വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് അനുഭവപ്പെട്ട വലിയ ശബ്ദം ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷനല്‍ സീസ്മോളജിക് സെന്റര്‍ അറിയിച്ചു. പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് കൂടരഞ്ഞി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായതും ഭൂമികുലുക്കമല്ലെന്നാണ് വിവരം. ഇതുസംബന്ധിച്ചും ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ ഉണ്ടായതും പ്രകമ്പനമായിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.
വയനാട്ടില്‍ ഭൂമിക്കടിയിൽ നിന്നും വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായുള്ള പ്രദേശവാസികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി കേരള ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) നേരത്തെ രംഗത്തെത്തിയിരുന്നു. ഭൂമി കുലുക്കമുണ്ടായെന്നാണ് ആളുകള്‍ പറയുന്നത്.
എന്നാല്‍, നിലവില്‍ വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു.വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെ 10 .15 മണിയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അമ്പലവയല്‍ വില്ലേജിലെ ആര്.എ.ആര്.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വൈത്തിരി താലൂക്കിലെ വൈത്തിരി,പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും സുല്‍ത്താൻ ബത്തേരി താലൂക്കിലെ നെൻമേനി,അമ്പലവയൽ പഞ്ചായത്തുകളിലുമാണ് ഭൂമിക്കടയില്‍ നിന്ന് പ്രകമ്പനം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് എടക്കല്‍ പ്രദേശത്തെ അമ്പലവയല്‍ ജിഎല്‍പി സ്കൂളിന് അവധി നല്കി. ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളില്‍ റവന്യു, ജിയോളി വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി. സ്ഥലത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. സേട്ടുക്കുന്നിലും സുഗന്ധഗിരിയിലും പ്രകമ്പനം കേട്ടുവെന്നും ആളുകൾ ഭീതിയിലാണെന്നും പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.