എഡിജിപി അജിത് കുമാറിനെ ആയുധമാക്കി ആര്‍എസ്എസ് വേണ്ടാത്ത പലകാര്യങ്ങളും സംസ്ഥാനത്തു നടപ്പിലാക്കുന്നുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിക്കുകയാണെന്നും ആരോപിച്ചു നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സിപിഎമ്മും മുഖ്യമന്ത്രിയുമായി ഇടഞ്ഞ് എല്‍ഡിഎഫ് വിട്ട ശേഷം നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിന്റെ രഹസ്യ അജണ്ടകള്‍ അജിത്കുമാറിലൂടെ നടപ്പിലാക്കുകയാണ്. സംസ്ഥാനത്തെ അപകടകരമായ അവസ്ഥയിലേക്കും വര്‍ഗീയ കലാപത്തിലേക്കും നയിക്കാന്‍ ഉതകുന്ന തരം പ്രവര്‍ത്തനങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അദ്ദേഹം ചെറുവിരല്‍പോലും അനക്കുന്നില്ലെന്നും അന്‍വര്‍ ആരോപിച്ചു.
സിപിഎമ്മും മുഖ്യമന്ത്രിയും എന്തിനാണ് ആര്‍എസ്എസിന്റെ താല്പര്യങ്ങള്ക്കനുസരിച്ചു നില്‍ക്കുന്നതെന്നും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുന്ന കുഞ്ഞിനെ അമ്മ ചേര്‍ത്തുപിടിക്കുന്നതു പോലെയാണ് എഡിജപിയെ മുഖ്യമന്ത്രി ചേര്‍ത്തുപിടിക്കുന്നതെന്നും അത്രമാത്രം ഭയക്കാന്‍ എന്താണുള്ളതെന്നും അന്‍വര്‍ ആരാഞ്ഞു.
പൊളിറ്റിക്കല്‍ സെക്രട്ടറി അപകടകാരിയാണെന്നും എഡിജിപി എം ആര് അജിത്കുമാര്‍ നൊട്ടോറിയസ് ആണെന്നും മുഖ്യമന്ത്രിയോട് താന്‍ നേരിട്ടു പറഞ്ഞതാണെന്നും അവര്‍ക്കെതിരായ പോരാട്ടത്തില്‍ മുഖ്യമന്ത്രി തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ മുഖ്യമന്ത്രിയെ ശശിയും എഡിജിപിയും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ച് മനംമാറ്റിയെന്നും വിശ്വാസവഞ്ചനയാണ് മുഖ്യമന്ത്രി കാട്ടിയതെന്നും അന്‍വര്‍ തുറന്നടിച്ചു.
''ഇവര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കിയപ്പോള് 37 മിനിറ്റാണ് സംസാരിച്ചത്. നാട്ടില സ്ഥിതി അറിയാമോയെന്നു മുഖ്യമന്ത്രിയോട് നേരിട്ടു ചോദിച്ചു. മുഖ്യമന്ത്രിയുടെ ജനപ്രീതി ഇടിഞ്ഞുവെന്നും ജനങ്ങള്‍ക്ക് വെറുപ്പായിത്തുടങ്ങിയെന്നും തുറന്നു പറഞ്ഞു. ഇതിനെല്ലാം കാരണക്കാരന്‍ ശശിയാണെന്നും മുഖ്യമന്ത്രിയെ ബോധിപ്പിച്ചതാണ്. എന്നാല്‍ പിന്നീട് എന്നെ കള്ളനാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്''- അന്‍വര്‍ വ്യക്തമാക്കി.
ഒരിക്കലും താന്‍ സിപിഎമ്മിനെയും സിപിഎം പ്രവര്‍ത്തകരെയും തള്ളിപ്പറയില്ലെന്നും അന്‍വര്‍ പറഞ്ഞു. ''പാര്‍ട്ടിയെന്നത് സാധാരണക്കാരാണ്. ആ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ഞാന്‍ തള്ളിപ്പറയില്ല. മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ചിറങ്ങിയതാണ്. മുഖ്യമന്ത്രിയെ പിതൃതുല്യനായാണ് കണ്ടിരുന്നത്''- അന്‍വര്‍ പറഞ്ഞു.
കേരളം ഒരു വെള്ളരിക്കാ പട്ടണം ആയി മാറിയെന്നും സ്ഫോടകാത്മകമായ ഒരു സാഹചര്യത്തിലാണ് വര്‍ത്തമാന കേരളം കടന്നുപോകുന്നതെന്നും അന്‍വര്‍ പറഞ്ഞു. ''പോലീസില്‍ 25 ശതമാനം ക്രിമിനല്‍വത്കരിക്കപ്പെട്ടിരിക്കുകയാണ്. സ്വര്‍ണത്തട്ടിപ്പിനു വേണ്ടി മാത്രം പ്രത്യേകസംഘമാണ് പോലീസില്‍ പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ വയര്‍ലെസ് ചോര്‍ത്തി രാജ്യദ്രോഹക്കുറ്റം ചെയ്ത ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് പോലീസിന് സാധിച്ചില്ല. കേസില്‍ നിന്ന് ഷാജനെ രക്ഷപെടുത്തിയത് പി ശശിയും എഡിജിപി എം ആര് അജിത്കുമാറും ചേര്‍ന്നാണ്''- അന്‍വര്‍ ആവര്‍ത്തിച്ച് ആരോപിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസും സംസ്ഥാന പോലീസും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് പോലീസിനു പിടിക്കാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ സ്വര്‍ണം കടത്തിവിടുന്നുണ്ടെന്നും അത്തരം കേസുകളില്‍ പോലീസ് പിടികൂടിയ സ്വര്‍ണത്തിന്റെ മുക്കാല്‍ പങ്കും മുന്‍ എസ് പി സുജിത് ദാസും സംഘവും തട്ടിയെടുത്തെന്നും അന്‍വര്‍ ആരോപിച്ചു.
കൂത്തുപറമ്പ് സമരസേനാനിയായ അന്തരിച്ച പുഷ്പനെ അനുസ്മരിച്ചുകൊണ്ടാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്. സിപിഎം മുന്‍ ഏരിയാ കമ്മിറ്റിയംഗം ഇ എ സുകുവാണ് യോഗത്തില്‍ സ്വാഗതമോതിയത്. വൈകിട്ട് ആറരയ്ക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വിശദീകരണയോഗത്തിനായി മണിക്കൂറുകള്‍ മുമ്പ് തന്നെ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. സിപിഎം നേതൃത്വത്തെ ഞെട്ടിച്ച ജനപങ്കാളിത്തമായിരുന്നു യോഗത്തിലുണ്ടായിരുന്നത്.
പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് നിലമ്പൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി.അൻവർ എംഎൽഎ. ജനങ്ങള്‍ പാര്‍ട്ടിയുണ്ടാക്കിയാല്‍ അതില്‍ താനുമുണ്ടാകുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മതവിശ്വാസിയായതുകൊണ്ട് ആരും വർഗീയവാദിയാകില്ലെന്നും പേര് അൻവർ എന്നായതുകൊണ്ട് വർഗീയവാദിയാക്കാൻ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമാണ് താന്‍ വിശ്വസിച്ചതെന്നും, എന്നാല്‍ അദ്ദേഹം തന്നെ കള്ളനാക്കിയെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
ആർക്ക് വേണ്ടിയാണോ പോരാട്ടത്തിനിറങ്ങിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് സിപിഎമ്മെന്ന് പി.വി. അൻവർ എംഎൽഎ കൂട്ടിച്ചേര്‍ത്തു. എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ്. ഇന്ത്യ നേരത്തെ നീങ്ങിക്കഴിഞ്ഞു. ഒരു വിഷയം ഉന്നയിക്കുമ്പോൾ ആദ്യം നോക്കുന്നത് അവരുടെ പേരാണ്, അല്ലാതെ ആ വിഷയം അല്ല. മതവിശ്വാസമുണ്ടായാൽ അവൻ വർഗീയവാദിയല്ലെന്നും അൻവർ പറഞ്ഞു. അഞ്ച് നേരം നിസ്ക്കരിക്കുമെന്ന് പറഞ്ഞതിന് തന്നെ വർഗീയവാദിയാക്കുന്നു.
മതേതരത്തിൻ്റെ മുന്നിൽ കൊടി പിടിച്ച പാരമ്പര്യമാണ് തൻ്റെ കുടുംബത്തിനുള്ളത്. ഒരു വിശ്വാസിയും വർഗീയവാദിയാകുന്നില്ല. മറ്റ് മതങ്ങൾക്കെതിരെ പറയുന്നവനാണ് വർഗീയവാദിയെന്നും അദ്ദേഹം പറഞ്ഞു.
"നിരവധി തവണ സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണമെന്ന് പറയാറുണ്ട്. പല ചടങ്ങിലും പ്രായമായവർ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വിശ്വാസികളും അല്ലാത്തവരും സർക്കാർ പരിപാടികളിലുണ്ടാകും. അതുകൊണ്ടാണ് പ്രാർഥന ഉണ്ടാകരുതെന്ന് പറഞ്ഞത്. ഷാജൻ സ്കറിയ ഇപ്പോഴും വർഗീയ വിഷം കുത്തി വിടുകയാണ്." അന്‍വര്‍ പറഞ്ഞു