![]() |
| Courtesy |
ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ പൊതു പൂർവിക ജീവിയായ ലൂക്കയുടെ (LUCA-Last Universal Common Ancestor) പ്രായം ഇതുവരെ കണക്കാക്കിയതിനേക്കാൾ ഏകദേശം 90 കോടി വർഷം അധികമാണെന്ന് പുതിയ പഠനം. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെയടക്കം ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ലോകത്തിലെ ഏറ്റവും ചെറിയ ബാക്ടീരിയ മുതൽ ഏറ്റവും വലിയ നീലത്തിമിംഗലങ്ങൾക്ക് വരെ പൊതു പൂർവികൻ ലൂക്കയെന്നാണ് ശാസ്ത്രം പറയുന്നത്. 450 കോടി വർഷമാണ് ഭൂമിയുടെ പ്രായം. ഭൂമി ഉണ്ടായി, ഏകദേശം 3.4 -4 ബില്ല്യൺ വർഷങ്ങൾക്കിടെയാണ് ലൂക്കയുണ്ടായതെന്നാണ് കണക്കാക്കിയിരുന്നത്. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഭൂമിയുടെ ഉത്ഭവകാലത്തോട് അടുത്താണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന ലൂക്കയുടെ പ്രായം.
എന്നാൽ, 4.2 ബില്ല്യണ്‍ (420 കോടി) വർഷമാണ് ലൂക്കയുടെ പ്രായമെന്ന് ശാസ്ത്രജ്ഞരുടെ പുതിയ പഠനം പറയുന്നു. ഭൂമി ഉണ്ടായി അധികം വൈകാതെ തന്നെ ജീവനുമുണ്ടായി എന്ന നിഗമനത്തിലേക്കാണ് കണ്ടെത്തല്‍ എത്തിച്ചേരുന്നത്. നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷൻ എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. ലൂക്കയുടെ ജീവിതം എങ്ങനെയായിരുന്നിരിക്കാമെന്നതടക്കമുള്ള വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ജീവജാലങ്ങളിലെ ജീനുകളെ താരതമ്യം ചെയ്യുകയും ലൂക്കയുമായി പൊതു പൂർവ്വികനെ പങ്കിട്ടതിനുശേഷം സംഭവിച്ച മ്യൂട്ടേഷനുകൾ കണക്കാക്കുകയും ചെയ്താണ് പഠനം നടത്തിയത്. ജീവിവർഗ്ഗങ്ങൾ തമ്മിലുള്ള വേർപിരിയൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള ജനിതക സമവാക്യം ഉപയോഗിച്ചാണ് ലൂക്കക്ക് നിലവിൽ കണക്കാക്കിയതിനേക്കാൾ പ്രായം കൂടുതലാണെന്ന് കണ്ടെത്തിയത്.
നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തെ വിവാദ വിഷയമാണ് ലൂക്ക. ഒരേ ആരംഭത്തിൽ നിന്ന് ശാഖകളായി പിരിഞ്ഞുള്ള പരിണാമത്തിലൂടെയാണ് പ്രകൃതിയിലെ ജീവവൈവിദ്ധ്യം ഉണ്ടായതെന്നാണ് ചാൾസ് ഡാർവിൻ പറയുന്നത്. ജീവജാലങ്ങളുടെ ആദ്യ പൂർവിക(നാ)യാണ് ലൂക്ക എന്ന് പറയുന്നുണ്ടെങ്കിവും. ഭൂമിയിൽ രൂപം കൊണ്ട ആദ്യ ജീവരൂപമല്ല ലൂക്ക. ഭൂമി രൂപപ്പെട്ട് ഇന്നത്തെ ജീവിവിഭാഗങ്ങളായി പരിണമിക്കാൻ വേണ്ട അടിസ്ഥാന സ്വഭാവങ്ങൾ കൈവന്ന അവസ്ഥയെയാണ് ലൂക്ക എന്ന് വിളിക്കുന്നത്.
ഭൂമിയുണ്ടായി ഏതാണ്ട് 56 കോടി വർഷങ്ങൾ കഴിഞ്ഞാണ് ലൂക്കയുണ്ടായതെന്നാണ് ഇതുവരെയുള്ള ധാരണ അതായത് ഏതാണ്ട് 350 - 380 കോടി വർഷങ്ങൾക്ക് മുൻപ് ജീവന്റെ വിദൂരപൂർവിക(ൻ) ആയ ലൂക്ക രൂപപ്പെട്ടത് എന്നാണ് വിശ്വസിച്ചിരുന്നത്. 340 കോടി പഴക്കമുള്ള ജീവരൂപത്തിന്റെ ഫോസില്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. എന്നാൽ പുതിയ പഠനം അനുസരിച്ച് ലൂക്കയ്ക്ക് 420 കോടി വർഷങ്ങളുടെ പഴക്കമുണ്ട്.
പുതിയ പഠനം അനുസരിച്ച് ലൂക്കയുടെയും ഭൂമിയുടെയും പ്രായം അടുത്തടുത്താണ്. ഭൂമി രൂപപ്പെട്ട ഉടൻ തന്നെ രണ്ട് സുപ്രധാന ജൈവപ്രക്രിയകളായ ജനിതക കോഡും ഡിഎന്‍എ വിഭജനവും രൂപപ്പെട്ടിരിക്കാമെന്ന നിരീക്ഷണമാണ് പുതിയ പഠനം മുന്നോട്ട് വെക്കുന്നത്.
പഠനത്തിന്റെ ഭാഗമായി ഗവേഷകസംഘം ബാക്ടീരിയ, ആര്‍ക്കിയ, ഫംഗസ് എന്നിവയുടെ 700 ജീനോമുകള്‍ വിശകലനം ചെയ്തു. പിന്നീട് പരിണമിച്ച സസ്യങ്ങള്‍ മൃഗങ്ങള്‍ പോലുള്ള യൂക്കാരിയോട്ടുകളെ ഒഴിവാക്കി ലൂക്കയുടെ ജിനോം നിര്‍മിച്ചു. പഠനത്തില്‍ ഈ ജീവികളുടെ പരിണാമ ബന്ധങ്ങള്‍ക്ക് കാരണമായ 57 ജീന്‍ കുടുംബങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.
സ്പീഷീസുകള്‍ തമ്മിലുള്ള കൈമാറ്റം വഴിയാണ് ജീനുകളുടെ പരിണാമ ചരിത്രം സങ്കീർണ്ണമാകുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ എഡ്മണ്ട് മൂഡി പറർഞ്ഞു. ലൂക്ക ലളിതമായ പ്രോകാരിയോട്ടായിരുന്നുവെങ്കിലും, അതിന് ഒരു രോഗപ്രതിരോധ സംവിധാനമുണ്ടായിരുന്നുവെന്നും വൈറസുകളുമായി പോരാടിയിരുന്നുവെന്നും പറയുന്നു. ഏറ്റവും പഴയ പൊതു പൂർവ്വികൻ ലൂക്കയാണെങ്കിലും, ജീവൻ അതിൻ്റെ ഉത്ഭവം മുതൽ ലൂക്കയുടെ ഭാഗമായ ആദ്യകാല സമൂഹങ്ങളിലേക്ക് എങ്ങനെ പരിണമിച്ചുവെന്ന് ഇപ്പോഴും പൂർണമായി വ്യക്തമാകാത്ത വിഷയമാണ്.
ലൂക്ക ഒരു സങ്കീര്‍ണമായ ജീവിയായിരുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അത് പ്രകാശ സംശ്ലേഷണ ശേഷി ഇല്ലാതിരുന്ന ഒരു തരം ബാക്ടീരിയയോ ആര്ക്കിയയോ ആയിരിക്കാമെന്നും പഠനം പറയുന്നു. ഭൂമിയുടെ ആദ്യകാലത്തെ ഫോസിലുകള്‍ തെളിവായി ലഭിക്കാത്തതിനാല്‍ ആ പ്രശ്നം പരിഹരിക്കുന്നതിന് പാരലോഗസ് ജീനുകളും ഫോസില്‍ ഡാറ്റയും ഉപയോഗിച്ചുള്ള പുതിയ മാര്‍ഗമാണ് ലൂക്കയുടെ പ്രായം കണക്കാക്കാന്‍ ശാസ്ത്രജ്ഞര്‍ സ്വീകരിച്ചത്.
ജീവജാലങ്ങളുടെ പ്രായം നിര്‍ണയിക്കുന്നതിലെ ഗണമ്യമായ പുരോഗതിയാണ് ഈ പുതിയ പഠനം കാണിക്കുന്നത്. പുതിയ ജീവികളെ കണ്ടെത്തുകയും സാങ്കേതികവിദ്യ വികസിക്കുകയും ചെയ്യുമ്പോള്‍ ലൂക്കയുമായി ബന്ധപ്പെട്ട ഈ വ്യാഖ്യാനങ്ങളില്‍ മാറ്റം സംഭവിക്കാം അത് ജീവന്റെ തുടക്കവുമായി ബന്ധപ്പെട്ട കൂടുതല്‍ ആഴത്തിലുള്ള അറിവുകളും നല്‍കിയേക്കും.
