സ്ഥാനാർഥിത്വത്തിലും ശാരീരിക ക്ഷമതയിലും ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ തന്നെ എത്തുമെന്ന് ആവർത്തിച്ച് ജോ ബൈഡൻ. വാഷിങ്ടണില്‍ നടന്ന നാറ്റൊ ഉച്ചകോടിക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ ബൈഡൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെന്നും, അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്നുമാണ് ബൈഡൻ അഭിസംബോധന ചെയ്തത്.
രണ്ട് വാരം മുൻപ് ട്രംപിനെതിരെ നടന്ന സംവാദത്തിലും ബൈഡൻ പിന്നോട്ടായിരുന്നു. ഇതിന് ശേഷമാണ് ബൈഡന്റെ പ്രായവും ആരോഗ്യസ്ഥിതിയും സംബന്ധിച്ച് ആശങ്കകള്‍ വർധിച്ചത്.
"പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഞാനാണ്. ഞാൻ ട്രംപിനെ ഒരു തവണ പരാജയപ്പെടുത്തി, അത് ആവർത്തിക്കും," ബൈഡൻ പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റായ ബൈഡൻ താൻ ഈ ചരിത്രം തുടരാനല്ല ആരംഭിച്ച ജോലി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.