തമിഴനാട്ടിൽ ഗവർണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത പത്ത് ബില്ലുകൾ നിയമമായി. ഇന്ത്യൻ നിയമസഭകളുടെ ചരിത്രത്തിൽ അസാധാരണ നടപടിയാണ് ഉണ്ടാവുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ തീരുമാനമുണ്ടായത്.
തമിഴ്നാട് സർക്കാർ പാസാക്കിയ ബില്ലുകൾ:
- തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2020
- തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2020
- തമിഴ്നാട് യൂണിവേഴ്സിറ്റി ലോസ് (ഭേദഗതി) നിയമം, 2022
- തമിഴ്നാട് ഡോ. അംബേദ്കർ നിയമ സർവകലാശാല (ഭേദഗതി) നിയമം, 2022
- തമിഴ്നാട് ഡോ. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റി, ചെന്നൈ (ഭേദഗതി) നിയമം, 2022
- തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2022
- തമിഴ് യൂണിവേഴ്സിറ്റി (രണ്ടാം ഭേദഗതി) നിയമം, 2022
- തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2023
- തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2023
ഏപ്രിൽ 11നാണ് 10 നിയമങ്ങൾ സംസ്ഥാന ഗസറ്റിൽ തമിഴ്നാട് സർക്കാർ നോട്ടിഫൈ ചെയ്തത്. ഈ ബില്ലുകൾ സംസ്ഥാന സർക്കാർ പാസാക്കി അനുമതിക്കായി ഗവർണർക്ക് അയച്ചുവെങ്കിലും ദീർഘകാലം അത് പിടിച്ചുവെച്ചതിന് ശേഷം അദ്ദേഹം അത് രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. തമിഴ്നാട് നിയമവകുപ്പാണ് ബില്ലുകൾ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത്. ഗവർണറുടേയും രാഷ്ട്രപതിയുടേയും അനുമതി ലഭിക്കാതെ ഒടുവിൽ സുപ്രീംകോടതി ഇടപെടലിലാണ് ബില്ലുകൾ നിയമങ്ങളാവുന്നത്.
സുപ്രീം കോടതി വിധി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് വരെ തമിഴ്നാട് സർക്കാർ കാത്തിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ വിധി അപ്ലോഡ് ചെയ്തു. തൊട്ടുപിന്നാലെ തന്നെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന അറിയിപ്പാണ് ഉണ്ടായിരിക്കുന്നത്. ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ഇത്തരത്തിൽ ബില്ലുകൾ നിയമമാകുന്നത് ആദ്യമായിട്ടാണ്.
ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചതിനെതിരേ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സർക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ബില്ലുകൾ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും 10 ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകൾ ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് വിടാൻ അവകാശമുള്ളൂവെന്നും കോടതി വിധിച്ചു. സംസ്ഥാന സർക്കാരിൻറെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. അനുഛേദം 200 അനുസരിച്ച് ഗവര്ണര്ക്ക് വിവേചനാധികാരം എന്ന ഒന്നില്ല. അനുഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ നടപടി.
#Tamilnadu #Bills