![]() |
വീഡിയോയിൽ നിന്ന് |
വിമാനയാത്ര സ്ഥിരമായിട്ട് ചെയ്യുന്നവർക്ക് കാബിൻ ക്രൂവിന്റേയും പൈലറ്റിന്റേയും നിർദേശങ്ങൾ മടുപ്പുണ്ടാക്കും, അതിന് കാരണം ഒരു പോലെയുള്ള വാക്കുകൾ ആവർത്തിച്ചുകേൾക്കുമ്പോൾ സ്വാഭാവികമായും വിരസത തോന്നുന്നത് സ്വാഭാവികം.എന്നാൽ നമ്മുടെ അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ കുശലന്വേഷണങ്ങൾക്കുശേഷം നിർദേശങ്ങൾ നൽകുന്ന ഒരു പൈലറ്റിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
പൈലറ്റ് സംസാരിക്കുന്നതെല്ലാം മലയാളത്തിൽ(Malayalam). അബൂദാബിയിൽനിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് തൊടുപുഴ സ്വദേശി ശരത് മാനുവലാണ് യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രക്കാരോട് മലയാളത്തിൽ സംസാരിച്ചത്. ഇതിന്റെ വീഡിയോ 'മല്ലു ക്യാപ്റ്റൻ' എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ശരത് പങ്കുവെയ്ക്കുകയും ചെയ്തു.
എത്ര വർഷം കൂടിയാണ് നിങ്ങൾ നാട്ടിലേക്ക് മടങ്ങുന്നതെന്നും നാട്ടിലെത്തിയാൽ നിങ്ങൾ എന്താണ് ആദ്യം ചെയ്യാൻ പോകുന്നതെന്നും പൈലറ്റ് യാത്രക്കാരോട് ചോദിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന വ്യക്തിക്ക് തന്റെ വക സ്പെഷ്യൽ ചായയും പൈലറ്റ് ഓഫർ ചെയ്യുന്നുണ്ട്. കൊച്ചിയിലേക്ക് 2800 കിലോമീറ്റർ ദൂരമാണുള്ളതെന്നും മൂന്ന് മണിക്കൂർ 45 മിനിറ്റ് കൊണ്ട് നാട്ടിലെത്തിക്കുന്നതാണെന്നും പൈലറ്റ് പറയുന്നു. നിങ്ങൾ സ്പീഡിൽ ഓടിക്കാൻ പറഞ്ഞാൽ സ്പീഡിൽ ഓടിക്കാമെന്നും കുറച്ച് നേരത്തെ എത്തിക്കാൻ ശ്രമിക്കാമെന്നും തമാശയോടെ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അവസാനം സുരക്ഷിതമായ യാത്രയെ കുറിച്ചുള്ള നിർദേശങ്ങൾ പങ്കുവെച്ച പൈലറ്റ് നിങ്ങളെല്ലാവരും ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്കും വിമാനം കൊച്ചിയിലെത്തും എന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്.
#viral