പ്രശസ്ത ഹോളിവുഡ് നടനും ഓസ്കാർ ജേതാവായ യുഎസ് നടൻ ജീൻ ഹാക്ക്മാനെയും (95) ഭാര്യ ബെറ്റ്സി അരക്വയും (63) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണത്തിന്റെ യഥാർത്ഥ കാരണം പുറത്ത്. ഹാക്മന്റെ മരണം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നും അരക്കാവയുടെ മരണകാരണം ഹാന്റാവൈറസുണ്ടാക്കുന്ന ഒരുതരം അവസ്ഥകൊണ്ടാണെന്നുമാണ് വിവരം.മെഡിക്കൽ ഇൻവെസ്റ്റിഗേറ്ററുടെ ന്യൂ മെക്സിക്കോ ഓഫീസാണ് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
എലികളുമായുള്ള സമ്പർക്കത്തിലൂടെ ഉണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന അപൂർവ രോഗമായ ഹാന്റവൈറസ് പൾമണറി സിൻഡ്രോം മൂലമാണ് അരക്വ മരിച്ചതെന്ന് ന്യൂ മെക്സിക്കോ മെഡിക്കൽ ഇൻവെസ്റ്റിഗേറ്റർ ഓഫീസിലെ ചീഫ് മെഡിക്കൽ എക്സാമിനർ ഡോ. ഹീതർ ജാരെൽ പറഞ്ഞു. അരക്വയുടെ മൃതദേഹത്തിനടുത്തുള്ള കുളിമുറിയിൽ ചിതറിക്കിടക്കുന്ന ഗുളികകൾ തൈറോയ്ഡ് മരുന്നുകളാണെന്നും അവ മരണവുമായി ബന്ധപ്പെട്ടതല്ലെന്നും ജാരെൽ പറഞ്ഞു.
അരക്കാവയാണ് ആദ്യം മരിച്ചത്. ഭാര്യയുടെ മൃതശരീരത്തിനൊപ്പമായിരുന്നു മരിക്കുന്നതുവരെ ഹാക്മൻ ചിലവിട്ടതെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ പറയുന്നു. അൽഷൈമേഴ്സ് ഉണ്ടായിരുന്നതിനാൽ അരക്കാവയുടെ മരണം അദ്ദേഹം അറിഞ്ഞിരിക്കാൻ വഴിയില്ലെന്നാണ് ഡോ.ഹീതർ ജാറെലിന്റെ നിഗമനം. ഹാക്മന്റേത് സ്വാഭാവിക മരണമാണെന്നാണ് മെഡിക്കൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പീതർ ജാറെൽ നൽകിയിരിക്കുന്ന വിവരം. ഹൃദയസംബന്ധമായ അസുഖത്തിനൊപ്പം അൽഷൈമേഴ്സുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അദ്ദേഹത്തിനുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അദ്ദേഹത്തിന്റെ പേസ്മേക്കർ ഫെബ്രുവരി 18-നാണ് അവസാനമായി റെക്കോർഡ് ചെയ്യപ്പെട്ടത്. ഈ ദിവസത്തിനടുപ്പിച്ചാവാം മരണം സംഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പോസ്റ്റ്മോർട്ടത്തിൽ ഹാക്മന്റെ വയറ് ഒഴിഞ്ഞതായാണ് കണ്ടെത്തിയത്. അരക്കാവയുടെ മരണശേഷം ഹാക്മൻ ആരെങ്കിലുമായി ആശയവിനിമയം നടത്തിയതിനുള്ള തെളിവുകൾ ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
അരക്കാവയുടെ മരണത്തിന് കാരണമായ ഹാന്റാ വൈറസ് രോഗം അപൂർവമാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എലികളുടെ വിസർജ്യത്തിലൂടെയാണിത് പകരുന്നത്. ന്യൂ മെക്സിക്കോയിൽ ഡീർ മൗസ് ആണ് ഈ വൈറസിന്റെ വാഹകർ. പനി പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്. തുടർന്ന് രോഗിക്ക് കടുത്ത ശ്വാസം മുട്ടലും അവയവങ്ങളുടെ പരാജയവും സംഭവിക്കുന്നു.
ഹാക്മന്റെയോ ഭാര്യയുടെയോ ശരീരത്തിൽ മുറിവുകളോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. പൂർണമായും വസ്ത്രം ധരിച്ചനിലയിലായിരുന്നു ഹാക്മന്റെ മൃതദേഹം. സമീപത്തായി സൺഗ്ലാസ് വീണുകിടക്കുന്നുണ്ടായിരുന്നു. മൃതദേഹത്തിനരികെ ഗുളികകൾ ചിതറിവീണനിലയിലായിരുന്നു. വീട്ടിലെ വളർത്തുനായ്ക്കളിലൊന്നിനെ ചത്തനിലയിൽ കണ്ടെത്തിയതും കുളിമുറിയിലായിരുന്നു. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയാണ് ചത്തത്. അതേസമയം, മറ്റുരണ്ട് വളർത്തുനായ്ക്കൾ യാതൊരു ആരോഗ്യപ്രശ്നവുമില്ലാതെ വീട്ടിൽ തന്നെ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.