നടി ഉൾപ്പടെ പ്രധാന നാല് പുരസ്കാരങ്ങൾ ‘അനോറ’ സ്വന്തമാക്കി
97-ാമത് ഓസ്കാര്‍ പുരസ്കാര ചടങ്ങില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി അനോറ.ഓസ്കറിൽ റെക്കോർഡുകൾ തകർത്ത് ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന നാല് പുരസ്കാരങ്ങൾ ‘അനോറ’ സ്വന്തമാക്കി. മൈക്കി മാഡിസൻ ആണ് മികച്ച നടി. സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവ മൂന്നും കൈകാര്യം ചെയ്തിരിക്കുന്നത് ഷോൺ ബേക്കറാണെന്നതാണ് മറ്റൊരു പ്രത്യേകത. ദ് ബ്രൂട്ടലിസ്റ്റിലെ പ്രകടനത്തിന് ഏഡ്രിയൻ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു ഓസ്കർ നിശയിലെ ആദ്യ പ്രഖ്യാപനം.‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിൻ ആണ് മികച്ച സഹനടനുള്ള ഓസ്കർ. 42കാരനായ കീരൺ ‘ഹോം എലോൺ’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. ‘എമിലിയ പെരസി’ലൂടെ സോയി സൽദാന മികച്ച സഹനടിയായി. ‘ഫ്ലോ’ ആണ് മികച്ച അനിമേറ്റഡ് ചിത്രം. ലാത്വിയയില്‍ നിന്നും ഓസ്കര് നേടുന്ന ആദ്യത്തെ ചിത്രമാണ് ‘ഫ്ലോ’. ‘വിക്കെഡ്’ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്വെൽ ചരിത്രം സൃഷ്ടിച്ചു. ബ്രസീലിയൻ ചിത്രമായ ഐ ആം സ്റ്റിൽ ഹിയർ ആണ് മികച്ച ഇതരഭാഷാ ചിത്രം.
ലെംഗിക തൊഴിലാളിയായി ഉള്ളിൽതട്ടുന്ന പ്രകടനം നടത്തിയാണ് മിക്കി മാഡിസൺ 'അനോറ'യിലെ കഥാപാത്രത്തെ ഉജ്വലമാക്കിയത്. അവാർഡ് സ്വീകരിച്ചു കൊണ്ട് മിക്കി നടത്തിയ പ്രസംഗവും വൈറലായി. ലൈംഗിക തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച മിക്കി മാഡിസന്റെ വാക്കുകൾ വൻ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. "സെക്സ് വർക്കർ സമൂഹത്തെ ഞാൻ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവർക്കുള്ള എന്റെ സഹകരണം തുടരും. അവർ എന്റെ ബന്ധുക്കളാണ്. അവിശ്വസനീയമായ ആ സ്ത്രീസമൂഹത്തെ കണ്ടുമുട്ടാനുള്ള എന്റെ ഭാഗ്യമായിരുന്നു ഈ സിനിമ. ഈ യാത്രയിലെ ഏറ്റവും സമ്മോഹനമായ മുഹൂർത്തമാണത്." മിക്കി പറഞ്ഞു.
മിക്കേല മാഡിസൺ റോസ്ബർഗ് എന്ന മൈക്കി മാഡിസണ്‍ ഇത് ആദ്യത്തെ പുരസ്കാര നേട്ടമാണ്. ആദ്യമായി ഓസ്കർ നോമിനേഷനിലെത്തിയപ്പോൾ തന്നെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി ഈ ഇരുപത്തിയഞ്ചുകാരി. ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അമേരിക്കൻ റൊമാന്റിക് കോമഡി ഡ്രാമ അനോറയിലൂടെയാണ് മൈക്കി അക്കാദമി അവാർഡ് നേടിയത്. ലൈംഗിക വൃത്തി ചെയ്ത് ജീവിക്കുന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ അനോറയും ഇത്തവണത്തെ അക്കാദമി അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. മികച്ച നടിക്കുള്ള ബാഫ്റ്റ പുരസ്കാരവും അനോറയിലൂടെ മൈക്കി നേടി.
ഷോർട് ഫിലിമുകളിലൂടെ അഭിനയരംഗത്തെത്തിയ മൈക്കി ബെറ്റർ തിങ്സ് എന്ന എഫ്എക്സ് കോമഡി സീരീസിലൂടെയാണ് ശ്രദ്ധ നേടുന്നത്. ക്വന്റിൻ ടറാന്റിനോയുടെ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, സ്ക്രീം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. അനോറയാണ് മൈക്കിയെ ആഗോള പ്രശസ്തിയിലേക്കുയർത്തിയത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ബോസ്റ്റൺ സൈസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്, ലോവ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ലോസ് ഏഞ്ചൽസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്, സാൻ ഡിയോഗോ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ്, സിയാറ്റിൽ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ്, ടൊറന്റോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡ് എന്നിവ ലഭിച്ചു.
ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ചലച്ചിത്ര രംഗത്തെ വലിയ പുരസ്കാരമായ ഓസ്കർ പ്രഖ്യാപിക്കുമ്പോൾ 22 വർഷങ്ങൾക്കു ശേഷം അഡ്രിയാൻ ബ്രോഡി വീണ്ടും വേദിയിലെത്തി. മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി. 22 വർഷങ്ങൾക്കു മുമ്പ് ദ പിയാനിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്കർ നേടി ചരിത്രം സൃഷ്ടിച്ച നടനാണ് അഡ്രിയാൻ ബ്രോഡി. റൊമാൻ പോളൻസ്കിയുടെ വാർ ഡ്രാമയായ ചിത്രത്തിലെ വ്ലാഡിസ്ലാവ് ഷ്പിൽമാനെ അനശ്വരമാക്കിയതിനാണ് അഡ്രിയാൻ 2003ൽ ഓസ്കർ നേടിയത്. തന്റെ 29ാം വയസിലായിരുന്നു ചലച്ചിത്രരംഗത്തെ ഉന്നതപുരസ്കാരങ്ങളിലൊന്ന് അഡ്രിയാൻ നേടിയത്.
മികച്ച നടനുള്ള അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അഡ്രിയാനായിരുന്നു. ബ്രാഡി കോർബറ്റ് സംവിധാനം ചെയ്ത ദ ബ്രൂട്ടലിസ്റ്റിലൂടെയാണ് അഡ്രിയാൻ രണ്ടാം ഓസ്കർ നേടിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചിത്രത്തിലെ അഭിനയമികവിന് അഡ്രിയാന്‍ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബും ലഭിച്ചിരുന്നു. ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിന് അക്കാദമി അവാർഡുൾപ്പെടെ ആകെ 9 പുരസ്കാരങ്ങളാണ് അഡ്രിയാന്‍ ലഭിച്ചത്. 2024ൽ ന്യൂയോർക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്, കാപ്രി ഹോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം, 2025ൽ AARP മൂവീസ് ഫോര ഗ്രോൺഅപ്സ് അവാർഡ്സ്, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ്സ്, ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ്, പാം സ്പ്രിങ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ, സാന്റ ബാർബറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ എന്നീ പുരസ്കാരങ്ങൾ നേടിയ അഡ്രിയാൻ ഒടുവിൽ ഓസ്കറും സ്വന്തമാക്കി.
മറ്റ് പുരസ്കാര ജേതാക്കൾ :
മികച്ച സഹനടൻ- കീരൻ കൾക്കിൻ(എ റിയൽ പെയ്ൻ)
മികച്ച സഹനടി- സോയി സൽദാന(എമിലിയ പെരസ്)
മികച്ച അനിമേറ്റഡ് ചിത്രം- ഫ്ളോ
മികച്ച വസ്ത്രാലങ്കാരം- പോൾ ടെസ്വെൽ
മികച്ച ഇതരഭാഷാ ചിത്രം- ഐ ആം സ്റ്റിൽ ഹിയർ(ബ്രസീൽ)
മികച്ച ഒറിജിനൽ സ്കോർ- ഡാനിയൽ ബ്ലൂംബെർഗ്(ദി ബ്രൂട്ടലിസ്റ്റ്)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ഐ ആം നോട്ട് റൊബോട്ട്
മികച്ച ക്യമാറമാൻ- ലോൽ ക്രൗളി(ദി ബ്രൂട്ടലിസ്റ്റ്)
മികച്ച വിഷ്വൽ എഫ്ക്ട്സ്- ഡ്യൂൺ പാർട്ട് ടു
മികച്ച സൗണ്ട്- ഡ്യൂൺ പാർട്ട് ടു
മികച്ച ഓറിജിനൽ സോങ്- എൽ മാൽ(എമിലിയ പെരസ്)
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- നോ അദർ ലാൻഡ്
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ദ് ഒൺലി ഗേൾ ഇൻദ് ഓർക്കെസ്ട്ര
മികച്ച അവലംബിത തിരക്കഥ- പീറ്റർ സ്ട്രോഗൻ(കോൺക്ലേവ്)
മികച്ച അനിമേറ്റഡ് ഷോർട് ഫിലിം- ഇൻദ ഷാഡോ ഓഫ് ദ സർപ്രൈസ്.
പതിവുപോലെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങ് നടന്നത്. കോനന്‍ ഒബ്രയാന് മുഖ്യ അവതാരകനായി എത്തി. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്കാര്‍ലറ്റ് ജൊഹാന്സണ്, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായി.
അതേസമയം ഏറ്റവുമധികം നോമിനേഷുകൾ ലഭിച്ച എമിലിയെ പെരെസ്, ബ്രൂട്ടിലിസ്റ്റ് എന്നീ സിനിമകൾക്ക് നിരാശയായിരുന്നു ഫലം. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിച്ച 10 എണ്ണത്തിൽ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കൽ ‘എമിലിയ പെരസി’നു 13 നാമനിർദേശങ്ങളാണ് ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിർദേശം ഇതാദ്യമായിരുന്നു. ട്രാൻസ്ജെൻഡർ അധോലോക നേതാവിന്റെ കഥ സംഗീതസാന്ദ്രമായി ആവിഷ്കരിച്ച സിനിമയിലെ മുഖ്യവേഷം ചെയ്ത കാർല സോഫിയ ഗാസ്കോൺ ട്രാൻസ് വ്യക്തിയാണ്. ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകൾക്കു 10 നാമനിർദേശം വീതം ലഭിച്ചു. ഡയക്ടറേഴ്സ് ഗിൽഡ്, പ്രൊഡക്ഷൻ ഗിൽഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയതോടെ ‘അനോറ’ സാധ്യതാപ്പട്ടികയിൽ മുന്നിലായിരുന്നുവെങ്കിലും ഈ അട്ടിമറി പ്രേക്ഷകരും കരുതി കാണില്ല.