ഒരു കൈ നഷ്ടമായൊരു കുഞ്ഞുമാലാഖയുടെ പ്രതിമ കല്ലറകൾക്ക് നടുവിൽ കാണാം
![]() |
കുതിരയുടെ കുഴിമാടം |
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കുതിര അന്ത്യയനിദ്രയിലുള്ള ഒരു ദേവാലയം ഉണ്ട് കേരളത്തിൽ.2500 അടിക്കു മുകളിൽ കോടമഞ്ഞിനാൽ ചുറ്റപ്പെട്ട ദേവാലയം. മൃഗങ്ങൾക്ക് ഒരു സെമിത്തേരി ഉള്ളത് അങ്ങ് ന്യൂയോർക്കിലാണ് എന്നാൽ ചരിത്രത്തിൽ ആദ്യമായി ഒരു കുതിരയെ അടക്കം ചെയ്ത സെമിത്തേരി കാണണമെങ്കിൽ ഇടുക്കി ദേവികുളം താലൂക്കിലെ പീരുമേട്ടിനടുത്ത് പള്ളിക്കുന്ന് സെന്റ് ജോര്‍ജ് സി എസ് ഐ ദേവാലയത്തിലെത്തണം.
യൂറോപ്യന്‍ നിര്‍മാണ ശൈലിയുടെ പ്രൗഢിയും ചരിത്രവും ഇടകലർന്ന,ചരിത്രമൂല്യവും പൗരാണിക പ്രസക്തിയുമുളള ഇംഗ്ലണ്ടിന്റെ കാവല്‍പിതാവായ സെയ്ന്റ് ജോര്‍ജിന്റെ നാമധേയത്തിലുള്ള സിഎസ്ഐ പള്ളി.സമുദ്രനിരപ്പിൽ നിന്നും 2500 മുതൽ 3500 അടി വരെ ഉയരമുള്ള മലനിരകളാൽ ചുറ്റപ്പെട്ട,കോട്ടയം കട്ടപ്പന റൂട്ടിൽ കുട്ടിക്കാനത്തിന് സമീപം പ്രശാന്തസുന്ദരമായ പള്ളിക്കുന്നിൽ എന്ന പ്രദേശത്ത് ആണ് ദേവാലയം നിൽക്കുന്നത്. കേണല്‍ ജോണ്‍ ഡാനിയേല്‍ മൺറോ എന്ന ബ്രിട്ടീഷുകാരന്റെ സന്തത സഹചരിയായ 'ഡൗണി'യെന്ന പെണ്‍കുതിരയുടേതാണ് ഈ കല്ലറ. കോടമഞ്ഞില്‍ പൊതിഞ്ഞ പള്ളിസെമിത്തേരിയില്‍ ഡൗണി അന്ത്യ നിദ്ര തുടങ്ങിയിട്ട് നൂറ്റാണ്ട് കഴിഞ്ഞു.
ചരിത്രത്തിൻറെ ഏടുകളിൽ 1850 വരെ ചങ്ങനാശേരി രാജവംശത്തിന് അധീനതയിലായിരുന്ന പീരുമേട് കുട്ടിക്കാനം ഏലപ്പാറ മേഖലകൾ പിന്നീട് തിരുവിതാംകൂർ രാജവംശത്തിന് കീഴിലായി. ബ്രിട്ടീഷുകാരുടെ വരവോടുകൂടിയാണ് ഇവിടെ തോട്ട വ്യവസായത്തിന് തുടക്കം കുറിക്കുന്നത്. വർഷം 1860 മുതലാണ് ഇവിടെയൊക്കെ തോട്ട വ്യവസായത്തിനായി യൂറോപ്യന്മാർ വന്നു തുടങ്ങുന്നത് അതിൽ തന്നെ പ്രധാനിയായിരുന്നു ഹെൻട്രി ബേക്കർ.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിൽ മലനിരകളിൽ തേയിലകൾ നട്ട് പരിപാലിക്കാൻ തുടങ്ങിയ കാലത്ത് ബ്രിട്ടീഷുകാർ ആരാധനയ്ക്കായി തുടങ്ങിയതാണ് പീരുമേട് പള്ളിക്കുന്ന് സെന്റ് ജോര്‍ജ് സി.എസ്.ഐ പള്ളി. മിഷനറി ആയിരുന്ന ഹെന്‍ട്രി ബേക്കര്‍ ജൂനിയറിന് തിരുവിതാംകൂർ രാജവംശമാണ് പള്ളി നിർമ്മാണത്തിനായി സ്ഥലം കൈമാറിയത്.
പാട്ട വ്യവസ്ഥയിൽ ആയിരക്കണക്കിന് ഏക്കർ വനഭൂമി തിരുവിതാംകൂർ രാജകുടുംബത്തിന്റെ പക്കൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി , കാട് വെട്ടിത്തെളിച്ച യൂറോപ്യന്മാരിൽ ആദ്യമായി കാപ്പി കൃഷി ചെയ്യുന്നതിന് ചുക്കാൻ പിടിച്ചതും ഹെൻട്രി ബേക്കർ ആയിരുന്നു. ഹെൻട്രി ബേക്കറുടെ കുടുംബത്തോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ള ഒട്ടേറെ ബ്രിട്ടീഷുകാർ ഈ മേഖലകളിലെത്തി വാസമുറപ്പിച്ചു.
ശ്രീലങ്കയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നുമാണ് കൃഷിപ്പണിക്കായി നൂറുകണക്കിന് തദ്ദേശീയരായ ആൾക്കാരെ അവിടെ എത്തിച്ചിരുന്നത്.ഒരു ചാക്ക് അരിക്ക് ഒരു രൂപയും ഒരു കാളയുടെ വില മൂന്നു രൂപയും ഒരു തൊഴിലാളിയുടെ ഒരു മാസത്തെ കൂലി ഒന്നും ഒന്നരയും രൂപയുമായിരുന്നോ അക്കാലത്ത്. യാത്ര ചെയ്യുന്നതിന് ചരക്ക് കൊണ്ടുപോകാൻ കാളവണ്ടിയും, സവാരിക്ക് കുതിരയും ആയിരുന്നു ആ കാലത്ത് ഉപയോഗിച്ചിരുന്നത്,ഇതിനായി മുണ്ടക്കയത്ത് കാളകെട്ടിയിൽ കാളവണ്ടിത്താവളം ഉണ്ടായിരുന്നു. അതേസമയം ഒരു ആരാധനയ്ക്ക് വേണ്ടി ദേവാലയങ്ങൾ ഒന്നും തന്നെ അവിടെ ഇല്ലായിരുന്നു ഇതിനെ തുടർന്നാണ് പള്ളിക്കുന്നിൽ ദേവാലയം നിർമ്മിക്കുവാൻ ഹെൻട്രി ബേക്കർ ജൂനിയറിന്റെ നേതൃത്വത്തിൽ തോട്ടം ഉടമകളായ ബ്രിട്ടീഷുകാർ പള്ളിക്കുന്നിൽ ദേവാലയം നിർമ്മിക്കുവാൻ തീരുമാനമെടുക്കുന്നത്.
അമ്മ മഹാറാണി സേതുലക്ഷ്മിഭായി തമ്പുരാട്ടിയാണ് ആ കാലത്ത് തിരുവിതാംകൂർ ഭരിച്ചിരുന്നത്, അവർ ദേവാലയത്തിനായി 15 ഏക്കർ 62 സെന്റ് സ്ഥലം വിട്ടു നൽകി. ഒടുവിൽ 1869 ലാണ് ഹെൻട്രി ബേക്കർ ജൂനിയറും സഹപ്രവർത്തകരും ചേർന്ന് പള്ളിക്കുന്നിലെ ദേവാലയത്തിലെ പണികൾ പൂർത്തീകരിച്ച് ആരാധനയ്ക്കായി തുറന്നു.
അഴുത സെന്റ് ജോർജ് സി.എസ്.ഐ പള്ളി എന്നാണ് ഈ ദേവാലയം എന്നാണ് ആദ്യകാലത്ത് ഈ പള്ളി അറിയപ്പെട്ടത്.പൂര്‍ണമായും ഗോത്തിക് ശൈലിയില്‍ കുരിശാകൃതിയിലുള്ള ദേവാലയം കാട്ടു കല്ലുകളും കുമ്മായവും തേക്ക്, ഈട്ടി തടികളും ഓടും ഉപയോഗിച്ചാണ് യൂറോപ്യൻ വാസ്തുശില്പ ചാതുര്യത്തോടുകൂടി ഈ ദേവാലയം നിർമ്മിച്ചത്. ദേവാലയത്തിന്റെ ചില ഭാഗങ്ങളില്‍ ജൂതചിഹ്നങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. ചിലവ് അന്നത്തെ കാലത്ത് 800 രൂപ ആണ് എന്ന് മാത്രം. അത് അങ്ങനെയാണല്ലോ.
'ഡൗണി'യുടെ കാര്യത്തിലേക്ക്..
സ്കോട്ടിഷ് സൈനികനും ബ്രിട്ടീഷ് ഭടനുമായിരുന്നു ജോണ്‍ ഡാനിയേല്‍ മണ്‍റോ. മണ്‍റോയെ കേരളത്തിലെ കാപ്പിത്തോട്ടങ്ങളുടെ പിതാവായാണ് വിശേഷിപ്പിക്കപ്പെടുന്നത് അതിന് കാരണം ഇടുക്കിയില്‍ തേയില-കാപ്പി കൃഷിക്ക് മുന്‍കൈയെടുത്തതും മൂന്നാറില്‍ കണ്ണൻ ദേവന് തോട്ടം ആരംഭിച്ചതും അദ്ദേഹമാണ്. സഹ്യ മലനിരകൾക്ക് മുകളിലെ മഞ്ഞു പുതച്ച പള്ളിക്കുന്നിലേക്ക് അദ്ദേഹത്തെ എത്തിച്ചതിൽ സാഹസികതയ്ക്ക് ഒപ്പം ഡൗണി എന്ന അദ്ദേഹത്തിൻറെ പെൺ കുതിരയും ഉണ്ടായിരുന്നു.
1887 മാര്‍ച്ച് എട്ടിന് മണ്‍റോ ഈ പ്രദേശത്തെക്കുറിച്ച് പഠിച്ച റിപ്പോർട്ട് തിരുവിതാംകൂർ സർക്കാരിന് സമർപ്പിച്ചു. ഇപ്പോഴും ഇതിന്റെ പകര്‍പ്പുകള്‍ ദേവികുളം താലൂക്ക് ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ട്.ചെങ്കുത്തായ മലനിരകള്‍ക്കിടയില്‍ പച്ചപ്പട്ടുവിരിച്ച തേയിലത്തോട്ടത്തിന് നടുവിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന മണ്പാതകള്വഴി തന്റെ യജമാനനെയും വഹിച്ചുകൊണ്ട് രാജപ്രൗഢിയോടെ കുളമ്പടി വെച്ചുവരുന്ന ഡൗണിയെക്കാണാന്‍ തൊഴിലാളികള്‍ ആദരവോടെ നോക്കിനിന്ന ഒരു കാലം ഉണ്ടായിരുന്നു.
1898ല്‍ ഒരു സായാഹ്ന സവാരിക്കിടെ 63ാം വയസ്സില്‍ ആഷ്ലി എസ്റ്റേറ്റിനു സമീപമുള്ള കൊക്കയിലേക്കുവീണ് ജെ.ഡി മൺറോയും സഹചാരിയായ ഡൗണിയും കൊല്ലപ്പെട്ടു. 'There shall be no more death' എന്ന വാചകം മണ്‍റോ യെ അടക്കിയ കല്ലറയിൽ എഴുതി വെച്ചിരിക്കുന്നത് ഇപ്പോഴും കാണാം. തന്നെ അടക്കം ചെയ്യുന്നതിന് സമയം തന്നെ തന്റെ പ്രിയപ്പെട്ട പെൺ കുതിരയെയും സംസ്കരിക്കണമെന്ന് ആ യൂറോപ്പ്യൻ കൂടെയുള്ളവരോട് പറഞ്ഞിരുന്നു.
![]() |
St George CSI Church Kuttikkanam |
38 ബ്രിട്ടീഷ് കല്ലറകള്‍ ഇവിടെയുണ്ട്. സ്കോട്ട്ലൻഡ്, അയര്‍ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള 36 പേരുടെയും ജോണ്‍ ഡാനിയേല്‍ മണ്റോയുടെയും അദ്ദേഹത്തിന്റെ കുതിര ഡൗണിയുടെയും കല്ലറകളാണിവ. ഇംഗ്ലണ്ടില്‍നിന്ന് കൊണ്ടുവന്ന വിലകൂടിയ മാര്‍ബിള്‍ കൊണ്ടാണിത് നിര്‍മിച്ചിട്ടുള്ളത്. മരിച്ചവരുടെ പേരും ജനനത്തീയതിയും മരണകാരണവുമെല്ലാം കൊത്തിവെച്ചിട്ടുണ്ട്.
പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിൽ ആദ്യ സംസ്കാരം നടന്നത് 1877 മെയ് പതിനാറാം തീയതി ലൂസിയ ജിൽ മാക്ലാർക്കിന്റെ മൃതദേഹം ആയിരുന്നു. 36 കല്ലറകളിൽ 34 എണ്ണത്തിലാണ് വിദേശീയരെ അടക്കം ചെയ്തിട്ടുള്ളത് ഇക്കൂട്ടത്തിൽ നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന ഡിങ്ർൺ വിനി ഫ്രെഡ് മേരിയും രണ്ടു വയസുകാരി ബ്രിജെറ്റ് മേരിയും 71 കാരൻ മിൽനർ വാൾട്ടറുമൊക്കെ ഇതിൽ ഉൾപ്പെടും. സായിപ്പന്മാരാണെങ്കിലും ഇവരെല്ലാവരും പീരിമേട്ടിലെ തേയില തോട്ടത്തിലെ വ്യവസായവുമായി ബന്ധപ്പെട്ട് എത്തിയവരാണ് എന്ന് മാത്രം.
ഒരു കൈ നഷ്ടമായൊരു കുഞ്ഞുമാലാഖയുടെ പ്രതിമ കല്ലറകൾക്ക് നടുവിൽ കാണാം , രണ്ടു വയസ്സുകാരി ബ്രിജിറ്റ് മേരിയുടേതാണത്. ജന്മദിനത്തിലാണ് അവൾ ഈ ലോകം വിട്ടുപോയത്. 'It was an Angel visited the green earth and took the flower away' എന്ന് അതില്‍ ആലേഖനംചെയ്തിട്ടുണ്ട്. തൊട്ടടുത്തായാണ് ജെ.ഡി. മണ്‍റോയെയും ഡൗണിയെയും അടക്കം ചെയ്തിരിക്കുന്നത്. പള്ളിയോട് ചേർന്നുള്ള രണ്ട് ഏക്കർ സ്ഥലത്താണ് ബ്രിട്ടീഷ് സെമിത്തേരി. ഇപ്പോഴും ബ്രിട്ടീഷ് ഹൈകമ്മീഷണറുടെ അധീനതയിലുള്ള ഈ സ്ഥലത്ത് മറ്റ് സഭാംഗങ്ങളെ സംസ്കരിക്കാൻ അനുവാദം ഇല്ല. അത് വൈദികരുടേതോ ബിഷപിന്റേത് ആണെങ്കില്‍ പോലും ബ്രിട്ടീഷ് സെമിത്തേരിയില്‍ ബ്രിട്ടീഷുകാരല്ലാത്തവരുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവാദമില്ല.
ബ്രിട്ടീഷുകാരൻ അല്ലാത്ത ഒരാളുടെ മൃതദേഹം പക്ഷേ ഈ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുണ്ട്, പള്ളി വികാരി ആയ തമിഴ്നാട്ടുകാരന്റെ.ബേക്കർ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ദീർഘകാലം പള്ളിയിലെ പുരോഹിതനായിരുന്ന, 1901 വരെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച തമിഴ് വൈദികന് റവ. നല്ലതമ്പിയെ മാത്രമാണ് ഈ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്നത്.1967 വരെ യൂറോപ്യന്മാര് സെന്റ് ജോര്‍ജ് പള്ളിയിലെ സ്ഥിരാംഗങ്ങളായിരുന്നു.
ആദ്യകാലങ്ങളിൽ ബ്രിട്ടീഷുകാർക്ക് മാത്രമായിരുന്നു ആരാധനയ്ക്ക് അനുമതി ഉണ്ടായിരുന്നത് പീരുമേട്, കുട്ടിക്കാനം, ആഷ്ലി, ബൈസൺവാലി, സ്റ്റാർ ബ്രൂക്ക് ഉപ്പുകുളം, ഏലപ്പാറ തുടങ്ങിയ പ്രദേശങ്ങളാണ് പള്ളിക്കുന്ന് പള്ളിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. തുടക്കത്തിൽ കുർബാനയും തിരുകർമ്മങ്ങളും നടന്നിരുന്നത് ഇംഗ്ലീഷ് ഭാഷയിലായിരുന്നു. പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷം മറ്റുള്ളവർക്കും പ്രവേശനം അനുവദിക്കുകയും,സമയം നിശ്ചയിച്ച് ആരാധനാകർമങ്ങൾ മലയാളത്തിലും തമിഴിലും ആക്കുകയും ചെയ്തു.പള്ളിയാരാധകരില് ഭൂരിഭാഗവുമിന്ന് തമിഴരാണ്. നാഗര്‍കോവിലില്‍നിന്നും തിരുനെല്വേലിയില്നിന്നുമെല്ലാം ബ്രിട്ടീഷുകാരുടെ തൊഴിലാളികളായെത്തിയ ഇവര്‍ പിന്നീട് മടങ്ങിപ്പോകാതെ ഇവിടെത്തന്നെ തുടർന്നു.
പലതവണ പുതുക്കി പണിതിട്ടുണ്ടെങ്കിലും, ഒന്നര നൂറ്റാണ്ട് മുൻപ് പണിത അതേ രൂപത്തിൽ തന്നെയാണ് പള്ളി ഇപ്പോഴും നിലകൊള്ളുന്നത്, അതാണ് ഈ ദേവാലയത്തിന്റെ പ്രത്യേകത.150 വർഷങ്ങൾക്കു മുൻപ് ദേവാലയം നിര്‍മിച്ച കാലത്തു സജ്ജീകരിച്ച ഇരിപ്പിടങ്ങളും ഫർണിച്ചറുകളുമാണ് ഇന്നും ദേവാലയത്തില്‍ ഉപയോഗിക്കുന്നത്. ദേവാലയത്തിന്റെ ഭിത്തിക്കുളളില്‍ പഴമയുടെ ശൈലിയില്‍ പിത്തളയില്‍ തീര്‍ത്ത ടാബിലറ്റുകള് കാണാം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്ന യൂറോപ്യന്മാര് ഇവരോടുളള ആദരസൂചകമായാണ് ഇവ സ്ഥാപിച്ചത്.
കൂടാതെ പീരുമേട്, കുട്ടിക്കാനം മേഖലകളിൽ ഇന്ന് കാണുന്ന ഹൈടെക് വികസനത്തിന് ഉടമകളായ ബ്രിട്ടീഷുകാർ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാവാത്തതാണ്. ഒരു കാലത്ത് തിരുവിതാംകൂർ രാജവംശത്തിന്റെ ഭരണസിരാകേന്ദ്രവും വേനൽക്കാല ആസ്ഥാനവും കൂടിയായിരുന്ന പീരുമേട്, കുട്ടിക്കാനം മേഖലകളിലാണ് അമ്മ മഹാറാണിയുടെ കൊട്ടാരം, ദിവാൻ കൊട്ടാരം എന്നിവ നിലകൊണ്ടിരുന്നത് എന്നത് മറ്റൊരു കാര്യം. പള്ളിക്കുന്ന് ദേവാലയത്തിൽ നിന്നും ഏറെ അകലെയല്ല കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരവും മുസ്ലിം സന്യാസിവര്യൻ ആയിരുന്ന പീർമുഹമ്മദിന്റെ ഖബറിടവും.
സൈപ്രസ് മരങ്ങളുടെ ഇടയിൽ പഴമയുടെ പുതു ചരിത്രം എഴുതി പള്ളിക്കുന്നിൽ നിലകൊള്ളുന്ന ദേവാലയം 1983ല്‍ ഈസ്റ്റ് കേരള മഹാ ഇടവക രൂപംകൊണ്ടപ്പോള്‍ സെന്റ് ജോര്‍ജ് പള്ളി ഇടവകയുടെ പരിധിക്കുള്ളിലായി. തുടര്‍ന്ന് പട്ടക്കാരെ ഈസ്റ്റ് കേരള ഇടവകയില്‍നിന്ന് നിയമിച്ചുതുടങ്ങി.ഒന്നാം ലോകയുദ്ധത്തില്‍ മരിച്ചവര്‍ക്കുള്ള സ്മരണാർഥമായി പേരുകള്‍ ആലേഖനം ചെയ്ത പിത്തള ഫലകങ്ങളും ഈ ദേവാലയത്തിൽ കാണാം.ഗതകാല സ്മരണകൾ തേടിയിറങ്ങുന്ന സഞ്ചാരികള്‍ക്കായി പള്ളിയും അതിന്റെ പരിസരവും ഇവിടെ തലയെടുപ്പോടെ കാത്തിരിക്കുകയാണ്, എന്തിനായിരിക്കും കുതിരക്കല്ലറയുടെയും ബ്രിട്ടീഷ് സെമിത്തേരിയുടെയും കഥകള്‍ അയവിറക്കാനായി.
English Summary:
Tomb of horse in St George CSI Church Kuttikkanam,Idukki. British Church Pallikkunnu