ഇതിന്റെ ഒരു ശാഖയിൽ തന്നെ നൂറോളം കായ്കൾ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്
കേരളത്തിലെ ഏറ്റവും വലിയ, ജൈവവൈവിധ്യം നിറഞ്ഞ, മിറിസ്റ്റിക്ക് ചതപ്പ് കാണപ്പെടുന്ന വിശ്വാസവും പ്രകൃതിയും ഭാഗമായിട്ടുള്ള ഈ പ്രദേശം അല്ലെങ്കിൽ കാവ്, സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയായ കാസർഗോഡ് ആണ് ഉള്ളത്. ഏകദേശം 55 ഏക്കർ ആണ് ഈ കാവിന്റെ വലിപ്പം, പക്ഷേ എല്ലായിടത്തെപ്പോലെ പ്രകൃതി നാശം ഈ കാവിനെയും ബാധിച്ചു. ജൈവിക പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഈ കാവ് കാസർകോട് ജില്ലയിലെ ഭീമനടി വില്ലേജിലാണ് ഉള്ളത്.
നീലേശ്വരത്ത് നിന്ന് 25 കിലോമീറ്റർ കിഴക്ക് മാറിയാണ് കമ്മാടം കാവ് ഉള്ളത്, കമ്മാടത്ത് ഭഗവതി ക്ഷേത്രത്തിനോട് അനുബന്ധിച്ചാണ് പ്രസ്തുത കാവ് നിലനിൽക്കുന്നത്. ഉത്തര കേരളത്തിലെ ഏറ്റവും വലിയ കളിയാട്ട കാവുകളിൽ ഒന്നാണ് കമ്മാടത്ത് ഭഗവതി ക്ഷേത്രത്തിലെത് . ഒരേസമയം വിശ്വാസികൾ ആയിട്ടുള്ളവർക്കും, പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും ഇഷ്ടപ്പെടുന്നവർക്കും, പോരാഞ്ഞിട്ട് നല്ല വേനൽക്കാലത്ത് തണുപ്പും ആഗ്രഹിക്കുന്നവർക്കും കാവ് അനുഗ്രഹമാണ്. അർധരഹിത വനത്തിന്റെ പ്രത്യേകതയുള്ള ഈ കാവിൽ മിറിസ്റ്റിക്ക (കാവടിവേരുകളാൽ ചുറ്റപ്പെട്ടത്) എന്ന ചതുപ്പും ഉണ്ട്. മൂന്ന് ഏക്കറിലാണ് ഈ ചതുപ്പ് ഉള്ളത്.
ഈ കാവിൽ ഇരുമുള്ള്(Xylia xylocarpa), ഈട്ടി(വീട്ടി- Dalbergia latifolia), വൈനാവ്(നാഗപ്പൂ-Mesua ferrea), വെണ്ടേക്ക്(വെൺതേക്ക്- Lagerstroemia microcarpa) തുടങ്ങിയ ഘനമരങ്ങൾ വളരുന്നുണ്ട്. പുഴക്കരയിൽ ചോരപ്പാലി (ചോരപ്പൈൻ- Knema attenuate), വെൺകൊട്ട(വെങ്കടവം- Lophopetalum wightianum) എന്നീ മരങ്ങളുമുണ്ട്. കാവിനുള്ളിൽ ഈറ്റക്കാടുകളും ഉണ്ട്. മലയണ്ണാൻ, വേഴാമ്പൽ എന്നിവയും ട്രീ നിംഫ് (വന ദേവത) എന്ന അപൂർവവും തനതുമായ ചിത്രശലഭയിനത്തെയും കാണാൻ കഴിയും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അന്വേഷണത്തിലാണ് ഈ ചതുപ്പ് കണ്ടെത്തിയത്.ഇവിടുത്തെ ചതുപ്പിൽ കണ്ടൽപോലെ വേരുകളോടു കൂടിയ കാട്ടുജാതിക്ക മരം ധാരാളമായി വളരുന്നു. ഈ മരത്തിലെ ഫലങ്ങൾ നാട്ടുജാതിക്കയെ അപേക്ഷിച്ച് വളരെ ചെറുതാണ്. ഇതിന്റെ ഒരു ശാഖയിൽ തന്നെ നൂറോളം കായ്കൾ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.മിറിസ്റ്റിക്ക ചതുപ്പുകൾ ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ മാത്രമാണുള്ളതെന്ന് കരുതുന്നു. വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള വിരളമായ ഈ സസ്യസമ്പത്ത് കേരളത്തിൽ 1960-കളിലാണ് കൊല്ലം ജില്ലയിലെ ചെന്തുരുണി-കുളത്തൂപ്പുഴ വനമേഖലയിൽ ആദ്യമായി കണ്ടെത്തിയത്. 15 മുതൽ 30 വരെ മീറ്റർ വരെ ഉയരത്തിൽ വളരുന്ന തലപ്പ് വിസ്തൃതമായുള്ള നിത്യഹരിതസസ്യങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. വണ്ണക്കുറവും ശിഖരരഹിതവുമായിരിക്കും ഇവിടുത്തെ സസ്യങ്ങൾ.
![]() |
കണ്ടൽക്കാട് |
കമ്മാടം കാവിൽ ഒരു കണ്ടൽക്കാടിനെ പോലെയുള്ളതാണ് മിരിസ്റ്റിക്ക. കണ്ടൽക്കാടുകൾ ഉപ്പുവെള്ളത്തിലാണ് വളരുന്നത്.ഇവിടെ ശുദ്ധജലത്തിൽ. വനസസ്യങ്ങളുടെ അവശിഷ്ടങ്ങളാണിവ. കടലിൽനിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം ഉയരവും സമുദ്രനിരപ്പിൽനിന്ന് 100 അടിയിൽ താഴെ ഉയരവുമാണ് കമ്മാടം കാവിലെ മിരിസ്റ്റിക്കയുള്ളത് ഈ ഇനത്തിന് മുട്ടുവേരുകൾ ജലനിരപ്പിന് മുകളിലാണ്. കാര്യങ്കോട് പുഴയിലേക്ക് ഒഴുകുന്ന അഞ്ച് അരുവികൾ കാവിന്റെ മറ്റൊരു സവിശേഷതയായി ‘ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ’ പുസ്തകത്തിൽ ഡോ. ഇ ഉണ്ണികൃഷ്ണൻ നിരിക്ഷിക്കുന്നുണ്ട്. കമ്മാടംകാവിൽ നിന്ന് 2008ൽ ‘ഫിസിഘൻസ് കമ്മാടൻഡിസ് ’എന്നു പുതിയ ഇനം പായലും കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളായ ഓർക്കിഡുകളടക്കം ഇരുന്നൂറിലധികം വരുന്നസസ്യജാലങ്ങളുൾപ്പെടെ തനതായ പലജീവജാലങ്ങളുടെയും ആവാസയിടം കാവിലെ ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നു. മലബാർ ദേവസ്വം ബോർഡ്, ക്ഷേത്ര ഭരണസമിതി , ലാൻഡ് റവന്യൂ വകുപ്പ്, വനം വകുപ്പ് ,കമ്മാടം കാവ് സംരക്ഷണ സമിതിയും സംയുക്തമായാണ് കാവ് സംരക്ഷിക്കുന്നത്.
#KammadamKavu #Kasargod#SacredGrove #KeralaNature #Biodiversity