ഈ വർഷത്തെ സമാധാന നോബേലിനായി വ്യക്തികളെയും സംഘടനകളെയും ഉൾപ്പെടെ മൂന്നൂറോളം പേരെ നാമനിർദേശം ചെയ്തതായി നോർവീജിയൻ നോബേൽ ഇൻസ്റ്റിറ്റ്യൂട്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും,ഫ്രാൻസിസ് മാർപാപ്പയും പട്ടികയിലുണ്ടെന്നാണ് വിവരം. 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ 338 നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 286 പേരായിരുന്നു. അതേസമയം 2016 ലെ റെക്കോർഡായ 376 ഇതുവരെ മറികടന്നിട്ടില്ല.
ഔദ്യോഗിക പട്ടിക 50 വർഷത്തേക്കു പുറത്തുവിടരുതെന്നാണ് നിയമം. എന്നിരുന്നാലും നാമനിർദേശം ചെയ്യാൻ യോഗ്യതയുള്ള മുൻ നോബേൽ ജേതാക്കൾ, നിയമനിർമാതാക്കൾ, എല്ലാ രാജ്യങ്ങളിലെയും കാബിനറ്റ് മന്ത്രിമാർ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് അവരവർ നാമനിർദേശം ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്താനാകും.
യുഎസ് കോൺഗ്രസ് അംഗം ഡാരെൽ ഇസ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ട്രംപിനെ നാമനിർദ്ദേശം ചെയ്തതായി പരസ്യമായി പ്രസ്താവിച്ചു. സമാധാന നൊബേലിന് ട്രംപിനെക്കാള്‍ അര്‍ഹതയുള്ളയാള്‍ ആളില്ലെന്നാണ് എക്സില്‍ അദ്ദേഹം കുറിച്ചത്. മിഡില്‍ ഈസ്റ്റില്‍ ട്രംപ് നടത്തിയ സമാധാനപ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. അതേസമയം നൊബേലിന് നാമനിര്‍ദേശം ചെയ്യാനുള്ള അവസാന തീയതി കഴിഞ്ഞാണ് ഇസ്സയുടെ നാമനിര്‍ദേശം.
മുൻ വർഷങ്ങളിലും ട്രംപ് നോമിനിയായിരുന്നു, എന്നാൽ ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള മോസ്കോയുമായുള്ള ചർച്ചകളും യൂറോപ്യൻ രാജ്യങ്ങളുമായുള്ള യുഎസ് സഖ്യങ്ങളിലെ മാറ്റങ്ങളും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വിവാദ വിദേശനയ നീക്കങ്ങൾക്കിടയിൽ ഈ വർഷത്തെ ഊഹാപോഹങ്ങൾ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്.റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഇത്തവണത്തെ നാമനിർദേശം എന്നതു ശ്രദ്ധേയമാണ്. മുൻ നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റു ചിലർ.
#Nobelprize #DonaldTrump #PopeFrancis