തൃശൂരിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ സ്ഥാപക നേതാവുമായ കെ.എസ്.ശങ്കരൻ (89) അന്തരിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് തവണ ചേലക്കര മണ്ഡലത്തിൽനിന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കനാൽ സമരം, മണിമലർക്കാവ് മാറുമറയ്ക്കൽ സമരം, മിച്ചഭൂമി സമരം എന്നീ പോരാട്ടങ്ങൾക്ക് നേതൃനിരയിലുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്.ഭാര്യ: കെ.വി.പുഷ്പ. മക്കൾ: ഒലീന, ഷോലിന, ലോഷിന.
കേരളത്തെ ഇളക്കിമറിച്ച മാറുമറയ്ക്കൽ സമരം നടന്നത് തൃശൂരിലെ വേലൂരിലാണ്. മണിമലർക്കാവ് ക്ഷേത്രത്തിലെ അരിത്താലത്തിന് സ്ത്രീകൾ മാറുമറയ്ക്കരുതെന്ന അനാചാരത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന് വിത്തിട്ടത്, തൊട്ടുമുൻപു നടന്ന വാഴാനി കനാൽ സമരമായിരുന്നു. ഈ രണ്ട് സമരങ്ങൾക്കും കെ.എസ്. ശങ്കരനെന്ന തൊഴിലാളി യൂണിയൻ നേതാവ് മുൻനിരയിലുണ്ടായിരുന്നു. അമ്പതുകളായിരുന്നു കാലഘട്ടം. എ.എസ്.എൻ.നമ്പീശൻ, കെ.എസ്.ശങ്കരൻ, എ.എൽ.ഫ്രാൻസിസ്, അത്താണിക്കൽ അറുമുഖൻ തുടങ്ങിയവരായിരുന്നു വേലൂരിൽ ജന്മിത്വത്തിനും അടിമത്തത്തിനും അനാചാരങ്ങൾക്കും എതിരേയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയിരുന്നത്. കെ.എസ്.ശങ്കരന്റെ നിര്യാണത്തോടെ വേലൂരിലെ പോരാട്ടങ്ങളുടെ കഥ ഇനി സാക്ഷികളുടെ വായ്മൊഴികൾ മാത്രമാകും.
1955 ലാണ് വാഴാനിയിൽ കനാൽപണി നടന്നത്. സ്ത്രീകളും പുരുഷന്മാരുമായി ഇരുനൂറോളം പേരുണ്ടായിരുന്നു പണിക്ക്. രാവിലെ ഏഴിന് പണി തുടങ്ങിയാൽ അവസാനിക്കുക രാത്രി ഏഴരയോടെ. എന്നാൽ കൂലി വെറും 50 പൈസ മാത്രം. ഈ ചൂഷണത്തിനെതിരെ പോരാടാൻ വേലൂരിലെ കെ.എസ്.ശങ്കരനടങ്ങുന്ന തൊഴിലാളി നേതാക്കൾ തീരുമാനിച്ചു. കമ്മിറ്റി രൂപീകരിച്ച് കനാൽ കോൺട്രാക്ടർ ചാലക്കുടി കുമാരൻ നായർക്ക് ആവശ്യങ്ങൾ വിവരിച്ച് മെമ്മോറാണ്ടം കൊടുത്തു. എന്നാൽ നടപടിയുണ്ടായില്ല. 42 ദിവസം തൊഴിലാളികൾ റിലേ നിരാഹാരമിരുന്നു. പുറത്തുനിന്ന് തൊഴിലാളികളെയെത്തിച്ച് ട്രെയിനിൽ മണ്ണുകൊണ്ടുവന്ന് സമരം പരാജയപ്പെടുത്താൻ കോൺട്രാക്ടർ ശ്രമിച്ചു. തൊഴിലാളികൾ ട്രെയിൻ തടയാൻ ശ്രമിച്ചെങ്കിലും പോലീസ് ആകാശത്തേക്കു വെടിവച്ചു. പക്ഷേ തീവണ്ടിയെത്താറായതോടെ എ.എസ്.എൻ.നമ്പീശൻ പാളത്തിൽ തലവച്ചു കിടന്നു. ഇതോടെ കോൺട്രാക്ടറുടെ ആ ശ്രമവും പരാജയപ്പെട്ടു.
ട്രെയിൻ തടഞ്ഞതിന് കെ.എസ്.ശങ്കരനുൾപ്പെടെയുള്ള നേതാക്കളെയും സ്ത്രീകളും പുരുഷന്മാരുമടക്കം ഇരൂനൂറോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മൂന്നുമാസമായിരുന്നു ജയിൽവാസം. കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ തൃശ്ശൂർ ജില്ലാ സെക്രട്ടറി സി.ജനാർദനൻ, ജോർജ് ചടയംമുറി, വി.വി.രാഘവൻ, പി.സി. കരുണൻ തുടങ്ങിയവർ വിഷയമേറ്റെടുത്തതോടെ കോൺട്രാക്ടർ വഴങ്ങി. കൂലി ഇരട്ടിയാക്കുകയും ജോലിസമയം എട്ടുമണിക്കൂറാക്കുകയും ചെയ്തു.
കനാൽ സമരം വിജയിച്ചതോടെയാണ് മണിമലർക്കാവിലെ താലപ്പൊലിക്ക് സ്ത്രീകൾ മാറുമറയ്ക്കരുതെന്നുള്ള ആചാരം മാറ്റാൻ സമരം നടത്താൻ സ്ത്രീകൾ തയാറായത്. സ്ത്രീകളെ മാറുമറയ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 1955ൽ കെ.എസ്.ശങ്കരനും എ.എസ്.എൻ.നമ്പീശനും ക്ഷേത്രഭരണസമിതിയെ സമീപിച്ചെങ്കിലും അവർ തയാറായില്ല. തുടർന്ന് ഓരോ വീട്ടിലും ശങ്കരനും നമ്പീശനും കയറിയിറങ്ങി സ്ത്രീകളെ നേരിട്ടുകണ്ട് കാര്യങ്ങൾ അവതരിപ്പിക്കുകയായിരുന്നു. ഒരു വീട്ടിൽനിന്ന് ഒരു സ്ത്രീയെങ്കിലും മാറുമറച്ച് താലപ്പൊലിയെടുക്കണമെന്ന് പറഞ്ഞു. 23 സ്ത്രീകൾ അതിനു മുന്നോട്ടു വന്നു. ശങ്കരന്റെയും നമ്പീശന്റെയും മറ്റു നേതാക്കളുടെയും കാവലിൽ ആ സ്ത്രീകൾ 1956ലെ മണിമലർക്കാവിലെ താലപ്പൊലിയിൽ മാറുമറച്ച് താലമെടുത്തു. ചെറിയ എതിർപ്പുയർത്തിയെങ്കിലും, തൊട്ടടുത്ത വർഷം മുതൽ ഇങ്ങനെയേ സ്ത്രീകൾ താലമെടുക്കൂവെന്ന നേതാക്കളുടെ തീരുമാനത്തിനുമുന്നിൽ ക്ഷേത്രഭരണസമിതി വഴങ്ങുകയായിരുന്നു.
