ഏകദേശം ഒരു മാസം മുൻപ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. ആശുപത്രിയിൽ കഴിയുന്ന അവസരത്തിൽ തന്നെയാണ് അദ്ദേഹത്തിൻറെ മുഖം വ്യക്തമാകാത്ത ചിത്രം ഞായറാഴ്ച പുറത്തുവിട്ടത്.
“ഇന്ന് (ഞായറാഴ്ച) രാവിലെ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്റിലെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു,” വത്തിക്കാൻ പ്രസ് ഓഫീസ് ഫോട്ടോയുടെ അടിക്കുറിപ്പിൽ പറയുന്നു. ചിത്രത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പർപ്പിൾ നിറത്തിലുള്ള നോമ്പുകാല ആരാധനാക്രമ വസ്ത്രം ധരിച്ച് ആശുപത്രി ചാപ്പലിലെ ഒരു അൾത്താരയ്ക്ക് മുന്നിൽ വീൽചെയറിൽ ഇരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്.
പോപ്പിന്റെ നില ഗുരുതരമോ ജീവന് ഭീഷണിയോ അല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു, എന്നാൽ പ്രായം, ചലനശേഷിയില്ലായ്മ, ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടത് എന്നിവ കാരണം അദ്ദേഹത്തിന്റെ അവസ്ഥ സങ്കീർണ്ണമായി തുടരുന്നുവെന്ന് അവർ പറയുന്നു. ഓക്സിജൻ തെറപ്പി തുടരുന്നുണ്ട്. രാത്രി വെന്റിലേറ്റർ ഉപയോഗിക്കുന്നത് കുറച്ചു. ഈ ആഴ്ച നടത്തിയ എക്സ്-റേ പരിശോധനയിൽ അണുബാധ മാറുന്നതായി സ്ഥിരീകരിച്ചു. അടുത്ത അപ്ഡേറ്റ് ആഴ്ചയുടെ മധ്യത്തോടെ മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് വത്തിക്കാൻ.