![]() |
Exiguobacterium abrahamii |
കണ്ടൽക്കാടുകൾ എന്ന വലിയൊരു ജൈവ ആവാസവ്യവസ്ഥയിൽ നിന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന 'ബാക്ടീരിയയെ' കേരള യൂണിവേഴ്സിറ്റി ഗവേഷകർ കണ്ടെത്തി.'എക്സിക്കോ ബാക്ടീരിയം അബ്രഹാമി' എന്നറിയപ്പെടുന്ന ബാക്ടീരിയ ആണ് കണ്ടെത്തിയത്.
Exiguobacterium abrahamii (എക്സിക്കോ ബാക്ടീരിയം അബ്രഹാമി) എന്നതാണ് ഈ പുതിയ സ്പീഷീസിന് നൽകിയിരിക്കുന്ന പേര്. ഈ പേര് നൽകാൻ കാരണം കേരള യൂണിവേഴ്സിറ്റി(Kerala University) സസ്യശാസ്ത്ര വിഭാഗത്തിന്റെ ആദ്യ മേധാവിയായിരുന്ന പ്രോ. എ. അബ്രഹാമിനോടുള്ള ബഹുമാനാർത്ഥം ആണ്.ലോകത്തിലെ ഏറ്റവും വലിയ മാൻഗ്രൂവ് ഇക്കോസിസ്റ്റം ആയ പിച്ചാവരം (തമിഴ്നാട്) നിന്നും കിട്ടിയ മണ്ണ് സാംപിളിൽ നിന്നാണ് ഈ ബാക്റ്റീരിയം വേർതിരിച്ചെടുത്തത്.ബയോടെക്നോളജി ഗവേഷണ വിദ്യാർത്ഥി ആയ സജ്ന സലിം, സസ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ ഷിബുരാജ്, എന്നിവരാണ് എന്നിവരാണ് ഈ പുതിയ ബാക്ടീരിയ സ്പീഷീസിന്റെ കണ്ടെത്തലിന് പിന്നിൽ.
ആരോഗ്യരംഗത്ത് ഭാവിയിൽ ഏറെ നേട്ടങ്ങൾക്ക് കാരണമായേക്കാവുന്ന പ്രകൃതിയുടെ അതിതീവ്ര സ്വഭാവത്തെ നേരിടാനും പ്രതിരോധിക്കാനും മറികടക്കാനും ശേഷിയുള്ളതാണ് പുതുതായി കണ്ടെത്തിയ ബാക്റ്റീരിയ എന്നാണ് ഗവേഷകരുടെ അവകാശവാദം.എക്സിക്കോബാക്റ്റീരിയം അബ്രഹാമിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് അന്താരാഷ്ട്ര പ്രശസ്തമായ സ്പ്രിങ്ങർ നേച്ചർ പ്രസിദ്ധീകരണമായ Antonie van Leeuwenhoek ജേർണലിന്റെ പുതിയ വോളിയത്തിൽ (Volume 118) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തണുത്തുറഞ്ഞ പെർമാഫ്രോസ്റ്റ്(-80°),ഹിമാനികൾ തുടങ്ങിയ തണുത്ത പരിതസ്ഥിതികളിൽ അതിജീവനം സാധ്യമായ ഈ ബാക്റ്റീരിയയെ ചൂടുനീരുറവകൾ, മരുഭൂമികൾ, മലിനമായ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ കഠിമായ വ്യത്യസ്ത ആവാസ വ്യവസ്ഥകളിൽ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന ലവണാംശം, ക്ഷാരത്വം അല്ലെങ്കിൽ ഹെവി മെറ്റൽ മലിനീകരണം പോലെ അങ്ങേയറ്റം കഠിനമായ അവസ്ഥകൾ ഉൾപ്പെടെ വൈവിധ്യമാർന്ന പരിതസ്ഥിതികളിൽ ജീവിക്കുന്ന ബാക്ടീരിയകളിലാണ് ഇവയെ പലപ്പോഴും കണ്ടിട്ടുള്ളത്.
എക്സിക്കോബാക്റ്റീരിയം അബ്രഹാമി-യുടെ വിശദമായ ജീനോം പഠനവും ഡൽഹി ഐഐടിയുടെ സഹകരണത്തോടെ നടത്തിയിട്ടുണ്ട്.ഈ പഠനത്തിൽ വിവിധ ഇൻഡസ്ട്രിയൽ ഇൻസ്യ്മുകൾ, പെപ്റ്റിഡ് ആന്റിബിയോട്ടിക്സ് എന്നിവയുടെ സാന്നിധ്യം ഈ ബാക്റ്റീരിയയിൽ കണ്ടെത്തി. വിവിധ രാസ - ലായകങ്ങളുടെ സാന്നിധ്യത്തിലും വളരെ ശേഷിയോടെ പ്രവർത്തിക്കുന്ന ഒരു പ്രോട്ടിയേസ് എൻസൈം ഈ ബാക്റ്റീരിയയിൽ നിന്നും ലഭിച്ചു. ഏത് കഠിനമായ സാഹചര്യത്തെയും മറികടക്കാനുള്ള ബാക്റ്റീരിയയുടെ കഴിവിനെ ജീനോമിക് വിശകലനത്തിലൂടെ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞതായി അവകാശപ്പെടുന്നു.
ആന്റിമൈക്രോബയൽ പ്രവർത്തനത്തിന് കാരണമാകുന്ന കോംപൌണ്ട് ഇത്തരം ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വൈദ്യശാസ്ത്ര രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാന്‍ കാരണമായേക്കാം. ആന്റിബയോഫിലിം, ആന്റിമൈക്രോബയൽ പ്രവര്‍ത്തനങ്ങളും ഈ ബാക്ടീറ്റിരിയ പ്രകടിപ്പിക്കുന്നുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്.
താപനില, പിഎച്ച്, ലവണാംശം, പോഷക പരിമിതി, ഓസ്മോളാരിറ്റി എന്നിവയുടെ തീവ്രതയെ നേരിടാൻ ഈ ബാക്ടീരിയകൾ വിവിധ സംവിധാനങ്ങൾ സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്രത്യേകതകൾ കൊണ്ട് തന്നെ വ്യാവസായികമായും കാർഷികമായും ഗുണകാരമാകുന്ന ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിന് എക്സിക്കോബാക്റ്റീരിയം അബ്രഹാമിയെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷകർ കരുതുന്നു.