അന്നത്തെ (പിള്ളേർ) ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ?
രാജ്യത്ത അങ്കണവാടി പ്രസ്ഥാനത്തിന് 50 വയസ്സ്. 1975 ഒക്ടോബർ രണ്ടിനാണ് രാജ്യത്ത് 20 ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതി ആരംഭിച്ചത്. അതിൽ കേരളത്തിലെ ഏക ബ്ലോക്കാണ് - മലപ്പുറം ജില്ലയിലെ വേങ്ങര. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും നാട്ടുകാരനുമായ ചാക്കീരി അഹമ്മദ് കുട്ടിയാണ് വേങ്ങരയിൽ പദ്ധതി നടപ്പാക്കിയത്. കുട്ടികളുടെ പോഷകാഹാരക്കുറവും മരണനിരക്കും ചെറുക്കുന്നതിനുള്ള ദേശീയ സംരംഭമായി 1975 ലാണ് സംയോജിത ശിശു വികസന സേവന പദ്ധതിയിൽ (ഐസിഡിഎസ്) ആരംഭിച്ചത്.
എടരിക്കോട്, തെന്നല, പറപ്പൂർ, ഒതുക്കുങ്ങൽ, വേങ്ങര, കണ്ണമംഗലം, എ ആർ നഗർ, പെരുവള്ളൂർ വില്ലേജുകൾ ഉൾപ്പെട്ടതായിരുന്നു അന്നത്തെ ബ്ലോക്ക് പരിധി. വർക്കർമാരെ അഭിമുഖം നടത്തി കണ്ടെത്തി ഇവർക്ക് നാലു മാസം കണ്ണൂർ തളിപ്പറമ്പ് ഇടിസി ട്രെയ്നിങ് സെന്ററിൽ പരിശീലനം നൽകി. ഇവരാണ് സംസ്ഥാനത്തെ ആദ്യ അങ്കണവാടി വർക്കർമാർ.
ആറു വയസിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് അങ്കണവാടി വഴി നടപ്പാക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 33,165 അങ്കണവാടികളിലായി എഴുപതിനായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്നു.
