങ്ങൾക്ക് അകത്ത് തന്നെയാണുള്ളതെങ്കിലും അപൂർവം ചിലരുടെ ശവകുടീരം അവരെ അടക്കം ചെയ്ത സ്ഥലങ്ങളിൽ നിന്ന് മാറി, പ്രത്യേകം തന്നെ ഒരുക്കിയിരുന്നു. ഈ രീതിയിലാണ് തുത്മോസിന്റെ ശവകുടീരവും ഉണ്ടായിരുന്നത്.
രാജാക്കന്മാരുടെ താഴ്വരയില് 2022 ഒക്ടോബറിൽ കണ്ടെത്തിയ മറ്റൊരു ശവകുടീരത്തിൽ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് തുത്മോസ് രണ്ടാമന്റെ ശവകുടീരത്തിന്റെ പ്രവേശന കവാടവും വഴിയും തെളിയുന്നത്. തുടക്കത്തിൽ ഒരു രാജ്ഞിയുടേതോ അല്ലെങ്കിൽ രാജവംശത്തില്‍ തന്നെ താഴേക്കിടയിലുള്ള ആരുടെയെങ്കിലും ശവകുടീരമാകുമെന്നാണ് ഗവേഷകര്‍ കരുതിയത്.കൊട്ടാരം സ്ത്രീകളുടെ ശവകുടീരമുള്ളിടത്തെങ്ങനെ തുത്മോസിന്റെ കുടീരമുണ്ടാകും? പക്ഷേ മണ്ണ് മാറ്റി മാറ്റിയെത്തിയപ്പോൾ ഒരു കാര്യം ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടു. ശവകുടീരമുള്ളതിൽ ഒരിടത്ത് മണ്ണ് ഒരു പ്രത്യേക രീതിയിലാണ്. അവിടെ പ്രത്യേകമായി എന്തോ ഉണ്ട്... വീണ്ടും പരിശോധിച്ചപ്പോൾ അലങ്കരിച്ച നിലയിൽ ഒരു പ്രവേശനകവാടം!. അതോടുകൂടി കാര്യത്തിൽ ഏകദേശം ധാരണയായി ഫറവോന്മാർക്ക് മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലം...
Also read 'ആരും ഒരിക്കലും എന്റെ ശവകുടീരം കണ്ടെത്തില്ല' ; ക്ലിയോപാട്രയുടെ ശവകുടീരം സമുദ്രത്തിലോ?
സഹസ്രാബ്ദങ്ങൾ കടന്നുപോയിട്ടും യാതൊരുവിധ കേടുപാടുകളും തുത്മോസിന്റെ കല്ലറയ്ക്ക് പറ്റിയിരുന്നില്ല. ആ കല്ലറയുടെ മേൽക്കൂരയ്ക്ക് നീലനിറമായിരുന്നു. രാത്രി ആകാശത്ത് പ്രതിനിധീകരിക്കാൻ മഞ്ഞ നക്ഷത്രങ്ങളാൽ അലങ്കരിച്ച അത്തരം മേൽക്കൂരകൾ ഫറവോമാരുടെ കല്ലറകളുടെ മാത്രം പ്രത്യേകതയായിരുന്നു.‘അംദുവാട്ട്’ എന്നറിയപ്പെടുന്ന രാജകീയ ശവസംസ്കാര വാചകത്തിൽ നിന്നുള്ള ഹൈറോഗ്ലിഫിക് ലഘുലേഖകൾ കൊണ്ട് അലങ്കരിച്ച ചുവരുകളും കണ്ടെത്തി.
വലിയ സ്റ്റെയർകേസുകളും നിരതെറ്റിയ പോലെ പണിതുയർത്തിയ ഇടനാഴികളുമായിരുന്നു തുത്മോസിന്റെ ശവകുടീരത്തിൽ ഉണ്ടായിരുന്നത്. കഷ്ടിച്ച് ഒരാൾക്ക് നിരങ്ങി നീങ്ങാവുന്ന പത്ത് മീറ്റർ മാത്രം നീളമുള്ള പ്രവേശനകവാടം കഴിഞ്ഞാൽ 40 സെന്റിമീറ്റർ വീതിയുള്ള ഒരു ഇടനാഴിയാണ്. ഈ ഇടനാഴിയെത്തുന്നത് അലങ്കരിച്ച മേൽക്കൂരയുള്ള വലിയ മുറിയിലേക്കും.രാജാക്കന്മാരുടെ കല്ലറകളിലുള്ള, മതാചാരപ്രകാരമുള്ള എഴുത്തുകൾ ആ മുറിയുടെ ഭിത്തിയിലുണ്ടായിരുന്നു. ഇതാണ് അത് ഒരു രാജാവിന്റെ ശവകുടീരമാണെന്ന നിഗമനത്തിലേക്ക് ലിതർലാൻഡിനെയും കൂട്ടരെയും എത്തിച്ചത്. ആ പ്രദേശം 18ാം രാജവംശത്തിലെ ഫറവോമാർക്ക് വേണ്ടി നീക്കിവച്ചിരുന്നതിനാൽ കല്ലറ തുത്മോസിന്റേതാകാമെന്ന് അവർ ഉറപ്പിച്ചു. കൂടാതെ പുരാതന ഈജിപ്തുകാർ സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, തൈലങ്ങൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ചെറിയ പാത്രങ്ങളടക്കം കല്ലറയില്‍ കണ്ടെത്തിയിട്ടുണ്ട്. തുത്മോസ് രണ്ടാമന്റെയും ഭാര്യ ഹാഷെപ്സുറ്റ് രാജ്ഞിയുടെയും പേരുകൾ ആലേഖനം ചെയ്തതായിരുന്നു പാത്രങ്ങള്‍.
എല്ലാ ഫറോവന്മാരുടെയും പോലെ തുത്മോസിന്റെ കല്ലറയ്ക്ക് അപ്പുറത്ത് ഇതിന് കൂടുതൽ തെളിവുണ്ടാകുമെന്ന് പ്രതീക്ഷിച്ച സംഘത്തിന് പക്ഷേ തെറ്റി.പ്രവേശനമുറിയ്ക്കപ്പുറം വലിയ അളവിൽ സ്വർണവും മറ്റ് അമൂല്യ വസ്തുക്കളും പ്രതീക്ഷിച്ച ലിതർലാൻഡിനെയും കൂട്ടരെയും കാത്തിരുന്നത് പൂർണമായും ഒഴിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളുള്ള മറ്റൊരു മുറി ആയിരുന്നു. അവിടം പരിശോധിച്ച ഗവേഷകർക്ക് ഒരു കാര്യം മനസ്സിലായി. ഇത് മനപ്പൂർവം കാലിയാക്കിയ ഒരു മുറിയാണ്.. ഇവിടം കൊള്ളയടിക്കപ്പെട്ടിട്ടില്ല. പിന്നീടാണ് ആ പ്രദേശത്ത് നടന്ന ഒരു പ്രളയത്തെ കുറിച്ച് അവർ ചരിത്രരേഖകളിൽ നിന്ന് തപ്പിയെടുത്തത്.
ഒരു വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു തുത്മോസിന് ശവകുടീരം ഒരുക്കിയിരുന്നത്. തുത്മോസിനെ അടക്കിയതിന് ഏതാനും വർഷങ്ങൾക്ക് ശേഷം ഇവിടെ പ്രളയമുണ്ടായി ഏകദേശം മരണം നടന്നു ശേഷം 500 വർഷങ്ങൾ കഴിഞ്ഞു.വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ മമ്മിയെ മാറ്റിസ്ഥാപിക്കുകയായിരുന്നു. 19ാം നൂറ്റാണ്ടിൽ തീബ്സിനടുത്തായി ഇത്തരത്തില്‍ പുനർനിർമ്മിച്ച കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. കല്ലറകള്‍ മാറ്റി സ്ഥാപിക്കല്‍ താരതമ്യേന സാധാരണമായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. തുത്മോസിന്റെ മമ്മി 1881ൽ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ യഥാർഥ കല്ലറ ഇത്രയും കാലം അജ്ഞാതമായിരുന്നു.
ഈ പ്രളയം ശവകുടീരത്തിന് കാര്യമായ കോട്ടം വരുത്തിയില്ലെങ്കിലും ഇനിയൊരു പ്രളയത്തിന്റെ സാധ്യത കണക്കിലെടുത്ത് സ്വർണവും രത്നങ്ങളുമടക്കമുള്ള അമൂല്യവസ്തുക്കൾ അവിടെ നിന്ന് മാറ്റി. ഈ വസ്തുക്കൾ എവിടെയാണ് എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. തുത്മോസിനായി കരുതിയ എല്ലാ അമൂല്യവസ്തുക്കളും ഈ കല്ലറയ്ക്കുള്ളിൽ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.എന്തായാലും കല്ലറ പൂർണമായും ഒഴിപ്പിച്ചെങ്കിലും ഏതാനും ചില വസ്തുക്കൾ അവിടെ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു മുൻപ് സൂചിപ്പിച്ച ഉള്ള് പൊള്ളയായ അലബാസ്റ്റർ ജാറുകളുടെ ശേഷിപ്പുകൾ. ഈ ജാറുകളിൽ തുത്മോസിന്റെയും പത്നി ഹത്ഷേപ്സൂതിന്റെയും പേരുകൾ കൊത്തിവച്ചിരുന്നു. ഇതോടെ ശവകുടീരം ആരുടേതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായി. തുത്മോസിന്റെ ശവകുടീരത്തിൽ നിന്ന് എന്ന് പറയാവുന്ന ഏക വസ്തു ഈ അലബാസ്റ്റർ ജാറുകളുടെ അവശിഷ്ടങ്ങളാണ്. മരിച്ചവരെ അടക്കം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ചില കസേരകളുടെ ഭാഗങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തുത്മോസിൻറെ മമ്മിയുടെ മെഡിക്കൽ സ്കാനുകൾ സൂചിപ്പിച്ചിരുന്നത് അദ്ദേഹത്തിന്റെ മരണം ഹൃദയസ്തംഭനം മൂലമാകാമെന്നാണ്. രാജാക്കന്മാരുടെ താഴ്വരയിൽ നിന്ന് പടിഞ്ഞാറ് മാറിയാണ് പുതുതായി കണ്ടെത്തിയ ശവകുടീരം. അദ്ദേഹത്തിന്റെ മുൻഗാമിയായ ആമെൻഹോടെപ്പ് ഒന്നാമൻ അടക്കമുള്ള ഫറവോമാരുടെ യഥാർഥ ശവകുടീരങ്ങളും ഇതേ പ്രദേശത്തു തന്നെ ഉണ്ടാകാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ഈജിപ്ഷ്യൻ രാജകീയ ശവകുടീരങ്ങളിൽ പലതും പലപ്പോളായി നിധികൾക്കായി കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. പുരാതനകാലത്തേ ഈ കൊള്ള തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ചില ഫറവോമാരുടെ ശവകുടീരങ്ങള്‍ പിന്നീട് മറ്റിടങ്ങളിൽ പുനർനിർമിക്കുകയുണ്ടായി. തൂത്തൻ ഖാമന്റെ കല്ലറയില്‍ എഴുതിയതുപോലെ ശാപവാക്കുകള്‍ പല കല്ലറകളിലും കണ്ടെത്തിയിരുന്നെങ്കിലും അതൊന്നും കൊള്ളക്കാരെ പിന്തിരിപ്പിച്ചിരുന്നില്ല. എന്നാല്‍ തുത്മോസ് രണ്ടാമന്റെ കല്ലറയില്‍ കൊള്ളയുടെ ലക്ഷണങ്ങളില്ലെന്ന് ഗവേഷകര്‍ പറയുന്നു. പകരം പുരാതന ഈജിപ്തുകാര്‍ തുത്മോസ് രണ്ടാമന്റെ മമ്മി മറ്റൊരിടത്തേക്ക് മാറ്റിയപ്പോള്‍ ശവകുടീരത്തിലെ നിധിയും മാറ്റിയിരിക്കാമെന്നാണ് കരുതുന്നത്.
ബിസി 1493 മുതൽ ഏകദേശം 1479 വരെ ഫറവോ ആയിരുന്ന തുത്മോസ് രണ്ടാമനെക്കുറിച്ച് വളരെക്കുറച്ച് വിശദാംശങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.തുത്മോസിന്റെ കല്ലറയ്ക്കായി 12 വർഷത്തോളം നീണ്ട തെരച്ചിലാണ് ലിതർലാൻഡും സംഘവും നടത്തിയത്. ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പും ഗവേഷണത്തിനുണ്ടായിരുന്നു. തുത്മോസിന്റെ ശവകുടീരത്തിനായി തീബൻ കുന്നുകളിൽ നടത്തിയ തിരച്ചിലിൽ 54ഓളം കല്ലറകളാണ് സംഘം കണ്ടെത്തിയത്. 30 രാജപത്നിമാരുടെയും അന്തപ്പുരം സ്ത്രീകളുടെയും കല്ലറകളായിരുന്നു ഇവ. ഇതിലൊരു കല്ലറ ആയിരുന്നു തുത്മോസിന്റേതും... ഇത് ഏതെങ്കിലും രാജ്ഞിയുടെ കല്ലറ ആകാമെന്ന് കരുതി വലിയ ശ്രദ്ധ കൊടുക്കാതെ ആയിരുന്നു ലിതർലാൻഡിന്റെ തെരച്ചിൽ. എന്നാൽ ആരും കണ്ടെത്താതിരിക്കാൻ തന്നെയാകണം രാജ്ഞിമാരുടെ കല്ലറകളുടെ നിഴലിൽ തുത്മോസിനും കല്ലറ ഒരുക്കിയത്.
തുത്മോസിന്റെ മമ്മി കണ്ടെത്തിയത്, 19ാം നൂറ്റാണ്ടിൽ ദെയ്ർ-അൽ-ബാഹ്രി കുന്നിലെ ഒരു പ്രദേശത്തായിരുന്നു. ഇവിടെയാണ് ഹത്ഷേപ്സൂതിന്റെ ക്ഷേത്രമുള്ളത്. ഭരണകാലത്ത് പോലും ഹത്ഷേപ്സൂതിന്റെ പേരിനൊപ്പം അറിയപ്പെടാനായിരുന്നു തുത്മോസിന്റെ വിധി. സൈനികകാര്യങ്ങളിലും ഭരണത്തിലുമൊന്നും പൂർവികരുടേത് പോലെ മികവ് പുലർത്താനാവാഞ്ഞ ഫറവോ ആയിരുന്നു ഇദ്ദേഹം. അതുകൊണ്ട് തന്നെ ഹത്ഷേപ്സൂതിന് പലപ്പോഴും ഇക്കാര്യങ്ങളിൽ ഇടപെടേണ്ടി വന്നു. ഫലമോ ഹത്ഷേപ്സൂതിന്റെ ഭർത്താവായ ഫറവോ എന്നതായി തുത്മോസിന്റെ വിശേഷണം.
ജീവിതകാലയളവിനെ കുറിച്ച് ഏകദേശം ധാരണ ഉണ്ടെങ്കിലും, ഭരണസംബന്ധമായ കാര്യങ്ങളെക്കുറിച്ച് മറ്റൊരു വശവും പറയപ്പെടുന്നു.തൂത്തൻ ഖാമന് ജീവിച്ചിരുന്നതിനും 100 വർഷത്തിലേറെ മുമ്പ് അതേ 18ാം രാജവംശത്തിലായിരുന്നു തുത്മോസ് രണ്ടാമനും ജീവിച്ചിരുന്നത്. പ്രതിസന്ധിയുടെയും അസ്ഥിരതയുടെയും ഒരു കാലഘട്ടത്തുനിന്ന് ഈജിപ്തിന്റെ പ്രൗഡി വീണ്ടെടുത്ത ശക്തനായ ഫറവോ തുത്മോസ് ഒന്നാമന്റെ മകനാണ് തുത്മോസ് രണ്ടാമൻ. തന്റെ പിതാവിന്റെ വിജയങ്ങൾക്ക് ഊര്‍ജം പകര്‍ന്ന സൈനിക നീക്കങ്ങൾക്ക് തുത്മോസ് രണ്ടാമൻ നേതൃത്വം നൽകിയതായി രേഖകൾ സൂചിപ്പിക്കുന്നു. ശക്തയായ ഈജിപ്ഷ്യൻ രാജ്ഞി ഹാറ്റ്ഷെപ്സുട്ടിന്റെ ഭർത്താവും അർദ്ധസഹോദരനുമാണ് തുത്മോസ് രണ്ടാമൻ. തുത്മോസ് രണ്ടാമന്റെ മരണശേഷം 20 വർഷത്തിലേറെ ഫറവോ ആയിരുന്നത് ഹാറ്റ്ഷെപ്സുട്ട് ആണ്. തുത്മോസ് രണ്ടാമന് മറ്റൊരു ഭാര്യയിൽ ജനിച്ച പുത്രനാണ് തുത്മോസ് മൂന്നാമൻ അഥവാ ഗ്രേറ്റ് തുത്മോസ്.
ഈ സഹസ്രാബ്ദത്തിലെ ആദ്യ നൂറ്റാണ്ടിൽ കണ്ടെത്തിയ ഈ കല്ലറയുടെ വിശേഷങ്ങൾ ഭാഗികമായി മറ്റൊരു വശം കൂടിയുണ്ട്.തൂത്തൻ ഖാമന്റെ കല്ലറ കണ്ടെത്തിയതിന് ശേഷം ഈജിപ്തിൽ കണ്ടെത്തിയ ആദ്യത്തെ രാജകീയ കല്ലറ ഇതാണെന്ന് പറയുന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോൾ, അല്ലെന്ന് നാഷണല്‍ ജോഗ്രഫികിന്റെ വെബ്സൈറ്റ് പറയുന്നത്. ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മൂന്ന് ഫറവോമാരുടെ ശവകുടീരങ്ങൾ പുരാതന നൈൽ ഡെൽറ്റ നഗരമായ ടാനിസിലെ അവശിഷ്ടങ്ങൾക്കിടയിൽ 1939 ലും 1940 ലും കണ്ടെത്തിയിരുന്നു. കൂടാതെ അധികം അറിയപ്പെടാത്ത അബിഡോസ് രാജവംശത്തിലെ നാല് ചെറിയ രാജകീയ ശവകുടീരങ്ങൾ 2014ൽ കണ്ടെത്തിയതായും നാഷണൽ ജോഗ്രഫിക്ക് വെബ്സൈറ്റ് പറയുന്നു. എന്നിരുന്നാലും തെക്കൻ ഈജിപ്തിലെ ലക്സറിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ‘രാജാക്കന്മാരുടെ താഴ്വര’യ്ക്ക് സമീപം തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയതിന് ശേഷം രാജകീയമായ മറ്റൊരു കല്ലറ കണ്ടെത്തുന്നത് ഇതാദ്യമാണ്, ആ കാര്യത്തിൽ തർക്കമില്ല.
#Pharaoh
#Thutmose
#Tomb #Egypt #Tutankhamun #History