![]() |
Courtesy |
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി ഇടതുസ്ഥാനാർഥി അനുര കുമാര ദിസനായകെ (55). ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മാർക്സിസ്റ്റ് പാർട്ടി നേതാവ് അധികാരത്തിലെത്തുന്നത്. വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയെന്നതും മറ്റൊരു ചരിത്രം.നാഷനൽ പീപ്പിൾ പവർ സഖ്യത്തിന്റെ ( എൻപിപി) അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്. ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായി ഒരു സ്ഥാനാർഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്.
ആദ്യഘട്ട വോട്ടെണ്ണലിൽ ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ ദിസനായകെ 42.32 ശതമാനം വോട്ടും സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ 32.74 ശതമാനം വോട്ടും നേടി. നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ 17.26 ശതമാനം വോട്ടുനേടി മൂന്നാമതായി. രാജ്യത്തെ ആകെ 22 ജില്ലകളിൽ 15ലും ദിസനായകെ മുന്നിലെത്തി. 56 ലക്ഷം വോട്ടാണ് അദ്ദേഹം ആദ്യഘട്ടത്തിൽ നേടിയത്.
മൂന്ന് സ്ഥാനാർഥികളുള്ള സാഹചര്യത്തിൽ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ടാം പരിഗണനാ വോട്ടെണ്ണണമെന്നാണ് ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇതു പ്രകാരം കൂടുതൽ വോട്ടുനേടിയ രണ്ട് സ്ഥാനാർഥികളൊഴികെ വിക്രമസിംഗെ ഉൾപ്പെടെയുള്ള മറ്റെല്ലാവരും തിരഞ്ഞെടുപ്പിൽനിന്ന് പുറത്തായി. പിന്നീട് പുറത്തായ സ്ഥാനാർഥികൾക്ക് വോട്ടുചെയ്തവരുടെ രണ്ടാം പരിഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
2022ൽ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ സർക്കാർ വീഴുകയും പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നാടുവിടുകയും ചെയ്തശേഷം ആദ്യം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. ദിസനായകെയുടെ നേതൃത്വത്തിലുള്ള ‘അരഗലയ’ മൂവ്മെന്റാണ് അന്നത്തെ ജനകീയ പ്രക്ഷോഭത്തിനു ചുക്കാൻ പിടിച്ചിരുന്നത്. പ്രക്ഷോഭത്തിന്റെ വിജയത്തെ തുടർന്ന് ജെവിപിയുടെയും ദിസനായകയെയുടെയും ജനപ്രീതി കുത്തനെ ഉയർന്നിരുന്നു. അഴിമതി തുടച്ചുനീക്കും, സ്വകാര്യവത്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കും, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കും തുടങ്ങിയ വൻ പൊളിച്ചെഴുത്തുകളുൾപ്പെടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ദിസനായകെ ശ്രീലങ്കൻ ജനതയ്ക്ക് നൽകിയിട്ടുള്ളത്.
ഇലക്ഷൻ കമ്മീഷൻ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചതോടെ ശ്രീലങ്കയെ ചുവപ്പിച്ച അനുര കുമാര ദിസനായകെ ആരാണെന്നാണ് ലോകം ഇപ്പോൾ തിരയുന്നത്. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാണ്, നാഷനൽ പീപ്പിൾ പവർ സഖ്യം ( എൻപിപി) നേതാവായ അനുര കുമാര. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽനിന്ന് 100 കിലോമീറ്റർ അകലെ തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ 1968 നവംബർ 24നായിരുന്നു ദിസനായകെയുടെ ജനനം.
തംബുട്ടെഗാമയിൽനിന്ന് ആദ്യമായി കോളജ് വിദ്യഭ്യാസം നേടിയ വ്യക്തിയാണ്. കെലനിയ സർവകലാശാലയിൽനിന്ന് സയൻസിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1987ൽ മാർക്സിസ്റ്റ് ജനത വിമുക്തി പെരമുനയിൽ (ജെവിപി) അംഗമായി. 1995ൽ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ ഓർഗനൈസറും ജെവിപിയുടെ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗവുമായി.
1998ൽ ജെവിപി പൊളിറ്റ് ബ്യൂറോയിൽ ഇടം നേടിയ ദിസനായകെ 2000ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യമുണ്ടാക്കി കാർഷിക മന്ത്രിയായെങ്കിലും അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2005ൽ മന്ത്രിസ്ഥാനം രാജിവച്ചു. 2014ൽ ജെവിപിയുടെ നേതാവായി. നിലവിൽ കൊളംബോ ജില്ലയിൽ നിന്നുള്ള പാർലമെന്റംഗം.
2014 ല്‍ ജെവിപിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 1970-80 കള്‍ക്കിടെ ജെവിപി ഉള്‍പ്പെട്ട കലാപങ്ങളില്‍ ക്ഷമാപണം നടത്തിയെങ്കിലും പിന്നീടിക്കാലം വരെ, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും പാർട്ടിയുടെ കലാപചരിത്രത്തെക്കുറിച്ച് സംസാരിക്കാന്‍ ദിസനായകെ തയ്യാറായിട്ടില്ല എന്നതാണ് ഈ അധികാരമാറ്റത്തില്‍ മറ്റൊരു വിഷയം.
2019ലാണ് ദിസനായകെ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് വെറും 3 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. കടുത്ത അഴിമതി വിരുദ്ധ നിലപാടു പുലർത്തുന്ന, സംവിധാനങ്ങളുടെ സുതാര്യത ആവശ്യപ്പെടുന്ന നേതാവെന്ന പ്രതീതിയാണ് ദിസനാകെയ്ക്കുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ദിസനായകെ തന്റെ പ്രസംഗങ്ങളിൽ കൂടുതൽ ഊന്നൽ നൽകിയ വിഷയങ്ങൾ ഇവയായിരുന്നു.