'യുസിസി' പ്രാബല്യത്തിൽ
ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തിലായി. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. പുതിയ നിയമം സംബന്ധിച്ച് ഉത്തരാണ്ഡ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
ഫെബ്രുവരി മാസം ആദ്യമാണ് പുഷ്കര്‍ സിങ് ധാമി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ സിവില്‍കോഡ് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. പിന്നീട് ഫെബ്രുവരി 28-ന് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് ബില്ലിന് അംഗീകാരം നല്‍കിക്കൊണ്ട് രാഷ്ട്രപതിഭവനില്‍ നിന്ന് നിന്ന് അറിയിപ്പ് വന്നത്. അധികം വൈകാതെ ബില്‍ നിയമായെന്നു വ്യക്തമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു.
വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുകളകുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് സംസ്ഥാനത്തെ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ട പൗരന്മാര്ക്ക് ഒരേനിയമം ബാധകമാക്കുന്നതാണ് ബില്‍. ആദിവാസി സമൂഹങ്ങളുടെ എല്ലാആചാരാവകാശങ്ങള്‍ക്കും ബില്‍ നിയമസാധുത നല്‍കുന്നുണ്ട്.
പ്രധാന വ്യവസ്ഥകൾ
വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ക്ക് ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ സ്വത്തവകാശങ്ങളും ഉറപ്പാക്കുന്നു.
എതിര്‍ലിംഗക്കാരായ പങ്കാളികള്‍ ലിവ് ഇന്‍ റിലേഷന്‍ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചുകൊണ്ടാവണം
ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളികള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആറ് മാസം തടവും 25000 രൂപ പിഴയും, തെറ്റായ വിവരങ്ങള്‍ നല്കിയാല് മൂന്ന് മാസം തടവും 25000 രൂപ പിഴയും, രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാല്‍ മൂന്ന് മാസം തടവും 10000 രൂപ പിഴയും.
ഏക വ്യക്തി നിയമം
വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്നതാണ് ഏക വ്യക്തി നിയമം (യുസിസി). ബഹുഭാര്യത്വം നിരോധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമത്തിൽ പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്കു 18 വയസ്സുമാണു കുറഞ്ഞ വിവാഹപ്രായം. വിവാഹമോചനത്തിൽ തുല്യഅവകാശം വ്യവസ്ഥ ചെയ്യുന്നു. സ്ത്രീയുടെ പുനർവിവാഹത്തിന് ഏതെങ്കിലും തരത്തിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതും വിലക്കുന്നു. ഇതു ലംഘിച്ചാൽ 3 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ഇതു രണ്ടുമോ ലഭിക്കാം. ദമ്പതികളിലൊരാൾ പങ്കാളിയുടെ അനുവാദമില്ലാതെ മതം മാറിയാൽ വിവാഹമോചനം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കാം.
വിവാഹമോചന സാഹചര്യത്തിലും ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടാകുന്ന അവസ്ഥയിലും 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണം അമ്മയ്ക്കായിരിക്കും. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ലിവ് ഇൻ ബന്ധം, മറ്റ് കാര്യങ്ങൾ എന്നിങ്ങനെ നാലായി തിരിച്ചാണു നിയമം തയാറാക്കിയിരിക്കുന്നത്. അതേസമയം വ്യക്തിനിയമങ്ങൾ പട്ടികവർഗവിഭാഗത്തിനു ബാധകമല്ല.പുരുഷന്റെ മരണശേഷം ഭാര്യയ്ക്കും മക്കൾക്കും സ്വത്തിൽ തുല്യഅവകാശം നിർദേശിക്കുന്നു. പുരുഷന്റെ മാതാപിതാക്കൾക്കും തുല്യ അവകാശമാണ്.
മുൻപു അമ്മയ്ക്കു മാത്രമായിരുന്നു സ്വത്തവകാശം. ഗർഭസ്ഥശിശുവിനും ഭൂസ്വത്തിൽ അവകാശം വ്യവസ്ഥ ചെയ്യുന്നു.‘ലിവ് ഇൻ’ബന്ധത്തിലുള്ള ഉത്തരാഖണ്ഡുകാർ മറ്റു സംസ്ഥാനങ്ങളിലാണു താമസിക്കുന്നതെങ്കിലും റജിസ്ട്രേഷൻ നിർബന്ധമാണ്. ബന്ധത്തിൽനിന്നു പുരുഷൻ പിന്മാറിയാൽ സ്ത്രീക്കു ജീവനാംശത്തിനു അർഹതയുണ്ട്. കുട്ടികളുണ്ടായാൽ അവകാശിയായിരിക്കും. ഒരു മാസത്തിനകം റജിസ്റ്റർ ചെയ്തില്ലെങ്കിൽ ഒരുമാസം വരെ തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കാം. എൽജിബിടിക്യു പങ്കാളികളെ തടവുശിക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.