![]() |
| Courtesy |
ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയ(61) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിയവേ, ഹനിയയും സംഘവും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നുവെന്ന് ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസും തങ്ങളുടെ നേതാവിന്റെ മരണം സ്ഥിരീകരിച്ചു. വെടിയേറ്റാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. 2017 മുതൽ ഹമാസിന്റെ തലവനാണ്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാന്‍ ചൊവ്വാഴ്ചയാണ് ഇസ്മായിൽ ഹനിയ ഇറാനിലെത്തിയത്. ബുധനാഴ്ച പുലർച്ചെയായിരുന്നു ഹമാസ് നേതാവ് താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇസ്മായിലും അംഗരക്ഷകനും കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയിൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരംകാര്യങ്ങളിൽ പ്രതികരിക്കാറില്ല.
