220 വർഷത്തിനിടെ പുസ്തകങ്ങളിൽനിന്ന് ഇത്തരം പദങ്ങൾ ഏറ്റവും കൂടുതൽ അപ്രത്യക്ഷമായത് 1990-ലാണ്.
പുൽത്തലപ്പുകളെയും പൂമരങ്ങളെയും നദികളെയും സ്നേഹിക്കാൻ ആർക്കും സമയമില്ല. പ്രകൃതിയുമായി ബന്ധപ്പെട്ട വാക്കുകൾപോലും പുസ്തകങ്ങളിൽനിന്ന് അപ്രത്യക്ഷമാകുന്നു. 1800 മുതലുള്ള രണ്ടുനൂറ്റാണ്ടിനിടെ മനുഷ്യന് പ്രകൃതിയുമായുള്ള ഇഴയടുപ്പം 60 ശതമാനം കുറഞ്ഞെന്നു പറഞ്ഞത്, ബ്രിട്ടനിലെ ഡെർബി സർവകലാശാലാ പ്രൊഫസർ മൈൽസ് റിച്ചാഡ്സൺ.നേച്ചർ കണക്ടഡ്നെസ് വിഭാഗം പ്രൊഫസറായ റിച്ചാഡ്സന്റെ പഠനം, ബ്രിട്ടൻ കേന്ദ്രീകരിച്ചായിരുന്നു.
പുസ്തകങ്ങളിൽനിന്ന് പ്രകൃതി, നദി, പുല്ല്, പൂക്കൾ, പായൽ, കിളികൾ തുടങ്ങിയ പദങ്ങളൊക്കെ അപ്രത്യക്ഷമാകുന്നുവെന്ന് ഇദ്ദേഹം കണ്ടെത്തി. മനുഷ്യൻ പ്രകൃതിയിൽനിന്നകലുന്നതിന്റെ തെളിവായി റിച്ചാഡ്സൺ ഇതിനെ കാണുന്നു. 1800 മുതൽ 2020 വരെയുള്ള കാലത്തിനിടെ പുസ്തകങ്ങളിൽനിന്ന് ഇത്തരം പദങ്ങൾ ഏറ്റവും കൂടുതൽ അപ്രത്യക്ഷമായത് 1990-ലാണ്.
നഗരവത്കരണം, ചുറ്റുവട്ടത്തെ സ്വാഭാവികപ്രകൃതിയുടെ നാശം, വനശോഷണം, കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങിജീവിക്കാനുള്ള അവസരമില്ലാതാക്കൽ എന്നിവയെക്കുറിച്ചുള്ള 220 വർഷത്തെ വിവരശേഖരം കംപ്യൂട്ടർ മോഡലുകളുപയോഗിച്ച് പഠിച്ചാണ് റിച്ചാഡ്സൺ ഈ നിഗമനത്തിലെത്തിയത്.
ഈ സ്ഥിതി തുടർന്നാൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഇനിയും കുറയുമെന്ന് പഠനം മുന്നറിയിപ്പുനൽകുന്നു. അതൊഴിവാക്കാൻ ചെറുപ്രായത്തിൽത്തന്നെ കുഞ്ഞുങ്ങളെ പ്രകൃതിയുമായി ഇണങ്ങിജീവിക്കാൻ പ്രേരിപ്പിക്കുന്നതുൾപ്പെടെയുള്ള നയങ്ങൾ വേണമെന്ന് പഠനം നിർദേശിക്കുന്നു. എർത്ത് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
(ചിത്രത്തിന് കടപ്പാട്)
#ENVIRONMENT