മണ്ണിൽ വിളയിക്കുന്ന നിലക്കടല എങ്ങനെ കായലിനുമീതെ കൃഷിചെയ്യുമെന്നായിരിക്കും സംശയം. കായംകുളം കായലിന്റെ വടക്ക് വീരാമ്പറമ്പ് ഭാഗത്തെത്തിയാൽ ഈ കൃഷി കാണാം. പുളിക്കീഴ് പുത്തൻവീട്ടിൽ ഉദയകുമാറാണ് (53) കർഷകൻ. കഴിഞ്ഞ ഓണക്കാലത്ത് കായലിന് മുകളിൽ പൂപ്പാലമൊരുക്കിയാണ് ഉദയൻ ശ്രദ്ധ നേടിയത്.
കായലിൽ നിർമിച്ച താൽക്കാലിക പാലത്തിലാണ് നിലക്കടല വിളയിക്കുന്നത്. കായലിൽ സ്ഥാപിച്ച മത്സ്യക്കൂടിനടുത്തെത്താൻ 40 മീറ്റർ നീളത്തിലും രണ്ടടി വീതിയിലും നിർമിച്ച പാലത്തിലാണ് കൃഷി. 150 ഗ്രോബാഗിലാണ് കൃഷി. തോടോടെയുള്ള നിലക്കടല വാങ്ങി ഒരു ബാഗിൽ രണ്ടെണ്ണം വീതമാണ് നട്ടത്. ഇപ്പോൾ ഒന്നരമാസം പിന്നിട്ടു. നാലുമാസമാണ് വിളവെടുപ്പിന് വേണ്ടത്.
പൂർണമായും വിപണി ലക്ഷ്യമിട്ടാണ് പച്ചക്കറികൃഷി. പാവൽ, പടവലം, സലാഡ് വെള്ളരി, ഇടവിളകൾ തുടങ്ങി നിരവധി ഇനങ്ങൾ ഉദയന്റെ തോട്ടത്തിൽനിന്ന് കൃഷിഭവന്റെ ഓണച്ചന്തകളിലും വിവിധ ചന്തകളിലും എത്താറുണ്ട്. കാർത്തികപ്പള്ളി കൃഷിഭവന്റെ ഇക്കോ ഷോപ്പാണ് പ്രധാന വിപണനകേന്ദ്രം.
പാലത്തിലെ നാലാമത്തെ പരീക്ഷണമാണിത്. ചീര വിളയിച്ചായിരുന്നു തുടക്കം. പിന്നെ പയറും വെള്ളരിയും. 480 കിലോ വെള്ളരിയും 250 കിലോ പയറും വിളയിച്ചു. വെള്ളത്തിൽ പച്ചക്കറി വിളയിച്ചും ശ്രദ്ധനേടി. കരയിൽ ചെടിനട്ട് വെള്ളത്തിന് മുകളിൽ പന്തൽ കെട്ടിയാണ് പാവലും പടവലവും കൃഷിചെയ്യുന്നത്. കഴിഞ്ഞ ഓണക്കാലം ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബന്ദിപ്പൂക്കൾ കൃഷി ചെയ്തിരുന്നു. ഉദയകുമാറിന്റെ പരീക്ഷണങ്ങൾക്കെല്ലാം ഭാര്യ രതിയും മകൾ ഗൗരി കൃഷ്ണയും പൂർണ പിന്തുണയുമായി കൂടെയുണ്ട്
