ഇസ്രയേല്‍ ആക്രമണങ്ങളില്‍ ചാവുനിലമായി മാറിയ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 40,000 കടന്നു. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തില്‍ വ്യാഴാഴ്ച മരണം 40,005 കടന്നതായി ഗാസ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 92,401 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. മരിച്ചവരില്‍ കൂടുതല്‍ പേരും സാധാരണക്കാരാണെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ സാധാരണക്കാരാണെന്ന് പറയുമ്പോഴും മറ്റുള്ളവർ എത്രയെന്ന് വ്യക്തമല്ല.ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം വരും. 23 ലക്ഷത്തോളമാണ് ഗാസയിലെ ജനസംഖ്യ.
ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഗാസയിലെ 60 ശതമാനത്തോളം കെട്ടിടങ്ങളും പൂര്‍ണ്ണമായും തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി റാഫായിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്നതാണ് ശ്രദ്ധേയം. തങ്ങളുള്‍പ്പടെ അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരെ സ്വതന്ത്രമായി ഗാസയിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ തടസ്സം നില്ക്കുന്നതിനാല് കൃത്യമായ കണക്കുകള്‍ പുറംലോകത്തേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങള് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തില്‍ ഇന്റര്‍നെറ്റും മറ്റു സംവിധാനങ്ങളും നിലച്ചതോടെ മരണത്തിന്റെ കണക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേന്ദ്രീകൃത സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.
അതേസമയം സ്ഥിരം ന്യായീകരണവുമായി ജൂത രാഷ്ട്രം രംഗത്ത് എത്തി.ഗാസ ആരോഗ്യമന്ത്രാലയം ഉയർത്തിക്കാണിക്കുന്ന കണക്കുകള്‍ ഇസ്രയേല്‍ തള്ളി. ഹമാസാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നതെന്നും അതിനാല്‍ കണക്കുകള്‍ വിശ്വസിനീയമല്ലെന്നുമാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ വാദം. 2009 മുതല്‍ 2021 വരെയുള്ള നിരവധി സംഘർഷങ്ങളില്‍ കൊല്ലപ്പെട്ടവരുടേയും കാണാതായവരുടേയും കണക്കുകള്‍ ഐക്യരാഷ്ട്ര സഭ രേഖപ്പെടുത്തിയിട്ടുണ്ട്.
കണക്കുകള്‍ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമന്ത്രാലയവുമായുള്ള ഏകോപനം താറുമാറായാണ് തുടരുന്നതെന്ന് യുഎൻ സെക്രട്ടറി ജനറല്‍ വക്താവ് ഫർഹാൻ ഹഖ് വ്യക്തമാക്കി. എന്നിരുന്നാലും മന്ത്രാലയത്തിന്റെ കണക്കുകള്‍ കൃത്യത പാലിക്കാറുണ്ടെന്നും ഫർഹാൻ കൂട്ടിച്ചേർത്തു.