![]() |
| Courtesy |
എല്ലാവരുടെയും വീട്ടിൽ ദിവസത്തിൽ ഒരു തവണയെങ്കിലും ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന കലണ്ടറിലേക്ക് ഒന്ന് നോക്കാതെ ഇരിക്കുമോ?.ലോകത്തെ ഏറ്റവും പഴക്കമേറിയ കലണ്ടര്‍ കണ്ടെത്തി പുരാവസ്തു ഗവേഷകര്‍. 12000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിലായുഗ കാലത്ത് കൊത്തിയെടുത്ത കലണ്ടറാണ് തുര്‍ക്കിയിലെ ഗോബെക്ലി ടെപേ എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. മനുഷ്യന്റെ നാഗരികതയുടെ ചരിത്രം തിരുത്തി എഴുതുന്നതാണ് ഈ കണ്ടെത്തല്‍. ബിസി 150 ല്‍ പ്രാചീന ഗ്രീക്ക് നാഗരികതയ്ക്കും 10000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി സമയം രേഖപ്പെടുത്തുന്നതിനുള്ള വിദ്യ മനുഷ്യന് അറിയാമായിരുന്നു എന്നതിന്റെ തെളിവാണിത്.
അക്കാലത്തിനും 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു ഉല്‍ക്കാപതനത്തെ കുറിച്ചും ഇവിടെ ശിലകളില്‍ കൊത്തിവെച്ചിട്ടുണ്ടെന്നുള്ളത് മറ്റൊരു വലിയ കണ്ടെത്തലാണ്. ആ ഉല്ക്കാപതനത്തില് നിരവധി മൃഗങ്ങള്‍ ഇല്ലാതായെന്നും കൃഷിയില്ലാതായെന്നും അത് തണുത്തുറഞ്ഞ കാലാവസ്ഥയിലേക്ക് നയിച്ചതായും അത് വ്യക്തമാക്കുന്നു.
വേട്ടക്കാരായിരുന്ന പ്രാചീന മനുഷ്യര്‍ സ്ഥിരമായ ഒരിടത്ത് താമസിക്കാന്‍ നിര്‍ബന്ധിതരായ സംഭവമായാണ് അക്കാലത്ത് മനുഷ്യര്‍ ഉല്‍ക്കാപതനത്തെ ഓര്‍ത്തുവെക്കുന്നത് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇവര്‍ക്കിടയില്‍ പുതിയ മതവും, പുതിയ കാലാവസ്ഥയ്ക്കനുസരിച്ചുള്ള കൃഷിരീതികളും രൂപപ്പെട്ടു. കണ്ടതെല്ലാം കൊത്തിവെക്കാനുള്ള ഇവരുടെ ശ്രമങ്ങളായിരിക്കാം പിന്നീട് എഴുത്തിന്റെ വികാസത്തിലേക്ക് നയിച്ചതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.
ഗോബെക്ലി ടെപെയിലെ പ്രാചീന നിവാസികള്‍ വാന നിരീക്ഷകരായിരുന്നുവെന്നും അവരുടെ സമൂഹത്തിന് ഒരു ഉല്‍ക്കാ പതനത്തിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ഈ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതായി എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങിലെ ഗവേഷകനായ ഡോ. മാര്ട്ടിന് സ്വെറ്റ്മാന് പറഞ്ഞു.
ലോകത്തെ ഏറ്റവും പഴക്കമേറിയ മനുഷ്യനിര്മിതികള് കണ്ടെത്തിയ ഇടമാണ് ഗോബെക്ലി ടെപെ. ബിസി 9600 നും 8200 നും ഇടയിലാണ് ഇത് നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ സ്റ്റോണ്‍ഹെഞ്ചിനും 6000 വര്‍ഷങ്ങളുടെ പഴക്കമുള്ളതാണിത്. നിരവധി കല്‍തൂണുകളാണ് ഇവിടെയുള്ളത്. എഡിന് ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കലണ്ടര്‍ കൊത്തിവെക്കുന്നതിനായി ഉപയോഗിച്ചിരുന്നവയാണെന്ന് കണ്ടെത്തിയത്.
V എന്ന ഛിഹ്നമാണ് ഒരു ദിവസത്തെ പ്രതിനിധീകരിക്കാന്‍ ഉപയോഗിച്ചത്. ഇത്തരത്തില്‍ 365 ഛിഹ്നങ്ങള്‍ ശിലകളിലുണ്ട്. 12 ചാന്ദ്ര ദിനങ്ങളും 11 അധിക ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രീക്ക് സ്കോര്‍പ്പിയന്‍ (വൃശ്ചികം) നക്ഷത്രരാശിയും ഒഫിയൂക്കസ് നക്ഷത്രരാശിയും (സര്‍പ്പധരന്‍) ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. ബിസി 150 ല്‍ പ്രാചീന ഗ്രീക്കിലാണ് ഈ രീതിയിലുള്ള കാലനിര്‍ണയ സംവിധാനങ്ങള്‍ ഉുപയോഗിച്ചിരുന്നതെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത് അതിനാണ് ഇപ്പോൾ മാറ്റം വന്നത്.
