നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കി ഒറ്റ തെരഞ്ഞെടുപ്പിന് ശുപാർശ
ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 18,626 പേജുകളിലായി എട്ട് വാല്യങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താന്‍ നിര്‍ദേശിച്ചെന്നാണ് സൂചന. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. രണ്ടാംഘട്ടത്തില്‍ 100 ദിവസത്തിനകം തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകള്‍ നടത്താനും ശുപാര്‍ശ ചെയ്തു.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാരിന്റെ ആശയത്തെ അനുകൂലിക്കുന്ന തരത്തിലാണ് സമിതിയുടെ റിപ്പോർട്ട്.
ഇതുപ്രകാരം 2029ൽ ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനും റിപ്പോർട്ടിൽ ശുപാർശയുള്ളതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ചർച്ച ചെയ്യും. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി കേരളം ഉൾപ്പെടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിച്ചുരുക്കാനും റിപ്പോർട്ടിൽ നിർദേശിച്ചേക്കും. ഇന്ത്യയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കാലാവധി പൂർത്തിയാക്കുന്നതിന് അനുസരിച്ചാണ് ഇതുവരെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.
ഒന്നിച്ച് തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലെ സാമ്പത്തിക ലാഭത്തെ കുറിച്ച് 15–ാം ധനകാര്യ കമ്മിഷൻ ചെയർപേഴ്സൻ എൻ.കെ.സിങ്ങിന്റെ നേതൃത്വത്തിൽ തയാറാക്കിയ അവലോകനം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ സാമ്പത്തിക, ഭരണപരമായ സ്രോതസ്സുകളെ കുറിച്ചും റിപ്പോർട്ടിൽ വിശകലനം ചെയ്യുന്നുണ്ട്. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടേതുൾപ്പടെയുള്ളവരിൽനിന്ന് ശേഖരിച്ച പ്രതികരണങ്ങൾ വിലയിരുത്തിക്കൊണ്ടാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ചു പഠിക്കാൻ റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുന്നത്. ദേശീയ താല്പര്യം കണക്കിലെടുത്ത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് റാംനാഥ് കോവിന്ദ് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഈ ആശയം നടപ്പിലാവുകയാണെങ്കിൽ തിരഞ്ഞെടുപ്പ് ചെലവിൽ ലാഭിക്കുന്ന പണം രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള ഭരണഘടന, നിയമ ഭേദഗതികളെ സംബന്ധിച്ച് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഗുണകരമെന്ന് സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസ പ്രമേയം സംബന്ധിച്ച് ജർമൻ മോഡലിനെ സംബന്ധിച്ചും കോവിന്ദ് സമിതി ചർച്ച ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾക്ക് ഇവ യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ജർമൻ മോഡൽ സമിതി തള്ളി. ജർമനിയിൽ അടുത്ത സർക്കാരിനെ സംബന്ധിച്ച കൃത്യത ഉണ്ടായതിന് ശേഷമേ അവിശ്വാസ പ്രമേയത്തിലൂടെ ഒരു സർക്കാർ മാറ്റാൻ കഴിയുകയുള്ളു.
വിവിധ സമയങ്ങളിൽ വ്യത്യസ്ത തലങ്ങളിലേക്ക് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് വലിയ പണചെലവുണ്ടാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തുന്നു. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്നത്. ദേശീയ താത്പര്യം മുൻ നിറുത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ഏതെങ്കിലും അവസരത്തിൽ തൂക്കു മന്ത്രിസഭ വരികയാണെങ്കിൽ, അല്ലെങ്കിൽ അവിശ്വാസപ്രമേയത്തിലൂടെ നിയമസഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാൽ, പിന്നീട് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് ലോക്സഭയുടെ കാലാവധി തീരുന്നതുവരെ മാത്രമേ സാധുതയുണ്ടാകൂ. ഇതിനായി ഭരണഘടനാ അനുച്ഛേദം 325 ഭേദഗതി ചെയ്ത് ഒരൊറ്റ തിരഞ്ഞെടുപ്പ് പട്ടിക ആവിഷ്കരിക്കണമെന്നാണ് സമിതിയുടെ മറ്റൊരു നിർദേശം. രാജ്യത്ത് എല്ലാവർക്കും ഒരേ വോട്ടർ ഐഡി കാർഡ് നൽകാനും സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനുമായി സംസാരിച്ച് തീരുമാനത്തിലെത്തണം.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പിനോടൊപ്പം നടത്താൻ ഭരണഘടനയിൽ 324എ എന്ന പുതിയ അനുച്ഛേദം ഉൾപ്പെടുത്തണമെന്നും സമിതി നിർദേശിക്കുന്നു. മികച്ച ഭരണം സാധ്യമാകണമെങ്കിൽ രാജ്യത്തെ എല്ലാ ഭരണസംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം അനിശ്ചിതത്വങ്ങളുണ്ടാകുമെന്നുമാണ് സമിതിയുടെ അഭിപ്രായം.
ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളില്‍ ഭേദഗതിവരുത്തണമെന്നും കമ്മീഷന് വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച അനുച്ഛേദം 83, രാഷ്ട്രപതി ലോക്സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 85, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 172, സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 174, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 356 എന്നിവയാണ് ഭേദഗതി വരുത്തേണ്ടത്.
രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭാ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ ചെയർപേഴ്സൺ എൻ.കെ.സിങ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് സി.കശ്യാപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കൊതാരി എന്നിവരും അംഗങ്ങളാണ്. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കണ്ണിൽപൊടിയിടലാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ആരോപിച്ച് അദ്ദേഹം വിട്ട് നിന്നിരുന്നു.