നെഹ്റുട്രോഫി ഫിനിഷിംഗ് പോയിൻ്റിൽ കാണികള്‍ക്കായി അടുത്തവർഷം സ്ഥിരം പവലിയൻ നിർമ്മിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മിച്ച നെഹ്റുട്രോഫി ഫുട്ട്ഓവർ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലാളി ഗ്രാമമായ നെഹ്റുട്രോഫി വാര്‍ഡിലെ ജനങ്ങള്‍ കടത്തുവള്ളം ഉപയോഗിച്ചാണ് ഇതുവരെ ഇക്കരെ കടന്നിരുന്നത്.നെഹ്റുട്രോഫി വാർഡിലെ ജനങ്ങളുടെ യാത്രാദുരിതം അവസാനിച്ചതായും 3.5 കോടി രൂപ ചെലവിലാണ് പാലത്തിൻ്റെ നിര്‍മ്മാണം പൂർത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണച്ചെലവില്‍ രണ്ടു കോടി നാല് ലക്ഷം സംസ്ഥാന സർക്കാരും മുനിസിപ്പാലിറ്റിയും ചേർന്ന് വഹിച്ചതാണ്. 1.46 കോടി അമൃത് പദ്ധതി വഴിയും ലഭിച്ചു. മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയാണ് പാലം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. നടപ്പാലത്തിന്റെ ആകെ നീളം 59.80 മീറ്ററാണ്. 35 മീറ്റർ ആഴത്തിൽ നിർമിച്ച 20 പൈലുകളില്‍ നിര്‍മ്മിച്ച നടപ്പാലത്തിന് 5 മുതൽ 8 മീറ്റർ വരെ ഉയരമുണ്ട്.
ടൂറിസം വികസനത്തിനും ടൂറിസം സാധ്യതയ്ക്കും അനുയോജ്യമായ തരത്തിലാണ് ആലപ്പുഴയില്‍ വികസന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ജനങ്ങൾക്ക് വരുമാനവും തൊഴിലും ഉറപ്പുവരുത്താനാകും. നല്ല റോഡ്, നല്ല പാലം,നല്ല ആശുപത്രി, നല്ല സ്കൂൾ കെട്ടിടം വേണം എന്ന കാര്യത്തിൽ നമുക്ക് നിർബന്ധമുണ്ട്. എന്നാൽ നല്ല വൃത്തി വേണം എന്ന കാര്യത്തിൽ നമുക്ക് നിർബന്ധമില്ല. ആവശ്യം കഴിഞ്ഞ് സാധനങ്ങള്‍ വലിച്ചെറിയുന്ന ശീലം നമുക്കുണ്ട്. ഈ അപരിഷ്കൃത സ്വഭാവം ഉപേക്ഷിക്കേണ്ടതുണ്ട്.
ഡെങ്കിപ്പനി പകർന്നു പിടിച്ചപ്പോൾ നടത്തിയ പരിശോധനയിൽ ഡെങ്കി ഹോട്ട്സ്പോട്ടുകളെല്ലാം വൃത്തിഹീനമായ ഇടങ്ങളായിയിരുന്നു.കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് കേരളത്തിൽ ചുമത്തിയ പിഴ 9 കോടി 55 ലക്ഷം രൂപയാണ്. കഴിഞ്ഞ ഒരു വർഷം 1.52 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഹരിതകർമ്മസേന വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ചത്. കേന്ദ്രസർക്കാരിന്റെ സർവെയിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ആദ്യത്തെ 100 നഗരങ്ങളിൽ എട്ടെണ്ണം കേരളത്തിൽ നിന്നാണ്. കേരളത്തിലെ 23 മുനിസിപ്പാലിറ്റികൾക്ക് നക്ഷത്ര പദവി ലഭിച്ചു. മൂന്നു നഗരസഭയ്ക്ക് ത്രീസ്റ്റാർ പദവി ലഭിച്ചു. അതിൽ ഒന്ന് ആലപ്പുഴ നഗരസഭയാണെന്നും മന്ത്രി പറഞ്ഞു.ഇത്തവണത്തെ ഓണം പ്ലാസ്റ്റിക് ഒഴിവാക്കി ഹരിത ഓണമാണ്. ഇത്തവണത്തെ മഹാബലി പഴയ മഹാബലി അല്ല. വൃത്തിയുടെ ചക്രവർത്തിയാണ്. ഓണം കൂടുതൽ മാലിന്യം സൃഷ്ടിക്കുന്നതാവരുത്. ഈ ഓണത്തിന് മാലിന്യം ശരിയായി കൈകാര്യം ചെയ്യാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷത വഹിച്ചു. എച്ച് സലാം എംഎൽഎ മുഖ്യാതിഥിയായി. മുനിസിപ്പൽ എഞ്ചിനീയർ ഷിബു എൽ നാൽപ്പാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ, നഗരസഭ വൈസ് ചെയർപേഴ്സൺ പി എസ് എം ഹുസൈൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രൈം, എസ് കവിത, നസീർ പുന്നക്കൽ, കൗൺസിലർമാരായ അമ്പിളി അരവിന്ദ്, പി രതീഷ്, സലീം മുല്ലാത്ത്, സൗമ്യ രാജ് മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Alappuzha