ഇറാക്ക് പുരാവസ്തു വകുപ്പ് 40 പുരാതന ശവക്കല്ലറകൾ കണ്ടെത്തി.രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണിയായ മൊസൂൾ ഡാമിൻ്റെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് ശവകുടീരങ്ങൾ കണ്ടെത്തിയത്. 2,300 വർഷം ഏകദേശം പഴക്കമുള്ള ഈ ശവകുടീരങ്ങൾ, വടക്കൻ ഇറാഖിലെ ദുഹോക് പ്രവിശ്യയിലെ ഖാൻകെ പ്രദേശത്താണ് കണ്ടെത്തിയത്. “ഇതുവരെ, ഞങ്ങൾ ഏകദേശം 40 ശവകുടീരങ്ങൾ കണ്ടെത്തി,” ഖാൻകെയിലെ പുരാവസ്തു ഗവേഷണത്തിന് നേതൃത്വം നൽകുന്ന ബെകാസ് ബ്രെഫ്കാനി പറയുന്നു.
2023-ൽ അദ്ദേഹത്തിന്റെ സംഘം ഈ പ്രദേശം സർവേ ചെയ്തിരുന്നുവെങ്കിലും അപ്പോൾ ഏതാനും ശവകുടീരങ്ങളുടെ ഭാഗങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ഈ വർഷം ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോഴാണ് ഇവിടെ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതെന്നും ബ്രെഫ്കാനി കൂട്ടിച്ചേർത്തു. ഇറാഖിനെ തുടർച്ചയായി അഞ്ച് വർഷമായി ബാധിച്ച വരൾച്ച കാരണം കഴിഞ്ഞ വർഷങ്ങളിലും ഈ പ്രദേശത്ത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. പുതുതായി കണ്ടെത്തിയ ശവകുടീരങ്ങൾ ഹെല്ലനിസ്റ്റിക് അല്ലെങ്കിൽ ഹെല്ലനിസ്റ്റിക്-സെല്യൂസിഡ് കാലഘട്ടത്തിലേതാണെന്ന് കരുതപ്പെടുന്നു.
ഈ പ്രദേശത്ത് വീണ്ടും വെള്ളം കയറുന്നതിന് മുൻപ് ശവകുടീരങ്ങൾ ഖനനം ചെയ്ത് കൂടുതൽ പഠനങ്ങൾക്കും സംരക്ഷണത്തിനുമായി ദുഹോക് മ്യൂസിയത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന താപനിലയും കടുത്ത ജലക്ഷാമവും വരൾച്ചയുമാണ് ഇറാഖ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഈ വർഷം 1933 ന് ശേഷമുള്ള ഏറ്റവും വരണ്ട വർഷങ്ങളിലൊന്നാണെന്നും അധികൃതർ പറയുന്നു.
Iraq, international, Ancient Tombs