ലോകത്തിലെ ആദ്യത്തെ എ ഐ മന്ത്രിയെ നിയമിച്ച് അല്‍ബേനിയന്‍ പ്രധാനമന്ത്രി വാര്‍ത്തകളില്‍ പോയ മാസം ഇടംപിടിച്ചിരുന്നു. ഇപ്പോൾ കാര്യങ്ങൾ ഒരു പടിയും കൂടി കടന്നു നിര്‍മിതബുദ്ധി (എഐ) മന്ത്രിയായ ഡിയെല്ല 'ഗര്‍ഭിണി' (Albanian AI Minister Diella Pregnant )ആണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി എഡി റാമ (Albanian prime minister Edi Rama).
ജർമ്മനിയിലെ ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ (ബിജിഡി) സംസാരിക്കവെയാണ് ഒരു നിർമ്മിത ബുദ്ധി അധിഷ്ഠിത സംവിധാനം മാത്രമായ ഡിയെല്ലയെക്കുറിച്ചുള്ള റാമയുടെ പ്രഖ്യാപനം. 'ഡിയെല്ലയുടെ കാര്യത്തില്‍ വലിയൊരു റിസ്ക് എടുത്തു, അതിനാല്‍ ആദ്യമായി ഡിയെല്ല ഗര്‍ഭിണിയായിരിക്കുന്നു'ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഓരോ സോഷ്യലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റ് അംഗത്തിനും ഓരോ 'കുട്ടി' എന്ന നിലയില്‍ 83 'കുട്ടികളെ' മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സഹായികള്‍ക്ക് ജന്മം നല്‍കാനുള്ള പദ്ധതിയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഈ 'കുട്ടികള്‍' അഥവാ സഹായികള്‍ പാര്‍ലമെന്റില്‍ നടക്കുന്നതെല്ലാം രേഖപ്പെടുത്തുമെന്നും അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത ചര്‍ച്ചകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ അവരെ അറിയിക്കുമെന്നും പ്രധാനമന്ത്രി റാമ പറയുന്നു.
അവര്‍ ഓരോരുത്തരും പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും നടക്കുന്ന എല്ലാ കാര്യങ്ങളുടെയും രേഖ സൂക്ഷിക്കുകയും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു സഹായിയായി പ്രവര്‍ത്തിക്കും. ഈ കുട്ടികള്‍ക്ക് അവരുടെ അമ്മയുടെ അറിവുണ്ടായിരിക്കുമെന്നും റാമ പറഞ്ഞു.
പാര്‍ലമെന്റില്‍ കൂടുതല്‍ എഐ അസിസ്റ്റന്റുകളെ കൊണ്ടുവരുന്നതിനെയാണ് എഐ മന്ത്രി ഗര്‍ഭിണിയാണെന്ന പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചത്.
എഐ മന്ത്രിയായ ഡിയെല്ലയുടെ മേല്‍നോട്ടത്തിലാകും ഈ എ ഐ കുട്ടി അസിസ്റ്റന്റുകള്‍ പ്രവര്‍ത്തിക്കുക.അതിനാല്‍ Diella (ഡിയെല്ല) ഇവരുടെ 'മാതാവ്' ആകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.2026 അവസാനത്തോടെ ഈ സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.
എഐ സഹായികളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് ഉദാഹരണ സഹിതമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.ഏതെങ്കിലും ഒരംഗം കോഫി കുടിക്കാനായി പുറത്തു പോയാല്‍, തിരികെയെത്താൻ വൈകിയാൽ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പാര്‍ലമെന്റില്‍ എന്തൊക്കെ നടന്നുവെന്നും മറുപടി പറയേണ്ടതുണ്ടെങ്കില്‍ അതിനെ കുറിച്ചും ഈ 'കുട്ടി' ഓര്‍മപ്പെടുത്തും.അടുത്ത തവണ ഡിയെല്ലയുടെ കുട്ടികള്‍ക്കായി നിങ്ങള്‍ക്ക് 83 സ്ക്രീനുകള്‍ കൂടി കാണാം.' - അദ്ദേഹം വിശദീകരിച്ചു.
അല്‍ബേനിയയുടെ പൊതു സംഭരണ സംവിധാനം പൂര്‍ണ്ണമായും സുതാര്യവും അഴിമതി രഹിതവുമാക്കാന്‍ ലക്ഷ്യമിട്ട് സെപ്റ്റംബറിലാണ് ഡിയെല്ലയെ (അല്‍ബേനിയന്‍ ഭാഷയില്‍ 'ഡിയെല്ല' എന്ന പേരിനര്‍ഥം സൂര്യന് അല്ലെങ്കിൽ വെയിൽ എന്നാണ് ഇത് ലാറ്റിൻ, ഫ്രഞ്ച് ഭാഷയിൽ നിന്നാണ് ഇതിൻറെ ഉത്ഭവം. -Name 'Diella' means "sun" or "sunny" in Albanian,and it is of Latin and French origin, meaning "worships God" or "one who adores God") സര്‍ക്കാര്‍ നിയമിച്ചത്. ഇ-അല്‍ബേനിയ പ്ലാറ്റ്ഫോമില്‍ ഒരു വെര്‍ച്വല്‍ അസിസ്റ്റന്റായി ജനുവരിയിൽ ആരംഭിച്ച അവര്‍ പൗരന്മാര്ക്കും ബിസിനസുകാര്‍ക്കും വിവിധ സര്‍ക്കാര്‍ രേഖകള്‍ നേടാന്‍ സഹായിച്ചുവരികയായിരുന്നു.
അല്‍ബേനിയന്‍ പരമ്പരാഗത വസ്ത്രം ധരിച്ച ഒരു സ്ത്രീയായാണ് എ.ഐ നിര്‍മ്മിത മന്ത്രിയെ പ്രതിനിധീകരിക്കുന്നത്. പൊതു ടെന്‍ഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള ഉത്തരവാദിത്തം ഡിയെല്ലയ്ക്ക് മനുഷ്യ മന്ത്രിസഭ നല്‍കിയിട്ടുണ്ട്. സംവിധാനത്തെ 100 ശതമാനം അഴിമതി രഹിതമാക്കുന്നതിനാണിത്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ അത് തികച്ചും സുതാര്യമാക്കും.
മനുഷ്യനല്ലാത്ത ഒരു എഐ മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ആദ്യത്തെ രാജ്യമാണ് അല്‍ബേനിയ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായുള്ള ഒരു മന്ത്രിയില്‍നിന്ന് വ്യത്യസ്തമായി ഡിയെല്ല ഒരു എഐ സംവിധാനമാണ്. പൂര്‍ണ്ണമായും കോഡും പിക്സലുകളും കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണത്.
