'മയോറാന ഫെർമിയൺ' എന്ന സൈദ്ധാന്തിക കണികയിൽ നിന്നാണ് ഇത്തരം ഒരു ആശയം ഉടലെടുത്തത്.
2025 ഫെബ്രുവരി 19ന് മൈക്രോസോഫ്റ്റ് പുതിയ ക്വാണ്ടം ചിപ്പ് അവതരിപ്പിച്ചു, എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.വർഷങ്ങൾക്കുള്ളിൽ ക്വാണ്ടം കംപ്യൂട്ടിങ് യാഥാർത്ഥ്യമാകുമെന്നും അതിനായി ഇനി ദശാബ്ദങ്ങൾ കാത്തിരിക്കേണ്ടതില്ല എന്നും മൈക്രോസോഫ്റ്റ് പുതിയ ക്വാണ്ടം കംപ്യൂട്ടിങ് ചിപ്പ് അവതരിപ്പിച്ചതിലൂടെ വ്യക്തമാകുന്നത്. അതായത് ഇന്നത്തെ കംപ്യൂട്ടറുകൾക്ക് ദശലക്ഷക്കണക്കിന് വർഷങ്ങളെടുത്ത് മാത്രം ചെയ്യാനാകുന്ന ജോലികൾ വേഗത്തിൽ കൈകാര്യം ചെയ്യാനാകുമെന്നതാണ് ക്വാണ്ടം കംപ്യൂട്ടറുകളുടെ പ്രത്യേകത. ശാസ്ത്രം, ഗണിതം ഉൾപ്പടെ ജീവിതത്തിന്റെ നാനാ മേഖലയിൽ അനന്ത സാധ്യതകളാണ് ക്വാണ്ടം കംപ്യൂട്ടിങ്ങിനുമേൽ കൽപ്പിക്കപ്പെടുന്നത്.
ക്വാണ്ടം കംപ്യൂട്ടിങ്ങിനായുള്ള ഈ പരിശ്രമങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് മൈക്രോസോഫ്റ്റ് നടത്തിയിരിക്കുന്നത്. മയോറാന 1 എന്ന ആദ്യ ക്വാണ്ടം ചിപ്പ് ആണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ടോപോ കണ്ടക്ടർ' എന്ന പുതിയ പദാർത്ഥത്തിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ക്വാണ്ടം കംപ്യൂട്ടറുകളുടെ അടിസ്ഥാനമായ ക്യുബിറ്റുകൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള നൂതനമായൊരു പദാർഥമാണിതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 'ടോപോളജിക്കൽ സൂപ്പർ കണ്ടക്ടർ' എന്നും 'ടോപോ കണ്ടക്ടർ' എന്നും ഇതിനെ വിളിക്കുന്നു.
സെമികണ്ടക്ടറുകളുടെ കണ്ടെത്തൽ ഇന്നത്തെ സ്മാർട്ഫോണുകളും കംപ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യകളും യാഥാർഥ്യമാക്കിയത് പോലെ ടോപോ കണ്ടക്ടറുകളും അവയിലൂടെ സാധ്യമാകുന്ന പുതിയ തരം ചിപ്പും സങ്കീർണമായ വ്യാവസായിക സമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ക്വാണ്ടം സിസ്റ്റങ്ങളുടെ വികാസത്തിന് വഴിപാകുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
ഈ പുതിയ നിർമാണ രീതിയിലൂടെ ഒരാളുടെ കൈയ്യിൽ ഒതുങ്ങുന്ന ചിപ്പിൽ ദശലക്ഷക്കണക്കിന് ക്യുബിറ്റുകൾ സ്ഥാപിക്കാനുള്ള വഴിതുറന്നുവെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ദശലക്ഷം ക്യുബിറ്റുകളുള്ള ക്വാണ്ടം കംപ്യൂട്ടറിന് ചെയ്യാൻ സാധിക്കുന്നത് ഇന്ന് നിലവിലുള്ള മുഴുവൻ കംപ്യൂട്ടറുകൾ ഒന്നിച്ച് പ്രവർത്തിച്ചാലും ചെയ്യാൻ സാധിക്കില്ലെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകൾക്ക് പുറമെ നാലാമതൊരു അവസ്ഥയിലുള്ള പദാർത്ഥമാണ് 'ടോപോകണ്ടക്ടർ ' എന്നാണ് മൈക്രോസോഫ്റ്റ് നൽകുന്ന വിശദീകരണം. 1937 ൽ ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞനായ എറ്റോറെ മയോറാന പ്രവചിച്ച 'മയോറാന ഫെർമിയൺ' എന്ന സൈദ്ധാന്തിക കണികയിൽ നിന്നാണ് ഇത്തരം ഒരു ആശയം ഉടലെടുത്തത്. ചിപ്പിന് ആ പേര് നൽകിയതും അതുകൊണ്ടു തന്നെ.
കൂടുതൽ സ്ഥിരതയുള്ളതും വേഗമുള്ളതും ചെറുതും, ഡിജിറ്റലി നിയന്ത്രിക്കാൻ സാധിക്കുന്നതുമായ ക്യുബിറ്റ് ഉത്പാദിപ്പിക്കാൻ ഈ പദാർത്ഥത്തിന്റെ സഹായത്തോടെ സാധിച്ചു.'ടോപോളജിക്കൽ ക്യുബിറ്റ് ' എങ്ങനെ വികസിപ്പിച്ചുവെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകത്താദ്യമായി ടോപ്പോളജിക്കൽ കോറിന്റെ പിൻബലത്തിൽ നിർമിച്ച 'മയോറാന 1' വിശ്വസിക്കാവുന്ന തരം രൂപകൽപനയാണെന്നും ഹാർഡ് വെയർ തലത്തിൽ പിഴവുകളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതാണെന്നും കൂടുതൽ സ്ഥിരതയുള്ളതാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
ഗൂഗിൾ, ഐബിഎം, ഇന്റൽ ഉൾപ്പടെയുള്ള കമ്പനികളും ക്വാണ്ടം പ്രൊസസറുകൾ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ അവയെല്ലാം ഇലക്ട്രോണുകളും സൂപ്പർ കണക്ടിങ് സർക്ക്യൂട്ടുകളും അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ വിശ്വസനീയമായ രീതിയിൽ പിഴവുകളെ പ്രതിരോധിക്കാനുള്ള ശേഷി കൈവരിക്കുക എന്നത് ഇവയെ സംബന്ധിച്ച് ഒരു പരിമിതിയാണ്. എന്നാൽ 'ടോപ്പോളജിക്കൽ ക്യുബിറ്റ്' ഉപയോഗിച്ചുള്ള മൈക്രോസോഫ്റ്റിന്റെ സമീപനം ഹാർഡ് വെയർ തലത്തിൽ പിഴവുകളെ പ്രതിരോധിക്കാനുള്ള ശേഷി ചിപ്പിന് നൽകും. ഇതുവഴി മയോറാന ചിപ്പിന് കൂടുതൽ സ്ഥിരത കൈവരിക്കാനാവുന്നു.
ഉപയോഗിക്കാൻ എന്നു മുതൽ സാധിക്കും?
മയോറാന 1 ചിപ്പിന്റെ കണ്ടെത്തൽ കംപ്യൂട്ടിങ് രംഗത്തെ നാഴികക്കലാകുമെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം സാധ്യമാകാൻ ഇനിയും വർഷങ്ങളെടുക്കും. നേരത്തെ കരുതിയിരുന്ന പോലെ പതിറ്റാണ്ടുകൾ അതിനായി കാത്തിരിക്കേണ്ടതില്ല എന്നാണ് മൈക്രോസോഫ്റ്റ് പറഞ്ഞുവെക്കുന്നത്. കഴിഞ്ഞ 17 വർഷക്കാലമായി മൈക്രോസോഫ്റ്റിന്റെ ഗവേഷകർ ഇതിന് പിറകെയാണ്. ഇതിന്റെ പ്രവർത്തനക്ഷമമായ പ്രോട്ടോടൈപ്പ് കമ്പനി അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിൽ ഇനിയും ജോലികൾ ബാക്കിയുണ്ടെന്ന് കമ്പനി പറയുന്നു.