വിവാദം നിറഞ്ഞ തെരഞ്ഞെടുപ്പിനൊടുവിൽ കാമറൂണിൽ ഏട്ടാം തവണയും അധികാരം നിലനിർത്തി പോൾ ബിയ. 92കാരനായ പോൾ ബിയ (Paul Biya) ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവനാണ്.ബിയ 1982 മുതൽ പ്രസിഡന്റാണ്. 1975 മുതൽ 7 വർഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇതുകൂടി കൂട്ടിയാൽ ലോകത്ത് ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന വ്യക്തിയാണ് പോൾ ബിയ (World's oldest president, Paul Biya). 2008-ൽ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയ പോൾ ബിയ, തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ ജയിച്ച് ഭരണം നിലനിർത്തി.
തിരഞ്ഞെടുപ്പിൽ പോൾ ബിയ തന്നെയാണ് വിജയിച്ചതെന്ന് സുപ്രീം കോടതി തീർപ്പുകൽപ്പിച്ചു. ഒക്ടോബർ 12ന് നടന്ന തിരഞ്ഞെടുപ്പിൽ 53.66% വോട്ടാണ് ബിയ നേടിയത്. പ്രധാന എതിർ സ്ഥാനാർഥി ഇസ്സ ചിരോമ ബകറിക്ക് 35.19% വോട്ടുകിട്ടി. ചിരോമ വിജയം അവകാശപ്പെട്ടതോടെയാണ് വിഷയം കോടതിയിലെത്തിയത്. 7 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി.
പ്രാഥമിക ഫലസൂചനകൾ പ്രകാരം പോൾ ബിയ മുന്നിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ പല തവണ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടെന്ന് ഇസ്സ ചിരോമ ബകറി സമൂഹമാധ്യമത്തിൽ കുറിച്ചു. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ ആരോപണം സർക്കാർ വൃത്തങ്ങൾ തള്ളി.
സമാധാന പരവും ഐക്യവുള്ളതും സമൃദ്ധവുമായ കാമറൂൺ (Cameroon) കെട്ടിപ്പെടുക്കാൻ ഒരുമിച്ച് സാധിക്കുമെന്നും തന്നെ വീണ്ടും വിശ്വസിച്ചതിന് നന്ദിയെന്നുമാണ് പോൾ ബിയ വിജയത്തിന് ശേഷം പ്രതികരിച്ചത്. ഇതിനിടെ ഞായറാഴ്ച കാമറൂണിന്റെ സാമ്പത്തിക തലസ്ഥാനമായ ഡുവാലയിലുണ്ടായ പ്രതിഷേധത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. ഈ പ്രതിഷേധം തിങ്കളാഴ്ചയും തുടർന്നിരുന്നു. ഇസ്സ ചിറോമ ബക്കാരിയുടെ വീടിന് സമീപത്ത് പ്രതിഷേധക്കാർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി ബെല്ലോ ബൗബ മൈഗാരി ഉൾപ്പെടെ ആകെ 10 സ്ഥാനാർത്ഥികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന തെരഞ്ഞെടുപ്പിൽ 58 ശതമാനം ആയിരുന്നു വോട്ടർമാർ. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച പത്തിലേറെ ഹർജികളാണ് ഭരണഘടനാ കൗൺസിൽ തള്ളിയത്. അഴിമതി വ്യാപകമാണെന്നും സമ്പദ് വ്യവസ്ഥ തകർന്ന അവസ്ഥയിലാണെന്നുമാണ് ജനങ്ങൾ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
പൊതുവേദികളിൽ വളരെ അപൂർവ്വമായി എത്താറുള്ള പോൾ ബിയ 1982ലാണ് ആദ്യമായി അധികാരത്തിലെത്തിയത്. ആഫ്രിക്കയ്ക്ക് പുറത്ത് ആഡംബര ഹോട്ടലുകളിൽ സമയം ചെലവിടുന്ന പോൾ ബിയയുടെ രീതി ഏറെ വിമർശനം നേരിട്ടിരുന്നു. ഇതിന് മുൻപ് പല തവണ പോൾ ബിയ മരണപ്പെട്ടതായി അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. സ്വിസ് ഹോട്ടലുകളിലെ താമസം വിമർശിക്കപ്പെട്ടുവെങ്കിലും സ്കൂളുകളുടേയും പൊതു സർവകലാശാലകളുടേയും വികസനത്തിനും ബകാസി തർക്കം കൈകാര്യം ചെയ്തതിനും ഏറെ പ്രശംസയും പോൾ ബിയ നേടിയിട്ടുണ്ട്. വിഘടന വാദികൾ കലാപം തുടരുകയും 40 ശതമാനം തൊഴിൽ ഇല്ലായ്മ നേരിടുകയും ആശുപത്രികളും റോഡുകളും തകരുന്ന സാഹചര്യവുമാണ് നിലവിൽ കാമറൂണിലുള്ളത്. 7 വർഷമാണ് കാമറൂണിലെ പ്രസിഡന്റിന്റെ കാലാവധി. എന്നാൽ പോൾ ബിയ 2008-ൽ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയിരുന്നു.
