അന്ത്യോപചാരം അർപ്പിക്കാൻ എംവിആറിന്റെ മകനും!
'പോരാളികളുടെ പോരാളി
കൂത്തുപറമ്പിൻ പോരാളി
ഇല്ല ഇല്ല മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ...'
കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ.പുഷ്പന്റെ സംസ്ക്കാരം ഇടമുറിയാത്ത മുദ്രാവാക്യങ്ങളാൽ മുഖരിതമായ വികാരഭരിതമായ അന്തരീക്ഷത്തിൽ ചൊക്ലിയിലെ വീട്ടുവളപ്പിൽ നടന്നു. കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെന്ററിലെ പൊതുദർശനത്തിനുശേഷം ഞായറാഴ്ച രാവിലെ എട്ട് മണിയോടെ വിലാപയാത്ര കണ്ണൂർ ജില്ലയിലേക്ക് തിരിച്ചു.എലത്തൂര്‍, പൂക്കാട്, കൊയിലാണ്ടി, നന്തി , പയ്യോളി, വടകര , നാദാപുരം റോഡ്, മാഹി, പുന്നോല്‍ എന്നിവിടങ്ങളില്‍ റോഡിന്റെ ഇരുവശത്തും നിരവധി പേരാണ് പ്രിയ സഖാവിനെ അവസാനമായി കാണാന്‍ തിങ്ങിക്കൂടിയത്.
തലശേരി ടൌൺഹാളിൽ എത്തിച്ച മൃതദേഹത്തിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ എന്നിവരുൾപ്പടെയുള്ള നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. ഇതിനുശേഷം അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം മുതൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കൾ ചേർന്ന് പുഷ്പന്റെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ഒരുമണിക്കൂറോളം ടൌൺഹാളിൽ പൊതുദർശനം. ഇവിടെ നിന്ന് വിലാപയാത്ര കൂത്തുപറമ്പിലേക്ക് പുറപ്പെടുമ്പോഴും അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധിയാളുകൾ അവശേഷിക്കുന്നുണ്ടായിരുന്നു.
കൂത്തുപറമ്പിലെ സമരഭൂമികയിൽ തങ്ങളുടെ പ്രിയസഖാവിനെ ഒരുനോക്ക് കാണാനായി ആയിരകണക്കിന് ആളുകളാണ് കാത്തുനിന്നത്. കൂത്തുപറമ്പിലെ രക്തനക്ഷത്രങ്ങളായി മൂന്ന് പതിറ്റാണ്ടോളമായി ജ്വലിച്ചുനിൽക്കുന്ന കെ. കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവർക്കൊപ്പം ആറാമനായി പുഷ്പൻ കൂടിചേരുന്ന അത്യന്തം വൈകാരികമായ നിമിഷങ്ങൾക്കാണ് വിപ്ലവഭൂമിക സാക്ഷ്യംവഹിച്ചത്.
കൂത്തുപറമ്പിലെ പൊതുദർശനത്തിനുശേഷം പുഷ്പന്റെ മൃതദേഹം ചൊക്ലിയിലെ രാമവിലാസം സ്കൂളിൽ എത്തിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള നേതാക്കൾ സഖാവ് പുഷ്പന്റെ മൃതദേഹം തോളിലേറ്റി. തുടർന്ന് രണ്ട് മണിക്കൂറോളം പൊതുദർശനം തുടർന്നു. പതിനായിരകണക്കിന് ആളുകൾ ഇവിടെയെത്തി സഖാവ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ചു. കൈരളി ടി.വിക്കുവേണ്ടി റീജിയണൽ ഹെഡ് പി.വി കുട്ടന്റെ നേതൃത്വത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
വൈകിട്ട് പുഷ്പന്റെ മൃതദേഹം ചൊക്ലി ഗ്രാമത്തിലെ മേനപ്രയിലുള്ള പുതുക്കുടി വീട്ടിലെത്തിച്ചു. ഏറെ വികാരഭരിതമായ അന്തരീക്ഷത്തിൽ കുടുംബാംഗങ്ങൾ പുഷ്പന് അന്ത്യാജ്ഞലി അർപ്പിച്ചു. ‘ഇല്ലായില്ല മരിക്കുന്നില്ല, സഖാവ് പുഷ്പേട്ടൻ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴങ്ങിയ അതിവൈകാരികമായ അന്തരീക്ഷത്തിലാണ് പുഷ്പന്റെ സംസ്ക്കാരം നടന്നത്.
കാലത്തിൻറെ പ്രായശ്ചിത്തം എന്ന് തോന്നുന്ന വിധം തൻറെ ജീവിതം കിടപ്പിലായി പോകാൻ കാരണക്കാരനായ വ്യക്തിയുടെ മകൻ എം.വി. നികേഷ് കുമാറും പുഷ്പന് അന്തിമോപചാരം അർപ്പിക്കാനെത്തി . 1994 ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും അന്തരിച്ച സിഎംപി നേതാവുമായ എം.വി. രാഘവന്റെ മകനായ നികേഷ്, നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.

