വളർത്തുമൃഗങ്ങൾക്കായി മിനിയേച്ചറുകൾ സൃഷ്ടിക്കുന്നതിൽ പ്രശസ്തനായ ഒരു ചൈനീസ് യൂട്യൂബർ (Youtuber) തന്റെ പൂച്ചകൾക്കായി ഒരു മെട്രോ സബ്വേ നിർമിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടുന്നു. ചൈനീസ് യൂട്യൂബറായ ഷിങ് ഷിലേയി ആണ് തന്റെ പൂച്ചകൾക്കായി മെട്രോ സ്റ്റേഷൻ നിർമിച്ചത്. നാല് മാസം കൊണ്ടാണ് ഷിങ് ഈ മെട്രോ സ്റ്റേഷൻ നിർമിച്ചത്. അതിൽ ഒരു ചലിക്കുന്ന ട്രെയിനും, എസ്കലേറ്ററുകളും, യഥാർത്ഥ സ്റ്റേഷനുകളിലെ പോലെ വാതിലുകൾ തുറക്കുന്ന സംവിധാനവും ഉൾപ്പെടുത്തിയിരുന്നു.
'Xing's World' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഷിങ് ഈ വിഡിയോ പങ്കുവെച്ചത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ തന്റെ പൂച്ചകൾക്കായി ഒരു മെട്രോ സ്റ്റേഷൻ (metro station) എങ്ങനെ സൃഷ്ടിച്ചതിനെ കുറിച്ച് ഷിങ് പറയുന്നുണ്ട്. ഷിങ്ങിന്റെ പൂച്ചകൾ അവർക്കായി പ്രത്യേകം നിർമിച്ച മെട്രോ സ്റ്റേഷനിൽ അലഞ്ഞുനടക്കുന്നത് കാണാം. ചില ഷോട്ടുകളിൽ, പൂച്ചകൾ ഓടുന്ന ട്രെയിനിൽ സഞ്ചരിക്കുന്നതും കാണാം. ഷിങ്ങിന്റെ ഈ വിഡിയോയും മറ്റ് പൂച്ചകൾക്ക് വേണ്ടി നിർമിച്ച ചെറിയ കെട്ടിടങ്ങളുടെ വിഡിയോകളും ഇപ്പോൾ സോഷ്യലിടത്തിൽ വൈറലാണ്. നേരത്തെ പൂച്ചകൾക്കായി ഒരു സൂപ്പർമാർക്കറ്റും, തിയറ്ററും, സ്പായും നിർമിച്ച് ഷിങ് ശ്രദ്ധ നേടിയിരുന്നു.
226,000ത്തിലധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്. ചൈനയിലെ പൂച്ചകൾക്ക് അമേരിക്കയിലെ മനുഷ്യരേക്കാൾ മികച്ച പൊതുഗതാഗത സൗകര്യം ലഭിക്കുന്നു എന്നാണ് ഒരാൾ കുറിച്ചത്.‘കുറച്ച് കാലത്തിനിടെ കണ്ട ഏറ്റവും വലിയ കാര്യമാണിത്. ഇതിനായി ചെലവഴിച്ച പരിശ്രമവും അധ്വാനവും എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല, അവിശ്വസനീയം, അത്ഭുതം തോന്നുന്നു. വലുപ്പവും അളവുകളും വളരെ കൃത്യമാണ്. ഇത് അവിശ്വസനീയമായി തോന്നുന്നു എന്നിങ്ങനെയാണ് കമന്റുകൾ.
Chinese, Cat