കായ്ക്കും പത്രിയ്ക്കും ഉയർന്ന ഗുണമേന്മയും തൂക്കവും...ചെടിയ്ക്ക് നല്ല വളർച്ച. അടിമാലി 14-ാം മൈൽ സ്വദേശി ടി.എം. പുഷ്കരൻ വികസിപ്പിച്ച തോട്ടനാൽ ജാതിയ്ക്ക് സവിശേഷത ഏറെ.
ഇതിനുള്ള അംഗീകാരമായി ഇപ്പോൾ കേന്ദ്ര സസ്യവൈവിധ്യ സംരക്ഷണവിഭാഗത്തിൽനിന്ന് തോട്ടനാൽജാതി എന്ന പേരിൽ ഇദ്ദേഹത്തിന് രജിസ്ട്രേഷനും പേറ്റന്റും ലഭിച്ചു. തൃശ്ശൂരിലെ കാർഷിക സർവകലാശാല തോട്ടനാൽ ജാതിയെക്കുറിച്ച് പഠിക്കുന്നുമുണ്ട്.
രോഗപ്രതിരോധശേഷി കൂടിയതും ഉയർന്ന വിളവ് ലഭിക്കുന്നതുമാണ് തോട്ടനാൽജാതി. കേരളത്തിലെ ഏത് കാലാവസ്ഥയിലും നല്ലവളർച്ചയും മികച്ചവിളവും നൽകും. 20 വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണിത് വികസിപ്പിച്ചെടുത്തത്.
30 വർഷമായി കാർഷികരംഗത്ത് സജീവമായുള്ള തോട്ടനാൽ പുത്തൻപുര പുഷ്കരൻ പരീക്ഷണങ്ങളിലും ശ്രദ്ധാലുവാണ്. ജാതി കൃഷി എങ്ങനെ വിജയകരമാക്കാമെന്ന അന്വേഷണമാണ് തോട്ടനാൽ ജാതിയിലേക്ക് എത്തിച്ചത്. തന്റെ തോട്ടത്തിൽ മറ്റ് എല്ലാ മരങ്ങളിൽനിന്നും വ്യത്യസ്ഥമായി ഒരുജാതിയുടെ കായും പത്രിയും വലുതായി തോന്നി.
ഈ മരത്തിനുമാത്രം, മഴക്കാലത്തെ കുമിൾരോഗം മൂലമുള്ള ഇലകൊഴിച്ചിലും കായ്കൾ മൂപ്പ് എത്താതെ കൊഴിയലും ഇല്ലായിരുന്നു. മരത്തിന് നല്ലവളർച്ചയും വിളവും. ഇതിൽനിന്നും തൈകൾ ബഡ്ഡ് ചെയ്തു. നട്ട ചെടികൾ എല്ലാം സമാന ഗുണനിലവാരവും സവിശേഷതകളും കാണിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിന്റെ വിവിധഭാഗങ്ങളിലും ഇതിന്റെ ബഡ്ഡ് തൈകൾ നട്ടു. എല്ലാം വിജയമായി. നല്ല പരിചരണം ഉള്ള ബഡ്ഡ് തൈകൾ മൂന്നുവർഷത്തിനകം തന്നെ കായ്ക്കാൻ തുടങ്ങും.
15 വർഷത്തിനു മുകളിൽ വളർച്ച എത്തിയ ജാതിമരത്തിൽനിന്ന് പ്രതിവർഷം 2000-ത്തിന് മുകളിൽ കായ്കൾ ലഭിക്കും. സാധാരണ ഒരുജാതിക്കയുടെ പത്രിക്ക് 3 മുതൽ 3.5ഗ്രാം തൂക്കം കിട്ടുമ്പോൾ തോട്ടനാൽജാതിയുടെ പത്രിയ്ക്ക് 7.5 ഗ്രാം വരെ തൂക്കം കിട്ടും. ഏകദേശം 200 തോട്ടനാൽ ജാതിക്കായിൽനിന്നും ഒരുകിലോ ഉണങ്ങിയ പത്രി കിട്ടും.
കായ്ക്ക് 15 ഗ്രാമിന് മുകളിൽ തൂക്കം ഉണ്ട്. മറ്റ് ഇനങ്ങൾക്ക് 100 മുതൽ 120 എണ്ണം ഉണ്ടെങ്കിലേ ഒരുകിലോ കായ് ലഭിക്കൂ. എന്നാൽ തോട്ടനാൽ ജാതിയുടെ 70 എണ്ണത്തിൽനിന്ന് ഒരുകിലോ കായ് ലഭിക്കും.
#Idukki #തോട്ടനാൽജാതി