ധാരാളം എഴുതിയിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു ലോകത്ത്. ഒരു തലമുറ എന്ന് പറയുന്നതിന് പകരം 100 കണക്കിന് തലമുറകൾ എന്ന് പറയുന്നത് ശരി. ആദ്യം കമ്പ്യൂട്ടറുകൾ വന്നു, അവയ്ക്ക് ഇൻപുട്ട് ഡാറ്റ നൽകാൻ കീബോർഡുകളും. ഫോണുകൾ വന്നു പിന്നെ മൊബൈൽ ഫോണുകളായി. അവയിലെ കീപാടുകളിൽ ആദ്യ ജനറേഷനിൽ പെട്ടവർ, അതിൽ ചെറിയ ചെറിയ സന്ദേശങ്ങൾ അയക്കാൻ ഞെക്കിപ്പിടിച്ചിരുന്ന കാലം. കാലം വീണ്ടും കുറച്ചു മുന്നോട്ടുപോയി എന്നുവച്ചാൽ അധിക സമയം എടുത്തില്ല എന്ന് മാത്രം കുറച്ച് വർഷങ്ങൾ. ടച്ച് സ്ക്രീൻ ഫോണുകളുടെ വരവായി. ടച്ച് സ്ക്രീൻ ഫോണുകൾ ഒരു മിനി കമ്പ്യൂട്ടറിനെ തുല്യമായിരുന്നു. അവയിലെ ആദ്യത്തെ തോണ്ടി കളിച്ചിൽ തുടങ്ങി പിന്നെ എന്തിന് ഏതിനും മെസ്സേജ് അയക്കാൻ ടൈപ്പ് ചെയ്യുന്ന ലളിതമായ അവസ്ഥയിലേക്ക് മാറി. അതോടെ മനുഷ്യൻ എഴുത്ത് എന്ന അവസ്ഥയെ പതിയെ മറക്കാൻ തുടങ്ങി. എഴുത്ത് എന്ന് കേൾക്കുന്നത് പോലും അലർജിയാകുന്ന വ്യക്തികളുണ്ട്, എഴുത്ത് അയക്കുന്ന ശീലം തന്നെ ഇല്ലാതായി. ഇല്ലെന്റുകൾ മുൻതലമുറകളുടെ ഗൃഹാതുരമായ ഓർമ്മകളായി മാറി. ഇന്നത്തെ തലമുറയിൽ കൃത്യമായി പറഞ്ഞാൽ ഒരു 15 വർഷത്തിനിടയിൽ ഉണ്ടായ തലമുറയിൽ സ്മാർട്ട് ഫോണുകൾ തന്നെയാണ് എല്ലാറ്റിനും മുകളിൽ!
കയ്യെഴുത്ത് പൂർണ്ണമായും കമ്പ്യൂട്ടർ കീ ബോർഡുകളും, സ്മാർട്ട് ഫോണിലെ ടച്ച് സ്ക്രീനുകൾക്കും വിട്ടുകൊടുത്ത ഈ തലമുറ അല്ലെങ്കിൽ ഇനിയും വരാൻ പോകുന്ന തലമുറ എഴുത്ത് എന്ന അഭ്യാസം പൂർണ്ണമായും മേൽപ്പറഞ്ഞവയ്ക്ക് വിട്ടുകൊടുത്ത് 'പേപ്പർഫ്രീ'യായി ('Paperfree'). പക്ഷേ ഈ പുരോഗമനത്തിന് വേണ്ടി നമ്മൾ വിട്ടുകൊടുക്കേണ്ടി വരുന്നത് വലിയ വിലയാണെന്നാണ് മസ്തിഷ്കത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർ പറയുന്നത്. ആരെങ്കിലും സമ്മതിച്ചു കൊടുക്കുമോ എന്നത് കാലം തെളിയിക്കും?
കീബോർഡിൽ കൈയ്യക്ഷരങ്ങൾ സുഗമമായും നാടൻ ഭാഷയിൽ പറഞ്ഞാൽ അടിപൊളിയായി തെളിഞ്ഞു വരുമ്പോൾ കയ്യക്ഷരങ്ങൾ മസ്തിഷ്കവുമായി ചേർന്ന് കൈവരിക്കുന്ന വൈജ്ഞാനിക കഴിവുകൾ പതുക്കെ ഇല്ലാതാകും തന്മൂലം തലച്ചോറിൽ സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. ഏതൊരു വിവരവും മനസ്സിലാക്കാനുള്ള കഴിവിനെയും, ചിന്താശേഷിയെയും, ഓർമ്മശക്തിയെയും ഇത് ഇല്ലാതാക്കും.
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഉൾപ്പെട്ട നോർവേയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് കയ്യെഴുത്തും, ടൈപ്പിങ്ങും തമ്മിലുള്ള ബൗദ്ധികമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്. 256 ഇലക്ട്രോണുകൾ വിദ്യാർത്ഥികളുടെ മസ്തിഷ്കത്തിൽ ഘടിപ്പിച്ചതിനു ശേഷം അവർ എഴുതുമ്പോഴും ടൈപ്പ് ചെയ്യുമ്പോഴും സംഭവിക്കുന്നത് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് നിരീക്ഷിക്കുകയാണ് ഗവേഷകർ ചെയ്തത്. ടൈപ്പ് ചെയ്യുന്ന സമയത്ത് തലച്ചോറിൽ കാര്യമായ യാതൊരു പ്രവർത്തനവും നടക്കുന്നില്ല എന്ന് അവർ കണ്ടെത്തി, അതേസമയം കൈകൊണ്ട് എഴുതുന്ന സമയത്ത് ഓർമ്മയുമായി പഠനവുമായി ബന്ധപ്പെട്ട നാഡികൾ സജീവമാകുന്നു. ഇതാണ് ഈ പഠനത്തിലെ പ്രധാനമായ കാതൽ.
നിർജീവമായ അക്ഷരങ്ങൾ ഉണ്ടാക്കുകയല്ല കൈയെഴുത്തുകൾ ചെയ്യുന്നത് മറിച്ച് എഴുത്തു പ്രക്രിയയിൽ തലച്ചോറിനെ കൂടി ഇടപഴകിക്കുകയാണ് ചെയ്യുന്നത്. ടൈപ്പ് ചെയ്യുമ്പോൾ ഈ സംഗതി നടക്കുന്നില്ല. എഴുതുമ്പോൾ നിയന്ത്രിതമായ ചലനത്തിലൂടെ ഓർമ്മകൾ നിലനിർത്തുകയും, സംഗ്രഹിക്കുകയും അതുമൂലം മസ്തിഷ്കത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ഇടപെടലുകൾ ഒന്നും തന്നെ നടക്കുന്നില്ല തലച്ചോറിൽ, ഗവേഷകർ വ്യക്തമാക്കുന്നു.
എഴുതുമ്പോൾ അതൊരു ക്രിയാത്മകമായ പ്രക്രിയ ആയിട്ടാണ് തലച്ചോറ് രൂപപ്പെടുത്തുന്നത് അതിൻറെ ഫലമായി വിജ്ഞാനം, ചലനാത്മകത, ഓർമ്മശക്തി തുടങ്ങി മസ്തിഷ്കത്തിലെ ഒന്നിലധികം മേഖലകൾ സജീവമാകുന്നു. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ഓരോ അക്ഷരവും നാം കൈകൊണ്ട് എഴുതുമ്പോൾ തലച്ചോറിൽ വളരെ ആഴത്തിലുള്ള പ്രവർത്തനമാണ് നടക്കുന്നത് ഗവേഷകർ സൂചിപ്പിക്കുന്നു സ്കൂൾതലത്തിൽ കുട്ടികൾ നിർബന്ധമായും കയ്യെഴുത്തുകൾ ശീലിച്ചിരിക്കണം എന്നും ഗവേഷകർ നിർദ്ദേശിക്കുന്നു. ഇതൊക്കെ കൊണ്ട് തന്നെ ആവണം വലിയ വലിയ എഴുത്തുകാർ മുതൽ ബ്യൂറോക്രാറ്റുകൾ വരെ ഡിജിറ്റൽ (digital device) ഉപകരണങ്ങൾക്ക് പകരം 'നോട്ട്' എഴുതണമെന്ന് പറയുന്നതിലെ യാഥാർത്ഥ്യം.
English Summary : Study shows that typing on digital devices instead of writing by hand can affect brain function