പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം 99.69 % ആയിരുന്നു വിജയ ശതമാനം. സേ പരീക്ഷകള്‍ മെയ് 28 മുതൽ ജൂൺ അഞ്ച് വരെ നടക്കും.
കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ 100 ശതമാനം വിജയം നേടി. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം നേടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,115 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 4934 ആയിരുന്നു.ഏറ്റവും വലിയ സെൻ്ററായ എടരിക്കോട് സ്കൂളിൽ പരീക്ഷ എഴുതിയ 2,017 കുട്ടികളിൽ 2,013 പേർ ജയിച്ചു. കരിക്കകം സ്കൂളിലാണ് വിജയ ശതമാനം (73.68%) ഏറ്റവും കുറവ് 2,331 സ്കൂളുകൾ (സർക്കാർ സ്കൂൾ - 856, എയ്ഡഡ് - 1,034, അൺ എയ്ഡഡ് - 441) മുഴുവൻ വിദ്യാർഥികളും വിജയിച്ചു.
പട്ടിക ജാതി വിഭാഗത്തിൽ നിന്നും പരീക്ഷ എഴുതിയ 39,981 വിദ്യാർഥികളിൽ 3,9447 പേർ ജയിച്ചു. 98.66 ശതമാനമാണ് വിജയം . 2,130 വിദ്യാർഥികൾ ഫുൾ എ പ്ലസും നേടി. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള 7,135 വിദ്യാർഥികളും (98.02%) വിജയിച്ചു. 162 വിദ്യാർഥികളാണ് ഫുൾ എ പ്ലസ് നേടിയത്.
ഗൾഫിൽ 681 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. അതിൽ 675 പേർ വിജയിച്ചു. ലക്ഷദ്വീപിൽ 428 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 447 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 9,851 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കാളികളായി.
റ്റിഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയ 3,055 വിദ്യാർഥികളിൽ 3,039 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം 99.48. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 429. എസ്.എസ്.എല്‍.സി. (എച്ച്.ഐ) പരീക്ഷ എഴുതിയ 207 വിദ്യാർഥികളിൽ 206 കുട്ടികൾ വിജയിച്ചു. വിജയ ശതമാനം 99.5. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 31. റ്റിഎച്ച്എസ്എല്‍സി (എച്ച്.ഐ) പരീക്ഷയിൽ 100 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 12 പേരും വിജയിച്ചു.
4,41,887 പ്ലസ് വൺ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 33,030 വൊക്കേഷണൽ ഹയർ സെക്കൻഡറി സീറ്റും. ആകെ 4,74,917 സീറ്റുകൾ. 50,334 സീറ്റുകളുടെ വ്യത്യാസമാണുള്ളത്. 79,222 പേരാണ് മലപ്പുറത്ത് ഉപരി പഠനത്തിന് അർഹത നേടിയത്. ജില്ലയിൽ 78,331 സീറ്റുകളാണ് ഹയർ സെക്കൻഡറിയിൽ ലഭ്യമായിട്ടുള്ളത്. വൊക്കേഷണലും ചേർത്ത് ആകെ 81,182 സീറ്റുകൾ മലപ്പുറത്ത് ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം പത്ത് ശതമാനം കുറഞ്ഞ സ്കൂളുകളുടെ കാര്യം പരിശോധിക്കുമെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഡെപ്യൂട്ടി ഡയറക്ടർമാർക്കാകും അന്വേഷണ ചുമതല. ഹയർ സെക്കൻഡറി പ്രവേശനത്തിന് പ്രിൻസിപ്പൽമാരുടെ അധ്യക്ഷതയിൽ അഡ്മിഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സീനിയർ അധ്യാപകർ കമ്മിറ്റിയിൽ അംഗങ്ങളാകും. സർക്കാർ നിർദേശിക്കുന്ന രീതിയിൽ അല്ലാതെ പ്രവർത്തിക്കുന്ന സ്കൂൾ പിടിഎ കമ്മിറ്റികൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കും. ഇത്തരം കമ്മിറ്റികൾ പിരിച്ചുവിടും. അനധികൃത പിരിവ് അനുവദിക്കില്ലെന്നും പരാതി കിട്ടിയാൽ കടുത്ത നടപടിയിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു കുട്ടിക്കും പ്രവേശനം നിഷേധിക്കരുത്. പിടിഎയുടെ അമിതാധികാരത്തെ കുറിച്ച് നിരവധി പരാതി ലഭിച്ചു. കുട്ടികളുടെ മേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാൻ പറ്റില്ല. ചോദിക്കുന്ന കാശ് കൊടുക്കാത്തതിൻ്റെ പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ടാൽ കടുത്ത നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.