ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അനുകൂല വികാരമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍ഡിഎഫ് 2019 ല്‍ നിന്നും ഇത്തവണ നില മെച്ചപ്പെടുമെന്ന് എക്സിറ്റ് പോളുകള്‍ വിലയിരുത്തുമ്പോള്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള 19 സീറ്റിൽ നിന്ന് യുഡിഎഫ് പിന്നിലേക്ക് പോകുന്നതാണ് സൂചനകൾ.
ഇടതുമുന്നണിക്ക് ഇത്തവണയും പരാജയമാണ് പ്രവചിക്കുന്നതെങ്കിലും കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽനിന്ന് മുന്നോട്ടു പോകുമെന്നും ചില സർവേകൾ പറയുന്നു. എന്നാൽ എബിപി– സി വോട്ടർ സർവേ എൽഡിഎഫ് സംപൂജ്യരാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ടി വി 9- പോള്‍സ്ട്രാറ്റ് എക്സിറ്റ് പോള്‍ ഫല പ്രകാരം കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്ന് സീറ്റ്. എന്‍ഡിഎ ഒരു സീറ്റ് നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ് പ്രവചിച്ചാണ് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫിന് നാല് സീറ്റും എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും ന്യൂസ് എക്സ് സര്‍വ്വേ പ്രവചിക്കുന്നു. ന്യൂസ് എക്സിന് മുമ്പ് പ്രഖ്യാപിച്ച അഞ്ച് സര്‍വേയിലും കേരളത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഒരുപോലെ പ്രവചിക്കുന്നു.ജന്‍ കീ ബാത് സര്‍വ്വേ എക്സിറ്റ് പോളില്‍ യുഡിഎഫിന് 14 മുതല്‍ 17 സീറ്റാണ്. എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റ്. എന്‍ഡിഎ ഒരു സീറ്റു വരെ നേടുമെന്നും പറയുന്നു.ഇന്ത്യ ടിവി - സിഎന്‍എക്സ് സര്‍വ്വേ എക്സിറ്റ് പോള്‍ ഫലത്തില്‍ യുഡിഎഫിന് 13 മുതല്‍ 15 സീറ്റ്. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ. എന്‍ഡിഎ ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സര്‍വ്വേയില്‍ യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകള്‍. എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് വരെ.എബിപി ന്യൂസ് -സീ വോട്ടര്‍ സര്‍വ്വേ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത് യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയെന്നും ബിജെപി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് വരെയെന്നുമാണ്.ടൈംസ് നൗ എക്സിറ്റ് പോളില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റ്. എല്‍ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റുമെന്നും പറയുന്നു.