അതിർത്തിയിൽ സംഘർഷം കനത്ത സാഹചര്യത്തിൽ, ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ - Ipl 2025) മത്സരങ്ങൾ നിർത്തിവയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു. ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെയുള്ള ടീമുകൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് നിര്‍ണായക തീരുമാനത്തിന് ബിസിസിഐ ഒരുങ്ങിയത്.
രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഐപിഎൽ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കേണ്ടി വന്നത്.
‘ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. കളിക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാൽ ടൂർണമെന്റ് തൽക്കാലം നിർത്തുന്നു. ശേഷിക്കുന്ന മത്സരങ്ങൾ നടത്താനാകുമോ എന്നും എന്നു നടത്താനാകുമെന്നും പിന്നീട് പരിശോധിക്കും. തൽക്കാലം രാജ്യതാൽപര്യത്തിനാണ് പ്രാധാന്യം’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിവയ്ക്കേണ്ടി വന്നതു മുതൽ ടൂർണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയർന്നിരുന്നു. ഇതോടെയാണ് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.
കശ്മീരിൽനിന്ന് 200 കിലോമീറ്റർമാത്രം അകലെയുള്ള ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള കളി പാതിവഴിയിൽ വച്ചാണ് ഒഴിവാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റണ്ണെന്നനിലയിലാണ് കളി തടസ്സപ്പെട്ടത്. പതിനൊന്നാം ഓവർ തുടങ്ങിയപ്പോഴേക്കും രണ്ട് ഫ്ളഡ്ലിറ്റുകൾ കണ്ണടച്ചു. തുടർന്ന് കളി നിർത്തി. മഴയെത്തുടർന്ന് ഒരുമണിക്കൂർ വൈകിയാണ് കളി തുടങ്ങിയതും.സാങ്കേതിക തകരാറിനെത്തുടർന്ന് കളി ഉപേക്ഷിക്കുകയാണെന്നായിരുന്നു ബിസിസിഐ വിശദീകരണം. കളിക്കാരെയും കാണികളെയും സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു.
#IPL2025