കേരളത്തിലെ കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി ഹൈക്കമാന്‍ഡ് നേതൃത്വം. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കിയ ശേഷം കണ്ണൂരില്‍ നിന്ന് തന്നെയുള്ള പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചു. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും നിയമിച്ചു.
എംഎല്‍എമാരായ പിസി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എംപി എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. 2001ല്‍ കെ സുധാകരന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴും പിന്‍ഗാമിയായി എത്തിയത് സണ്ണി ജോസഫ് ആയിരുന്നു. സമാനമായ രീതിയില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം കെപിസിസിയുടെ അമരത്തും എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നിന്നുള്ള എംഎല്‍എയാണ് സണ്ണി ജോസഫ്.സുധാകരനെ എഐസിസി പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കി.
നിലവിലെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്, ടി. സിദ്ദിഖ് എന്നിവരെ പദവിയില്‍ നിന്നൊഴിവാക്കി. പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍നിന്നു നീക്കി. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2011ല്‍ കന്നിയങ്കത്തില്‍ സിപിഎമ്മിന്റെ കെകെ ശൈലജയെ സിറ്റിംഗ് സീറ്റില്‍ പരാജയപ്പെടുത്തിയാണ് സണ്ണി ജോസഫ് നിയമസഭയിലേക്ക് എത്തിയത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ശക്തമായ മത്സരത്തെ അതീജീവിച്ച് ഹാട്രിക് വിജയം പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
#KPCC #SunnyJoseph