2023ല്‍ ഐഎസ്ആര്‍ഒ ദേശീയതലത്തില്‍ തയാറാക്കിയ മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങളുടെ പട്ടികയില്‍, ഉരുള്‍പൊട്ടലില്‍ രണ്ട് പ്രദേശങ്ങൾ തുടച്ചുനീക്കിയ വയനാട് 13-ാം സ്ഥാനത്ത്. ആകെ ജനസംഖ്യ, വീടുകളുടെ എണ്ണം തുടങ്ങി സുപ്രധാന സാമ്പത്തിക, സാമൂഹിക ഘടകങ്ങള്‍ പരിഗണിച്ചാണു പട്ടിക തയാറാക്കിയിരിക്കുന്നത്. ഉത്തരാഞ്ചലിലെ രുദ്രപ്രയാഗ് ഒന്നാമതായി. 17 സംസ്ഥാനങ്ങളിലെ 147 ജില്ലകളുടെ പട്ടികയാണ് ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ തയാറാക്കിയ ഇന്ത്യയുടെ മണ്ണിടിച്ചില്‍ അറ്റ്ലസില്‍ ഉള്ളത്.
പശ്ചിമഘട്ട മലനിരകളാണു മണ്ണിടിച്ചിലിന് ഏറെ സാധത്യയുളള പ്രദേശമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിമാലയന്‍ പ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മണ്ണിടിച്ചില്‍ കുറവാണെങ്കിലും കേരളത്തില്‍ ജനസാന്ദ്രത കൂടിയിരിക്കുന്നത് പശ്ചിമഘട്ട മലനിരകളിലെ ദുരന്തം ജനങ്ങളെ കൂടുതല്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തിൽ നിന്നുള്ള പ്രദേശങ്ങളിൽ അഞ്ചാമതാണ് വയനാട്.ദേശീയ തലത്തിൽ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ കേരളത്തിൽ തൃശ്ശൂരാണ് ആദ്യം. പട്ടികയിൽ തൃശൂർ മൂന്നാം സ്ഥാനത്താണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവ യഥാക്രമം അഞ്ചും ഏഴും പത്തും സ്ഥാനത്താണ്. ഐഎസ്ആർഒയുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് വയനാട്. ഉത്തരാഞ്ചലിലെ രുദ്രപ്രയാഗ് ആണ് ഒന്നാം സ്ഥാനത്ത്.
1998 മുതൽ 2022 വരെ കാലയളവിൽ വിവിധ സമയങ്ങളിൽ ആയി നടന്ന ഉരുൾപൊട്ടലുകൾ ഐഎസ്ആർഒയുടെ പഠനം പരിശോധിക്കുന്നുണ്ട്. 2021-ൽ വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം സംഭവിച്ച ചില പ്രധാന ദുരന്തങ്ങളെയാണ് സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പഠനം പരിശോധിക്കുന്നത്.
ഐഎസ്ആർഒ ലാൻഡ്സ്ലൈഡ് അറ്റ്ലസിൽ വയനാടിന് ശേഷം ഉള്ളത് എറണാകുളം ജില്ലയാണ്. 15-ാം സ്ഥാനത്താണ് എറണാകുളം. ഇടുക്കി 18-ാം സ്ഥാനത്തും കോട്ടയം 24-ാം സ്ഥാനത്തുമാണ്. കണ്ണൂർ (26), തിരുവനന്തപുരം (28), പത്തനംതിട്ട (33), കാസർകോട് (44), കൊല്ലം (48), ആലപ്പുഴ (138) എന്നിങ്ങനെയാണ് പട്ടികയിൽ ഉള്ള മറ്റ് ജില്ലകൾ.
'ലാൻഡ്സ്ലൈഡ് അറ്റ്ലസ്' തയ്യാറാക്കുന്നതിനായി ഉരുൾപൊട്ടൽ സാധ്യതയുള്ള പശ്ചിമഘട്ടവും ഹിമാലയൻ പ്രദേശങ്ങളും കേന്ദ്രം പ്രത്യേകമായി പരിശോധിച്ചിരുന്നു. "ഹിമാലയൻ പ്രദേശങ്ങളെ അപേക്ഷിച്ച് മണ്ണിടിച്ചിലുകൾ കുറവാണെങ്കിലും ഉയർന്ന ജനസാന്ദ്രതയും ഗാർഹിക സാന്ദ്രതയും കാരണം പശ്ചിമഘട്ടത്തിലെ നിവാസികളും കുടുംബങ്ങളും നേരിടുന്ന അപകടസാധ്യത കൂടുതൽ പ്രാധാന്യമർഹിക്കുന്നു. പ്രത്യേകിച്ച് കേരളത്തിൽ,”പഠനം പറയുന്നു.
ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം പരിശോധിക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (സിഎജി) സമീപകാല റിപ്പോർട്ടിൽ,വയനാട് ജില്ലയിലെ വനഭൂമി നശിപ്പിക്കപ്പെട്ടതിന്റെ വ്യാപ്തി ചൂണ്ടിക്കാട്ടുന്നുണ്ട്.
വയനാട് വന്യജീവി സങ്കേതത്തിൻ്റെ മാനേജ്മെൻ്റ് പ്ലാൻ പ്രകാരം, 1950-ൽ 1,811.35 ചതുരശ്ര കിലോമീറ്ററായിരുന്നു വയനാട് ജില്ലയിലെ വനഭൂമി, 2021-ൽ 863.86 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിട്ടുണ്ട്. 947.49 ചതുരശ്ര കിലോമീറ്റർ വനത്തിൻ്റെ കുറവാണ് ഈ കണക്ക് പ്രകാരം രേഖപ്പെടുത്തുന്നത്. തോട്ടം, കൃഷി മുതലായവയുടെ വിസ്തൃതിയിൽ അതിനനുസരിച്ച് വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് സസ്യജീവജാലങ്ങളുടെ ശിഥിലീകരണത്തിലേക്കും നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 ലെ സിഎജിയുടെ കംപ്ലയൻസ് ഓഡിറ്റ് റിപ്പോർട്ട്, 2024 ജൂലൈ 11 ന് കേരള നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.