![]() |
| Courtesy |
ശൂന്യാകാശത്തിലെ കോടിക്കണക്കിന് കിലോമീറ്റർ അകലെ നടത്തിയ ഒരത്ഭുത സംഭവമായ പരീക്ഷണം ആയിരുന്നു നാസയുടെ ഡബിള്‍ ആസ്റ്ററോയിഡ് റീ ഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്). ഡൈമോര്‍ഫോസ് എന്ന ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്താനുള്ള ശ്രമമായിരുന്നു അത്. ഈ ദൗത്യത്തിനിടെ ഡൈമോര്ഫോസിന്റെയും തൊട്ടടുത്തുള്ള വലിയ ഡിഡിമോസ് ഛിന്നഗ്രഹത്തിന്റേയും ഉയര്‍ന്ന റെസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിരുന്നു.
ഈ ചിത്രങ്ങള്‍ പഠനവിധേയമാക്കിയതോടെ ഡൈമോര്ഫോസിന്റേയും, ഡിഡിമോസിന്റേയും ബൈനറി ആസ്റ്ററോയിഡ് സംവിധാനത്തിന്റെ സങ്കീര്‍ണമായ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി പുതിയ വിവരങ്ങളാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ വലംവെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമാണ് വലിപ്പം കുറഞ്ഞ ഡൈമോര്‍ഫോസ്. ഒരു ഛിന്നഗ്രഹത്തെ ചുറ്റുന്ന മറ്റൊരു ഛിന്നഗ്രഹം. ഇതിനെയാണ് 'ബൈനറി ആസ്റ്ററോയിഡ് സിസ്റ്റം' എന്ന് വിളിക്കുന്നത്.
ഏകദേശം 1.25 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡിഡിമോസ് രൂപപ്പെട്ടതെന്നാണ് അതിലെ ഗര്‍ത്തങ്ങളും ഉപരിതലത്തിന്റെ ബലവും വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ആസ്റ്ററോയിഡ് ബെല്‍റ്റില്‍ നിന്നാണ് ഇത് വരുന്നത് എന്നും കരുതുന്നു.
ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങിയ ഡൈമോര്‍ഫോസ് എന്ന മൂണ്ലെറ്റിന് പക്ഷെ പ്രായം ഡിഡിമോസിനേക്കാള് കുറവാണ്. ഏകദേശം മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് രൂപപ്പെട്ടത്. യോര്പ്പ് ഇഫക്ടിന്റെ (Yorp Effect- ഛിന്നഗ്രഹം, ഉല്‍ക്ക പോലുള്ള ബഹിരാകാശ വസ്തുക്കളില്‍ സൂര്യപ്രകാശം ചെലുത്തുന്ന സ്വാധീനം) ഫലമായി അതിവേഗം കറങ്ങുന്ന ഡിഡിമോസില് നിന്ന് വേര്‍പെട്ട വസ്തുവില്‍ നിന്നാണ് ഡൈമോര്‍ഫോസ് രൂപപ്പെട്ടത്.
ഒരു വലിയ ഛിന്നഗ്രഹത്തിന്റെ തകര്‍ച്ചയുടെ ഫലമായാണ് ഡിഡിമോസും, ഡൈമോര്ഫോസും രൂപപ്പെട്ടതെന്നും നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഡാര്‍ട്ട് മിഷന്
2022 സെപ്റ്റംബറിലാണ് ഡാര്‍ട്ട് പേടകം ഡൈമോര്ഫോസില് ഇടിച്ചിറക്കിയത്. ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യനെ തടഞ്ഞുനിര്‍ത്താനാവുമോ എന്നറിയാനുള്ള പരീക്ഷണമായിരുന്നു ഇത്. പരീക്ഷണം വിജയം കണ്ടുവെന്നാണ് നാസ വ്യക്തമാക്കിയത്. ബഹിരാകാശത്തിലെ ഛിന്നഗ്രഹത്തിന്റെ ചലനം മാറ്റുന്നതിനായി ഒരു ബഹിരാകാശ പേടകം ബോധപൂര്‍വം ഒരു ഛിന്നഗ്രഹവുമായി ഉയര്‍ന്ന വേഗതയില്‍ കൂട്ടിയിടിക്കുന്ന 'കൈനറ്റിക് ഇംപാക്റ്റര്‍' സാങ്കേതികവിദ്യയാണ് ഡാര്‍ട്ടിലൂടെ പരീക്ഷിച്ചത്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് സ്പേസ് ഫോഴ്സ് ആസ്ഥാനത്ത് നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഡാര്‍ട്ട് വിക്ഷേപിച്ചത്. 24140 കിമീ വേഗത്തിലാണ് പേടകം ഇടിച്ചിറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ ഡൈമോര്‍ഫസ് ഡിഡിമോസ് ഛിന്നഗ്രഹത്തിന് അടുത്തേക്ക് അല്‍പ്പം നീങ്ങിയതായി കണ്ടെത്തി. ഇതുവഴി ഡൈമോര്‍ഫസിന്റെ ഭ്രമണ സമയം 32 മിനിറ്റോളം കുറഞ്ഞു. നാസയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
