കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മമ്മൂട്ടി എത്തിച്ചേർന്നതിൽ സന്തോഷമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്റ്റാറ്റസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിലെ വിശിഷ്ഠാതിഥിയായ മമ്മൂട്ടിക്ക് കൈമാറി.
ഐക്യ കേരളമെന്ന
സ്വപ്നം യാഥാർഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണ് ഇന്ന്. ഏവരുടെയും സ്വപ്ന സാക്ഷാത്ക്കാരം ഈ ദിനത്തിൽ ആവുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോൽപ്പിക്കാവുന്ന അവസ്ഥയാണ് അതി ദാരിദ്ര്യം. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസ്സോടെ അതിൽ സഹകരിച്ചു. ഇത് തട്ടിപ്പല്ല, യാഥാർഥ്യമാണ്. നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേൾക്കേണ്ടി വന്നു’’– മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളം ഒരു അദ്ഭുതമാണ്. മാതൃശിശു മരണ നിരക്കിൽ യുഎസിനു താഴെയാണ് കേരളം. 64006 കുടുംബങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 64005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായിരുന്നു. എന്നാൽ, ഒരു കുടുംബമാണ് ബാക്കിയുണ്ടായിരുന്നത്. അതിന് ഒരു സാങ്കേതിക പ്രശ്നമുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രിസഭയുടെ മുൻപിൽ വന്നു. ആ പ്രശ്നവും പരിഹരിച്ചു. അതോടെ തയ്യാറാക്കിയ വെബ്സൈറ്റിൽ ബാക്കിയുണ്ടായിരുന്ന അതിദാരിദ്രരുടെ പട്ടികയിൽ ഒന്ന് എന്ന സ്ഥാനത്ത് പൂജ്യം എന്നായി. ഞങ്ങളെല്ലാം കണ്ടുനിൽക്കേ 64006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി സാക്ഷ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘അസാധ്യമായ ഒന്നില്ല. കേരളത്തിൽ ഇടവേളകളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ പുരോമന സർക്കാരുകൾ പുതിയ കേരളം വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരള മോഡൽ എന്ന രീതിയിൽ ലോകം വിശേഷിപ്പിച്ച കാര്യങ്ങൾക്ക് ഇടയാക്കിയത് ഇത്തരത്തിലുള്ള ഇടപെടലുകളാണ്. സംസ്ഥാനത്ത് കഴിഞ്ഞകാലത്ത് ഉണ്ടായിരുന്ന പതിവ് ഒരു തിരഞ്ഞെടുപ്പിൽ ഒരു മുന്നണി അധികാരത്തിൽ വന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ മറ്റൊരു മുന്നണി അധികാരത്തിൽ വരിക എന്നുള്ളതായിരുന്നു. ഒരു ഘട്ടത്തിൽ വലിയ വികസന മുന്നേറ്റമുണ്ടാകും, മറ്റൊരു ഘട്ടത്തിൽ വലിയൊരു തകർച്ചയുണ്ടാകും. ജനകീയാസൂത്രണത്തിന്റെ ശോഭ എങ്ങനെയെല്ലാം കെടുത്താൻ പറ്റും എന്ന് ഒരു സർക്കാർ ശ്രമിക്കുന്നതും നമ്മൾ കണ്ടു. കുടുംബശ്രീക്കു പകരം ജനശ്രീ എന്ന പേരിൽ ഒരു സംവിധാനം കൊണ്ടുവരാൻ ശ്രമിച്ചതും നമ്മുടെയെല്ലാം അനുഭവത്തിൽ ഉള്ളതാണ്. 2021ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് അന്ന് ഒരു മുന്നണിയുടെ സമുന്നതനായ നേതാവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് ഉയർത്തുക എന്നതാണ് നവകേരള നിർമിതിയുടെ സുപ്രധാന ലക്ഷ്യമായി നാം കണ്ടത്. ആ ലക്ഷ്യം ഏറെയൊന്നും അകലെയല്ല’’– മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ മുക്തരാവുന്നുള്ളൂ, വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല ; മമ്മൂട്ടി
സംസ്ഥാനം അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ മുക്തമാവുന്നുള്ളൂ,ദാരിദ്ര്യം ഇനിയും ബാക്കിയെന്ന് മമ്മൂട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. അതുകൂടെ കണ്ടുകൊണ്ടാവണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്. പ്രഖ്യാപനം അതിന്റെ മാതൃക കൂടെയാവട്ടെയെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
കേരളം തന്നെക്കാൾ ചെറുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ‘കേരളത്തിന് എന്നെക്കാൾ നാലഞ്ചുവയസ് കുറവാണ്. കേരളം എന്നെക്കാൾ ഇളയതാണ്, എന്നെക്കാൾ ചെറുപ്പമാണ്, അപ്പോ പ്രതീക്ഷിക്കാവുന്നതേയുള്ളു കേരളം എത്ര ചെറുപ്പമാണെന്ന്,’ മമ്മൂട്ടി പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ സൂചികകൾ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ലോകത്തെ അതിസമ്പന്ന രാജ്യങ്ങളുടെ 20ൽ ഒരുഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങൾ കൊയ്യുന്നത്. സാമൂഹിക സേവന രംഗത്ത് നമ്മൾ ഒരുപാട് മുന്നിലാണ്, മറ്റ് പലരെയും അപേക്ഷിച്ച് മുന്നിലാണ്. ഈ നേട്ടങ്ങളെല്ലാം കൈവന്നത് നമ്മുടെ സാമൂഹിക ബോധത്തിന്റെ, ജനാധിപത്യബോധത്തിന്റെ ഫലമായാണെന്നും മമ്മൂട്ടി പറഞ്ഞു.
മുഖ്യമന്ത്രി അതിദാരിദ്ര്യ മുക്ത കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിലും വലിയ ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്നാണ് മനസിലാക്കുന്നത്. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ നാം മുക്തരായിട്ടുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്. ഒരുപാട് പ്രതിസന്ധികളെ കേരളം തോളോട് തോൾ ചേർന്ന് അഭിമുഖീകരിച്ചിട്ടുണ്ട്. സ്വാതന്ത്രലബ്ദിക്ക് ശേഷം ദാരിദ്ര്യരേഖ ഈ നിലയിൽ എത്തിച്ചത് നമ്മുടെ സാമൂഹ്യബോധമാണ്. പരസ്പര സ്നേഹവും വിശ്വാസവും അതിർവരമ്പുകളില്ലാതെയുള്ള സാഹോദര്യവുമാണ് നമ്മുടെ സാമൂഹിക സമ്പത്ത്. ഭരണ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്വം വളരെ വിശ്വാസപൂർവം നിർവഹിക്കും എന്നാണ് താൻ വിശ്വസിക്കുന്നത്. അതിന്, ജനങ്ങളിൽ നിന്ന് സാഹോദര്യബോധവും സമർപ്പണവുമുണ്ടാവണം. അതുണ്ടാവുമെന്നാണ് വിശ്വസിക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
കുറച്ചുമാസങ്ങളായി പൊതുവേദികളും പുറത്തും അധികം ഇറങ്ങാത്ത ആളാണ് താൻ. ഇപ്പോഴെത്തുമ്പോൾ പലയിടത്തും കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടായിരിക്കുന്നു. എറണാകുളത്തുനിന്ന് ദീർഘദൂരം യാത്രചെയ്താണ് വരുന്നത്. യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്. അത് വരും മാസങ്ങളിൽ ശരിയാവുമെന്ന് വിശ്വസിക്കുന്നു. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നത് കൊണ്ട് നാം വികസിതരാകുന്നില്ല. വികസിക്കേണ്ടത് നമ്മുടെ സാമൂഹിക ബോധമാണ്. അതുണ്ടാവണമെങ്കിൽ ദാരിദ്ര്യം പരിപൂർണമായി തുടച്ചുനീക്കപ്പെടണം. അത്തരം സ്ഥലങ്ങൾ തന്റെ അറിവിൽ വിരളമാണ്. കേരളം പലതിലും മാതൃകയാണ്. അതിനായി തോളോട് തോൾ ചേർന്നിറങ്ങണം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. അതുകൂടെ കണ്ടുകൊണ്ടാവണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്. പ്രഖ്യാപനം അതിന്റെ മാതൃക കൂടെയാവട്ടെ എന്നും മമ്മൂട്ടി പറഞ്ഞു.

